Saturday
23 Feb 2019

മാറേണ്ടത് ഇന്നലെവരെ പിന്തുടര്‍ന്നുവന്ന ശീലങ്ങളും രീതികളും

By: Web Desk | Monday 6 August 2018 7:03 PM IST


നന്ദന്‍ വി ബി കൊഞ്ചിറ

”മുമ്പ് തീവണ്ടിയില്‍ ടോയ്ലറ്റിലും ബസ് സ്റ്റാന്‍ഡിലെ കുളിമുറിയുടെ ചുവരിലുമൊക്കെ അശ്ലീലവും വൃത്തികേടുകളും കോറിയിട്ടിരുന്നവര്‍, ആ പണി സോഷ്യല്‍ മീഡിയയിലേക്ക് മാറ്റിയിരിക്കുകയാണ്. അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവന് സൈബറിടം പൊതുകക്കൂസുകളേക്കാള്‍ പ്രിയമായി മാറിയിരിക്കുന്നു.” മൂന്നു വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു കലാകാരന്‍ മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ പൊട്ടിത്തെറിച്ചതിങ്ങനെയാണ്. നിരന്തരം വ്യക്തിപരമായ തേജോവധങ്ങള്‍ക്കും, സ്വഭാവഹത്യകള്‍ക്കും വിധേയനായിക്കൊണ്ടിരിക്കുന്ന ഒരു വ്യക്തിയില്‍ നിന്നും ഉണ്ടായ പ്രതിഷേധ പൊട്ടിത്തെറിയായിരുന്നു ഇത്. വ്യക്തിവൈരാഗ്യം മുതല്‍ വര്‍ഗീയതവരെ പ്രകടിപ്പിക്കാനും പ്രചരിപ്പിക്കാനുമുള്ള സുരക്ഷിതമായ ഒരു ഇടമായി സോഷ്യല്‍ മീഡിയയെ ദുരുപയോഗം ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു. സൈബര്‍ക്കുറ്റവാളികള്‍ എന്ന ഒരു ക്രിമിനല്‍ കൂട്ടംകൂടി ജന്മംകൊണ്ടിരിക്കുന്നു.

‘ദയവായി എന്നെ ജീവിക്കാന്‍ അനുവദിക്കൂ. എനിക്കാരുടേയും സഹായം വേണ്ട, പാത്രം കഴുകിയോ തുണിയലക്കിയോ മീന്‍വിറ്റോ ഞാന്‍ എങ്ങനെയെങ്കിലും ജീവിച്ചോളാം ആരുടെ മുന്നിലും കൈനീട്ടാന്‍ വന്നിട്ടില്ല. ഉള്ളതുകൊണ്ട് ജീവിക്കുന്നു സ്വകാര്യ ദുഃഖങ്ങള്‍ മറക്കാനാണ് ഞാന്‍ എന്നും തിരക്കിലായിരിക്കാന്‍ ശ്രമിക്കുന്നത്.’ നിറഞ്ഞ കണ്ണുകളോടെ കണ്ഠമിടറികൊണ്ട,് പ്രബുദ്ധ കേരള സമൂഹത്തിന് മുന്നില്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഒരു പെണ്‍കുട്ടി വിളിച്ചുപറഞ്ഞത് നമുക്ക് കേള്‍ക്കേണ്ടി വന്നു. സാമൂഹിക ജീവിതത്തില്‍ നവമാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന സുരക്ഷാഭീഷണി അനുഭവിച്ച അവസാനത്തെ ഇരയാണ് ഹനാന ഹമീദ് എന്ന് ഈ പെണ്‍കുട്ടിയെന്നു പറയാനാവില്ല. പ്രശംസകൊണ്ട് മൂടിയ സാമൂഹിക മാധ്യമങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളിലാണ് അവരെ തിരഞ്ഞുപിടിച്ച് ആക്രമിച്ചതെന്ന് ഓര്‍ക്കുമ്പോള്‍ കേരളാ സമൂഹത്തിലെ അംഗം എന്ന നിലയില്‍ എങ്ങനെ ലജ്ജിക്കാതിരിക്കും. പ്രതിസന്ധികളെ അതിജീവിക്കാന്‍ കെല്‍പ്പുള്ള പെണ്‍കുട്ടിയാണ് ഹനാന്‍. ഒറ്റദിവസം