ക്രിമിനൽ കേസുകളിൽ വിചാരണ നടക്കുന്നതിനിടെ ബന്ധപ്പെട്ട വിഷയങ്ങളിൽ ടിവി ചാനലുകളിലെ ചർച്ചകളും സംവാദങ്ങളും ‘നീതി നിർവഹണത്തിലെ നേരിട്ടുള്ള ഇടപെടലിന്’ തുല്യമാണെന്ന് സുപ്രീം കോടതി.
‘കുറ്റവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒരു പ്രത്യേക കാര്യം നിർണായകമായ തെളിവാണോ എന്നതും കോടതിയാണ് കൈകാര്യം ചെയ്യേണ്ടത് വാർത്താ ചാനലിലൂടെയല്ല’ ‑ജസ്റ്റിസുമാരായ യു യു ലളിത്, പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
കുറ്റകൃത്യത്തിലേക്ക് നയിച്ച സാഹചര്യങ്ങളുടെ ശൃംഖല സ്ഥാപിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിനാൽ കൊലപാതക കേസിലെ പ്രതികളായ നാലുപേരെ വെറുതെവിട്ട വിധിയിലാണ് ബെഞ്ചിന്റെ നിരീക്ഷണങ്ങളെന്ന് ബാർ ആന്റ് ബെഞ്ച് റിപ്പോർട്ട് ചെയ്തു.
1999 ഒക്ടോബർ 28ന് ബംഗളൂരുവിൽ വയോധികയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്നതാണ് കേസ്. കേസിൽ അന്വേഷണ ഉദ്യോഗസ്ഥനോട് കുറ്റസമ്മതം നടത്തിയ വീഡിയോയുടെ അടിസ്ഥാനത്തിലാണ് വിചാരണ കോടതി വിധി പുറപ്പെടുവിച്ചത്.
എന്നാല്‍ കന്നഡ ചാനലായ ഉദയ ടിവിയിലെ ഒരു പരിപാടിക്കിടെ ഇതേ ഡിവിഡി പ്ലേ ചെയ്തതായും കോടതി കണ്ടെത്തി. ഡിവിഡി ഒരു സ്വകാര്യ ടിവി ചാനലിന്റെ കൈകളിലേക്ക് പോകാനും അത് പ്രസിദ്ധീകരിക്കാനും അനുവദിച്ചത് ചുമതലയില്ലായ്മയും നീതിന്യായ വ്യവസ്ഥയിൽ നേരിട്ടുള്ള ഇടപെടലുമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
English Summary: Channel discussions during the trial will interfere with the administration of justice: the Supreme Court
You may like this video also