അജേഷ് പുതിയാത്ത്

October 09, 2020, 9:18 pm

ബിഹാർ രാഷ്ട്രീയത്തില്‍ ദിശാമാറ്റം: കരുത്തുകാട്ടാൻ ഇടതുപാർട്ടികൾ

Janayugom Online

ബിഹാറിലെ കൂട്ടുകക്ഷി രാഷ്ട്രീയം ഈ തെരഞ്ഞെടുപ്പിൽ സാക്ഷ്യം വഹിക്കുന്നത് നിർണായക മാറ്റത്തിനായിരിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തുണ്ടായിരുന്ന സാഹചര്യത്തിൽനിന്നും വ്യത്യസ്തമായി സംസ്ഥാനത്തെ പ്രധാന പാർട്ടികൾക്ക് ഇടതുപക്ഷ പാർട്ടികളുടെ ശക്തി അംഗീകരിക്കേണ്ടി വന്നുവെന്നതാണ് സവിശേഷത.

ജാതി രാഷ്ട്രീയം തന്നെയാണ് നിലവിലുള്ളതെങ്കിലും അയൽ സംസ്ഥാനമായ ഉത്തർപ്രദേശിലെ പോലെ പാർട്ടികളുടെ വോട്ട് ബാങ്കായി ജാതികള്‍ നിലയുറപ്പിക്കുന്ന സാഹചര്യമല്ല ബിഹാറിലുള്ളത്. രണ്ട് പതിറ്റാണ്ടുകളായി ഒരു പാർട്ടിക്കും തനിച്ച് അധികാരത്തിലെത്താൻ സാധിക്കാത്തതിന് കാരണവും ഇതുതന്നെയാണ്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പാർട്ടികളായ ജെഡിയുവും ആര്‍ജെഡിയും യാദവ‑പിന്നാക്ക വിഭാഗങ്ങളുടെ വോട്ടുബാങ്ക് ഒരേ അളവിലുള്ളവരാണ്. ദളിത് വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന രണ്ട് പാർട്ടികളായ എൽജെപിക്കും ഹിന്ദുസ്ഥാനി അവാം മോർച്ചയ്ക്കും സംസ്ഥാനത്ത് കാര്യമായ വേരോട്ടമുണ്ട്. മുന്നാക്ക ജാതിക്കാരുടെ മാത്രം പാർട്ടിയായി മാറിയ ബിജെപിക്ക് സംസ്ഥാനത്ത് നിതീഷിന്റെ പിന്നിൽ നിൽക്കുകയല്ലാതെ മറ്റ് മാർഗമില്ല. എന്നാൽ ജാതി അധിഷ്ഠിതമായ രാഷ്ട്രീയത്തിൽ നിന്നുമുള്ള വ്യതിയാനമാണ് ഇത്തവണത്തെ ബിഹാർ തെരഞ്ഞെടുപ്പിൽ ദൃശ്യമായിട്ടുള്ളത്. അത് കൂട്ടുകക്ഷി രാഷ്ട്രീയത്തിന്റെ തന്നെ പുരോഗമനപരമായ ഒരു ദിശാചലനമാണെന്ന് വിലയിരുത്തപ്പെടുന്നു.

എൻഡിഎയുടെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ പൊരുതുക ലക്ഷ്യംവച്ച് മഹാസഖ്യത്തിനായി സിപിഐ അടക്കമുള്ള ഇടതുപാർട്ടികൾക്ക് വിട്ടുവീഴ്ച ചെയ്യേണ്ടിവന്നുവെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ജാതിയുടെ മാത്രം പ്രതിനിധികളായുള്ള മുകേഷ് സാഹ്നിയുടെ വികാസ് ശീൽ ഇൻസാൻ പാർട്ടി, ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമതാ പാർട്ടി എന്നിവരെ മുന്നണിയിൽ നിന്ന് മാറ്റിനിർത്തിക്കൊണ്ടാണ് പ്രധാനകക്ഷിയായ രാഷ്ട്രീയ ജനതാദൾ ഇടതുപാർട്ടികളുമായി കൈകോർത്തിട്ടുള്ളത്. 29 സീറ്റുകളാണ് ഇടതുപാർട്ടികൾക്ക് സഖ്യത്തിലൂടെ ലഭിച്ചത്. ഇതിൽ 19 സീറ്റുകളിൽ സിപിഐ എംഎല്ലും ആറ് സീറ്റുകളിൽ സിപിഐയും നാല് സീറ്റുകളിൽ സിപിഐഎമ്മുമാണ് മത്സരിക്കുക. ഇടതുപാർട്ടികൾക്ക് ലഭിച്ചിട്ടുള്ള 29 സീറ്റുകളിൽ നിലവിൽ ആർജെഡി ജയിച്ചിട്ടുള്ള മണ്ഡലങ്ങളും ഉൾപ്പെടുന്നത് ബിഹാർ രാഷ്ട്രീയത്തിന്റെ മാറ്റമായി കരുതാം. കഴിഞ്ഞ തെര‍ഞ്ഞെടുപ്പുകളിൽ സ്വതന്ത്രമായി രംഗത്തിറങ്ങിയ ഇടതുപാർട്ടികൾക്ക് അടിത്തറ കൂടുതൽ കരുത്തുറ്റതാക്കാൻ സാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ യുവജനങ്ങൾക്കിടയിൽ അടുത്തകാലത്തായി ഇടതുപാർട്ടികളുടെ സ്വാധീനം വർധിച്ചിട്ടുണ്ടെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗം വിശ്വജിത് പറഞ്ഞു. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റുമായ കനയ്യകുമാറിന്റെ പ്രവർത്തനം ഇതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. സിപിഐ സ്ഥാനാർത്ഥികളിൽ ബക്രിയിലെ സൂര്യകാന്ത് പാസ്വാൻ, ജാൻജർപൂരിലെ രാംനാരായൺ യാദവ് എന്നിവർ എഐഎസ്എഫ്- എഐവൈഎഫ് പ്രവർത്തനങ്ങളിലൂടെ ഉയർന്നുവന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി, സിപിഐ എംഎൽ സ്ഥാനാർത്ഥികളിൽ ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ ജനറൽ സെക്രട്ടറിയായ സന്ദീപ് സൗരവ് പാലിഗഞ്ച് മണ്ഡലത്തിൽ മത്സരിക്കുന്നുണ്ട്. പാർട്ടിയിലെ മറ്റ് യുവനേതാക്കളായ മനോജ് മഞ്ചിൽ, അജിത് കുശ്വാഹ, അമർജീത് കുശ്വാഹ എന്നിവരും മത്സരരംഗത്തുണ്ട്. അഴിമതി, തൊഴിലില്ലായ്മ, വർധിച്ചുവരുന്ന അസഹിഷ്ണുത എന്നിവയ്ക്കെതിരെ വിദ്യാർത്ഥി, യുവജന സമൂഹത്തിന്റെ ഉയർത്തെഴുന്നേല്പിന് തന്നെയായിരിക്കും ബിഹാർ രാഷ്ട്രീയവും സാക്ഷ്യം വഹിക്കുകയെന്ന് സിപിഐ എംഎൽ ജനറൽ കമ്മിറ്റി അംഗം രവി റായിയും ചൂണ്ടിക്കാട്ടുന്നു.

you may also like this video