കൊണ്ട് മാലാഖയാക്കി പൂമാലയിട്ട് വാഴിച്ച ദിവസം തന്നെ പിശാചുമാക്കി കല്ലെറിഞ്ഞപ്പോള്‍ ആകെ തകര്‍ന്നുപോയി. കണ്ണീരൊഴുക്കിയ പെണ്‍കൊടിക്ക് കൈതാങ്ങുനല്‍കി ചേര്‍ത്ത് നിര്‍ത്തിയ ഇടതുപക്ഷ സര്‍ക്കാര്‍, ഒരുഭരണകൂട കടമ നിര്‍വഹിച്ചു. അതുകൊണ്ടുതന്നെയാണ് ‘ എന്റെ നേര്‍ക്ക് ഒരുകല്ലുപോലും വലിച്ചെറിയാന്‍ ഇനിയാര്‍ക്കും കഴിയില്ല. എന്റെ നെറ്റിക്ക് നേരെ തീയുണ്ടപായിക്കാനും ആര്‍ക്കും സാധ്യമല്ല ഞാന്‍ സുരക്ഷിതയാണ്’. എന്നു പറയാന്‍ അവള്‍ക്കായതും.

ഏറ്റവും കൂടുതല്‍ പേര്‍ നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന രാജ്യം ഇന്ത്യയാണെന്ന് കണക്ക്. 20 കോടിപേര്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നു എന്നാണ് ഫെയ്‌സ്ബുക്ക് അധികൃതര്‍ അവകാശപ്പെടുന്നത്. എന്നാല്‍ അത് അത്ര ശരിയാകണമെന്നില്ല. ഇതില്‍ പകുതിയും ഫെയ്ക്ക്് ഐഡിയായിരിക്കാനാണ് സാധ്യത. ഇതിനൊപ്പം തന്നെ സൈബര്‍ക്കുറ്റങ്ങള്‍ കൂടി വരുന്നതായാണ് മറ്റൊരു കണക്ക് കാണിക്കുന്നത്. 2013 ല്‍ 148 കേസുകളായിരുന്നത് 2014 ല്‍ 195, 2015 ല്‍ 266, 2016 ല്‍ 400, 2017ല്‍ 475 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഈവര്‍ഷം ഇതുവരെയായപ്പോള്‍തന്നെ അഞ്ഞൂറോളം കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് അറിയുന്നത്. ഇരുതല മൂര്‍ച്ചയുള്ളതാണ് സാമൂഹ്യമാധ്യമങ്ങള്‍. അത് സൈബര്‍ പോരാളികള്‍ക്ക് നന്നായറിയുകയും ചെയ്യാം. സൈബര്‍ ആക്രമണങ്ങളും സദാചാരസംഘങ്ങളും വര്‍ധിച്ചുവരുന്ന ഈ കാലത്ത് പിടിച്ചു നില്‍ക്കുന്നവരും അവരോട് അതിശയോക്തിയോടെ പോരാടുന്നവരും വളരെ കുറവാണ്. സാധാരണക്കാര്‍ മാത്രമല്ല സിനിമാക്കാരും രാഷ്ട്രീയനേതാക്കളും സമൂഹത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവരും സൈബര്‍ ആക്രമണത്തിന് ഇരകളാകുന്നുണ്ട്. തന്റെ സ്വപ്‌നമായ ആദ്യ സിനിമയെ സൈബര്‍പോരാളികള്‍ കൊന്നു കുഴിച്ചുമൂടിയെന്ന് കേരളത്തിലെ ഒരു വനിതസംവിധായിക പരിദേവനപ്പെട്ടത് ഈ അടുത്തകാലത്താണ്. യോഗചെയ്യുന്നതിന്റെ ചിത്രത്തിനെ അസഹിഷ്ണുതയോടെ കണ്ട ഒരു സമുദായത്തിലെ സൈബര്‍പോരാളികള്‍ ഒരു പ്രശസ്ത വനിതയ്‌ക്കെതിരെ അഴിച്ചുവിട്ട മോശം പദപ്രയോഗങ്ങള്‍ സമൂഹത്തിന്റെ മര്യാദകള്‍ ലംഘിക്കുന്നതായിരുന്നു. ഹനാനെതിരെയും വസ്ത്രധാരണത്തെ വിമര്‍ശിച്ചുകൊണ്ട് പോസ്റ്റുകള്‍ വന്നിരുന്നു. ചിലരുടെ ജീവിതം തന്നെ ഇല്ലാതാക്കുന്ന തരത്തിലാണ് സാമൂഹികമാധ്യമങ്ങളിലെ ആക്രമണങ്ങള്‍.
