Tuesday
26 Mar 2019

പ്രകൃതി ദുരിതാശ്വാസ മാനദണ്ഡങ്ങളിൽ സമൂല മാറ്റം വരുത്തണം: ബിനോയ് വിശ്വം

By: Web Desk | Monday 13 August 2018 6:26 PM IST


binoy viswam janayugom
കൊച്ചി: പ്രകൃതി ദുരിതാശ്വാസ മാനദണ്ഡങ്ങളിൽ സമൂല മാറ്റം വരുത്തണമെന്ന് സിപിഐ ദേശീയ കൗൺസിൽ സെക്രട്ടറി ബിനോയ് വിശ്വം എം പി ആവശ്യപ്പെട്ടു. ഇതു് കാലങ്ങളായുള്ള കേരളത്തിന്റെ ആവശ്യമാണ്. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനോടും ബിനോയ് ഈ ആവശ്യമുന്നയിച്ചു.
കേരളം പോലുള്ള സംസ്ഥാനങ്ങളുടെ പ്രത്യേകതകളെ തരിമ്പും പരിഗണിക്കാത്ത ദേശീയ മാനദണ്ഡ പ്രകാരമാണ് കേന്ദ്രം ഇന്ന് നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. അത് യഥാർത്ഥ നഷ്ടത്തിന്റെ പത്തിലൊന്നു പോലും വരുന്നതല്ല. രാജ്യത്തിനു വിദേശനാണ്യം നേടിത്തരുന്ന കേരളത്തിന്റെ കാർഷിക മേഖല അടിക്കടിയുണ്ടായ പ്രളയത്തിൽ തകർന്നടിഞ്ഞിരിക്കയാണ്. റോഡുകളും പാലങ്ങളും തകർന്നു കിടക്കുന്നു.
പതിനായിരക്കണക്കിനു വീടുകൾ വാസയോഗ്യമല്ലാതായിക്കഴിഞ്ഞു. നിലവിലുള്ള മാനദണ്ഡപ്രകാരമാണ് കേന്ദ്രം നഷ്ടപരിഹാരം നിർണയിക്കുന്നതെങ്കിൽ, അത് നഷ്ടത്തിനുള്ള പരിഹാരമാകില്ല; പേരിനു വേണ്ടിയുള്ള കൺകെട്ടു മാത്രമായിരിക്കും.
ദുരിതാശ്വാസ മാനദണ്ഡങ്ങളിൽ യാഥാർത്ഥ്യബോധമുള്ള മാറ്റം വരുത്താൻ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒന്നിച്ചു നിൽക്കണമെന്ന് ബിനോയ് വിശ്വം അഭ്യർത്ഥിച്ചു.
Related News