സിനിമക്കാരും ചില രാഷ്ട്രീയകാരും സൈബര്‍ക്കുറ്റവാളികള്‍ക്ക് പ്രചോദനമാകുന്നുണ്ടോ? എന്ന ചോദ്യം ഇന്ന് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. സിനിമ വെറുമൊരു വിനോദകലയാണ് സിനിമകണ്ട് ആരും കുറ്റവാളികളാകുന്നില്ല ആവുകയുമില്ല എന്നാണ് പണ്ടുമുതലേ സിനിമാക്കാര്‍ വാദിക്കുന്നത്. ഇതിനെ അപ്പടിയങ്ങ് അംഗീകരിക്കാന്‍ സാധിക്കില്ല. സിനിമയിലെ ചിലര്‍ക്ക് വേണ്ടിയാണ് ഏറ്റവുമധികം സൈബര്‍ പോരാളികള്‍ ഉള്ളതെന്ന് ആനുകാലിക സംഭവങ്ങള്‍ ചൂണ്ടികാട്ടുന്നു. തനിക്ക് ചെയ്യാനാകാത്തത്, എന്നാല്‍ ചെയ്യണമെന്നാഗ്രഹിക്കുന്നത് സിനിമയുടെ വെള്ളിത്തിരയില്‍ നായകന്മാര്‍ ചെയ്യുന്നത് കാണുമ്പോഴാണ് യുവാക്കള്‍ക്ക് അവരോട് ആരാധനതോന്നുന്നത്. ഈ ആരാധകരാണ് പിന്നീട് അമിതമായ താരാരാധകരായ ഫാന്‍സുകാരായി മാറുന്നത്. നായകന്‍ പറയുന്ന ചില സംഭാഷണങ്ങള്‍ തനിക്ക് പറയാന്‍ കഴിയാത്തതുകൊണ്ട് അവര്‍ തിയേറ്ററിലിരുന്ന് കയ്യടിക്കുന്നു. എന്നാല്‍ നായകന്‍ പറയുന്നനതിനെക്കാള്‍ കടുത്തവാക്കുകള്‍ സമൂഹിക മാധ്യമങ്ങളിലൂടെ പറയാന്‍ അവസരം ലഭിച്ചപ്പോള്‍ ആ സ്വാതന്ത്ര്യത്തെ ഭൂരിപക്ഷം പേരും ദുരുപയോഗപ്പെടുത്തി. ഫാന്‍സ് അസോസിയേഷനുകള്‍ സോഷ്യല്‍ മീഡിയയിലൂടെ ചില സിനിമകള്‍ക്കെതിരായി പ്രചാരണം നടത്തുന്നു എന്ന ആരോപണം ഉയരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇപ്പോഴിതാ നടന്‍ ഇന്ദ്രന്‍സ് അക്കാര്യംതന്നെ പറഞ്ഞിരിക്കുന്നു. വലിയ നടന്മാരുടെ പേരിലുള്ള ഫാന്‍സുകാര്‍ പലപ്പോഴും ഗൂണ്ടാസംഘങ്ങളെപോലെയാണ്് പ്രവര്‍ത്തിക്കുന്നത്. തിയേറ്ററില്‍ അവര്‍ ചില സിനിമകളെ കൂവിതോല്‍പ്പിക്കുന്നു, സോഷ്യല്‍ മീഡിയകള്‍ വഴി എഴുതി തോല്‍പ്പിക്കുന്നു. ഇതുശരിയല്ല. ഈ ഫാന്‍സുകാരോട് പോയി പണിയെടുക്കാനും പഠിക്കാനും നടന്മാര്‍ പറയണം. സ്വതസിദ്ധമായ ശൈലിയില്‍ വളരെ എളിമയോടെയാണ് അദ്ദേഹം അതു പറഞ്ഞത്. ഇക്കാര്യം തന്നെ ഇന്ദ്രന്‍സിനുമുന്‍പേ നിരവധിപേര്‍ പറഞ്ഞിട്ടുള്ളതാണ്. സ്വന്തം കട്ടൗട്ടുകള്‍ക്ക് മേല്‍ പാലഭിഷേകം ചെയ്തവര്‍, ചിലനടിമാര്‍ക്ക് എതിരെയും സിനിമകണ്ട് സ്വതന്ത്രാഭിപ്രായം കുറിച്ചവരെയും തെറിയഭിഷേകം ചെയ്തപ്പോള്‍ സമൂഹം കേമത്വംനല്‍കി ആദരിച്ചിട്ടുള്ള നടന്മാര്‍ പ്രതികരിക്കുകയോ അത്തരം പ്രവര്‍ത്തികള്‍ ചെയ്യരുതെന്ന് സ്വന്തം ഫാന്‍സുകാരെ വിലക്കുകയോ ചെയ്തിട്ടില്ല. ഫാന്‍സുകാരുടെ കോപ്രായങ്ങളും സൈബര്‍ ആക്രമങ്ങളും ഇനിയും ഉത്തരോത്തരം കൂടണമെന്നാണ് നടന്മാര്‍ ആഗ്രഹിക്കുന്നതെന്നുവേണം കരുതാന്‍. എന്നാല്‍ മാത്രമേ തന്റെ റേറ്റ് കൂട്ടികൊണ്ടിരിക്കാന്‍ കഴിയൂ. തീര്‍ച്ചയായും നമ്മള്‍ ഉയര്‍ത്തികൊണ്ട് നടക്കുന്ന നടന്മാര്‍ ഇക്കാര്യത്തില്‍ ഒരുതരം ഒളിച്ചുകളിയാണ് നടത്തുന്നത്. തങ്ങള്‍ പറഞ്ഞിട്ടോ അറിവോടെയോ അല്ല ഇതൊക്കെ ചെയ്യുന്നത് എന്നാണ് അവരുടെ ഒഴികഴിവ് ന്യയവാദം. സത്യത്തില്‍ നമ്മള്‍ ഒന്നു ചിന്തിക്കേണ്ടതല്ലേ. നമ്മള്‍ ഉയര്‍ത്തിക്കൊണ്ട് നടക്കുന്ന നടന്മാര്‍ക്ക് അതിനുള്ള യോഗ്യതയെന്താണ്. ചിലസിനിമകളില്‍ അഭിനയിച്ചു, അതില്‍ ചിലതെല്ലാം ആള്‍ക്കാര്‍ പോയി കാശുകൊടുത്ത് കണ്ടതുകൊണ്ട് വിജയിച്ചു. ഒരു മികച്ച തിരക്കഥാകൃത്തും കഴിവുള്ള ഒരു സംവിധായകനും ഉള്ളതുകൊണ്ടാണ് നായകന്മാര്‍ ഉണ്ടാകുന്നത്. ഒരോസിനിമ നമ്മള്‍ കാണുമ്പോഴും അവര്‍ റേറ്റ്കൂട്ടി കോടികള്‍ സമ്പാദിച്ചു. അതില്‍ കുറച്ച് നക്കാപിച്ചാനല്‍കി ഫാന്‍സുകാരെ സൃഷ്ടിച്ചു. അവര്‍ ചാവേറുകളായി പൊതുനിരത്തുകളില്‍ കോപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കയറി ഇരുന്ന് തെറിവിളിക്കുകയും ചെയ്തുപോരുന്നു. നടിമാരെയും വീട്ടമ്മമാരെയും കുട്ടികളെയും സാമൂഹ്യപ്രവര്‍ത്തകരെയും വ്യക്തിഹത്യ ചെയ്യുന്ന നാടിനും വീട്ടിനും കൊള്ളാത്തവര്‍ സാമൂഹിക മലിനീകരണം സൃഷ്ടിക്കുന്നത് കണ്ടിട്ടും തിരിച്ചറിയാതെ ഭരണകൂടം പോലും ഫാന്‍സെന്ന് തെറ്റിധരിക്കുന്നു. ഫാന്‍സുകാര്‍ വലിക്കുന്ന മാലിന്യ രഥത്തില്‍ മീശപിരിച്ച് വളിച്ചചിരിയുമായി ഞെളിഞ്ഞുനില്‍ക്കുന്ന നടന്മാരെ നമ്മള്‍ ഉന്നതപീഠങ്ങളില്‍ വിളിച്ചിരുത്തുന്നു. ഒരു പൗരന്റെ അടിസ്ഥാന കടമയായ സമ്മതിദാനാവകാശംപോലും വിനിയോഗിക്കാന്‍ സമയം കണ്ടെത്താത്തവരാണിവര്‍ എന്നതെങ്കിലും നമ്മള്‍ മനസ്സിലാക്കിയേതീരൂ. ഫാന്‍സെന്ന മുഖംമൂടിയണിഞ്ഞ സൈബര്‍ ക്രിമിനലുകളെ തിരിച്ചറിയുകയും മാതൃകാപരമായി ശിക്ഷിക്കുകയും വേണം.
ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടിയും സൈബര്‍പോരാളികള്‍ സജീവമാണെന്നതെന്ന് കാണാതിരിക്കാനാവില്ല. രാഷ്ട്രീയ നേതാക്കള്‍ സൈബര്‍ പോരാളികള്‍ക്കെതിരെ ശക്തമായി നടപടിവേണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുന്നുണ്ടല്ലോ അപ്പോള്‍ പിന്നെ രാഷ്ട്രീയനേതാക്കള്‍ എങ്ങനെ സൈബര്‍കുറ്റവാളികള്‍ക്ക് പ്രചോദനമാകും എന്നാണ് ചിലര്‍ ചോദിക്കുന്നത്. ഏതെങ്കിലുമൊരു രാഷ്ട്രീയ വിഷയങ്ങളിന്മേല്‍ സ്വതന്ത്ര അഭിപ്രായം പറഞ്ഞാല്‍ അതില്‍ ഏതെങ്കിലുമൊരു നേതാവിനെക്കുറിച്ച് പരാമര്‍ശം വന്നാല്‍, അത് അനുകൂലമല്ലെങ്കില്‍ ഉടനെ ചാടി വീഴുകയാണ് ഇത്തരം സൈബര്‍ പോരാളികള്‍. ഇവരെപേടിച്ച് പലരുമിപ്പോള്‍ സോഷ്യമീഡിയ തുറക്കാറില്ല. പൊതുസ്ഥലങ്ങളിലെ പൊതുയോഗങ്ങളില്‍ രാഷ്ട്രീയക്കാര്‍ മൈക്കും വച്ചുകെട്ടി എതിര്‍പാര്‍ട്ടിക്കെതിരെയും പ്രതിപക്ഷ പാര്‍ട്ടിയാണെങ്കില്‍ പോലീസിനെതിരെയും ഭരണകക്ഷിക്കെതിരെയും വിളിച്ചുപറയുന്ന വാക്കുകള്‍ കേട്ട് സാധാരണജനം എത്ര തവണയാണ് ചെവിപൊത്തിയിട്ടുള്ളത്. എഴുപതുകളിലാണ് കേരളത്തില്‍ ഇത് തിമിര്‍ത്താടിയത്. സ്റ്റേജുണ്ടാക്കി മൈക്ക്‌കെട്ടിപറയാന്‍ അവസരമില്ലാത്തവന്‍ തന്റെ കൈവെള്ളയില്‍ കിട്ടിയ സൈബര്‍ലോകത്തെ ഉപയോഗിച്ചു. ഇതില്‍ ചിലരെ തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്‍കി സൈബര്‍പോരാളികളെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. ഇവിടെ മാറേണ്ടത് ഇതാണ്. ഇന്നലെവരെ പിന്തുടര്‍ന്നുവന്ന ശീലങ്ങളും രീതികളുമാണ്.

ജനകീയ ബദലെന്ന് വാഴ്ത്തപ്പെടുന്ന സാമൂഹ്യമാധ്യമങ്ങള്‍ ചിലപ്പോഴെങ്കിലും അത്യന്തം പ്രതിലോമകരമായി മാറുന്ന കാഴ്ചയാണ് സമീപകാലത്ത് ദൃശ്യമാകുന്നത്. കേരളസമൂഹം ഇപ്പോള്‍ ഇതിനെതിരെ ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. ഇതേസമയം സോഷ്യല്‍ മീഡിയകളെ നിരീക്ഷിക്കേണ്ടതില്ലെന്ന്് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടും പുറത്തു വന്നിരിക്കുന്നു. ഇത് ഇന്ത്യന്‍ സമൂഹത്തിലുണ്ടാക്കാന്‍പോകുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കും. ഇപ്പോള്‍ തന്നെ ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ കൂടികൊണ്ടിരിക്കുകയാണ്. 23 ലധികംപേര്‍ സോഷ്യല്‍മീഡിയയിലൂടെയും അല്ലാതെയുമുള്ള പ്രചരണത്തിന്റെ ഫലമായി കൊല്ലപ്പെട്ടുകഴിഞ്ഞു. ഒരു മികച്ച സാമൂഹിക താളക്രമം നിലനില്‍ക്കണമെങ്കില്‍ സൈബര്‍ ഇടങ്ങളിലെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നിയമനടപടികള്‍ കര്‍ശനമാക്കുകയാണ് വേണ്ടത്. സമൂഹമാധ്യമങ്ങളില്‍ പാലിക്കേണ്ട അച്ചടക്കത്തിന് പുറമെ അധികൃതരും പോലീസും സര്‍ക്കാരും ചേര്‍ന്ന് അച്ചടക്കത്തിന് മാര്‍ഗരേഖ തയാറാക്കുകയും അത് നടപ്പിലാക്കാന്‍ സൈബര്‍ സെല്ലിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുകയും വേണം. സമൂഹമാധ്യമങ്ങളിലൂടെ ഒട്ടേറെപേര്‍ക്ക് തോരാകണ്ണീര്‍ നല്‍കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ ആക്രമണവും പുറത്ത് നിന്നുള്ള ഇടപെടലുകളും ഇനിയെങ്കിലും ഉണ്ടാവാതിരിക്കാന്‍ കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന പോലീസ് നടപടി പ്രയോജനകരമാകുമെന്നാണ് കരുതുന്നത്. സംസ്ഥാന പൊലീസിന്റെ സൈബര്‍സെല്‍ വിപുലീകരിക്കുന്നതിനൊപ്പം സൈബര്‍ഗൂണ്ടായിസം നേരിടാന്‍ പ്രത്യേക സെല്‍ രൂപീകരിക്കാനും ശ്രമമുണ്ടെന്നാണ് ഇപ്പോള്‍ അറിയുന്നത്. നിയമങ്ങള്‍ ഉണ്ടായാല്‍പോര അത് ആര്‍ജവത്തോടെ നടപ്പിലാക്കാനുമാകണം. മാതൃകയാകുന്ന തരത്തില്‍ ഒരുകൂട്ടം സൈബര്‍ക്രിമിനലുകള്‍ക്ക് ശിക്ഷ ഉറപ്പാക്കണം. അതിലൂടെ മാത്രമേ വളര്‍ന്നു വരുന്ന ഒരു കുറ്റവാളി സംഘത്തെ നിയന്ത്രിക്കാനാകും. അങ്ങനെ ഒരിക്കല്‍ കൂടി കേരളത്തിന് മാതൃകയാകാം.