24 April 2024, Wednesday

Related news

April 24, 2024
April 23, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 20, 2024

പഞ്ചാബില്‍ വാക്പോര് മുറുകി; കെജ്രിവാളിനെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതി ചന്നി

Janayugom Webdesk
അമൃത്‌സര്‍
February 18, 2022 8:46 pm

തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പഞ്ചാബില്‍ വാക്പോര് ശക്തമാക്കി രാഷ്ട്രീയനേതാക്കള്‍. ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ്ങും സുഖ്ബിര്‍ സിങ് ബാദലും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നവ്ജോത് സിങ് സിദ്ദു വിമര്‍ശിച്ചു. ഇവരില്‍ ആരെയങ്കിലും തെരഞ്ഞെടുക്കുന്നത് പിന്നോട്ടുള്ള ചുവടുവയ്പ്പാകുമെന്നും സിദ്ദു പറഞ്ഞു. മാറ്റം വരണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് മുന്നിലിരിക്കുന്ന ഈ മനുഷ്യനെ (സിദ്ദുവിനെ) തെരഞ്ഞെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടെ, യുപി, ബിഹാര്‍, ഡല്‍ഹി ഭയ്യമാരെ പഞ്ചാബില്‍ കടക്കാന്‍ അനുവദിക്കരുത് എന്ന പരാമര്‍ശം വിവാദമായതിനെത്തുടര്‍ന്ന് പ്രതിരോധത്തിലായ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിനെതിരെ പുതിയ പോര്‍മുഖം തുറന്ന് രംഗത്തെത്തി. കെജ്‌രിവാളിനെതിരെ പാര്‍ട്ടിയിലെ മുന്‍ സഹപ്രവര്‍ത്തകനായ കുമാര്‍ വിശ്വാസിന്റെ പരാമര്‍ശങ്ങളുടെ പിന്‍ബലത്തിലാണ് ചന്നിയുടെ ആക്രമണം. 

അധികാരമോഹിയാണ് കെജ്‌രിവാള്‍ എന്നും പഞ്ചാബിന്റെ മുഖ്യമന്ത്രിയോ ഖലിസ്ഥാന്റെ പ്രധാനമന്ത്രിയോ ആകണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു എന്നുമായിരുന്നു കുമാര്‍ വിശ്വാസിന്റെ ആരോപണം. രാജ്യത്ത് വിഭജനത്തിന് ആഗ്രഹിച്ചുവെന്ന ആരോപണത്തെക്കുറിച്ച് പ്രധാനമന്ത്രി അന്വേഷിക്കണമെന്നാണ് ചന്നി ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് റാലിയില്‍ യുപി, ബിഹാര്‍, ഡല്‍ഹി ഭയ്യാ എന്ന പരാമര്‍ശത്തിലൂടെ താന്‍ ഉദ്ദേശിച്ചത് ആം ആദ്മിയുടെയും ബിജെപിയുടെയും നേതാക്കളെ മാത്രമായിരുന്നുവെന്ന് ചന്നി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കെജ്‌രിവാളിനെതിരെയുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്നും കലാപമുണ്ടാക്കാനുള്ള ശ്രമമാണെന്നും ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ മറുപടി നല്‍കി.

അതിനിടെ, ചന്നിയുടെ യുപി ഭയ്യ പരാമര്‍ശത്തിനെതിരെ മനീഷ് തിവാരിയുടെ പരസ്യവിമര്‍ശനം കോണ്‍ഗ്രസിലെ ചേരിതിരിവിന് സാക്ഷ്യപത്രമായി. രാജ്യത്ത് എവിടെയും താമസിക്കാനും ജോലി ചെയ്യാനുമുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ലോക്‌സഭാംഗവുമായ മനീഷ് തിവാരി ചൂണ്ടിക്കാട്ടി. ഇടുങ്ങിയ ചിന്താഗതികളില്‍ നിന്ന് നാം പുറത്തുകടക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരസ്യപ്രചാരണം ഇന്നലെ സമാപിച്ചിട്ടുണ്ട്. നാളെ പഞ്ചാബ് നിര്‍ണായകമായ വിധിയെഴുത്തിലേക്ക് കടക്കും. 

Eng­lish Sum­ma­ry: Chan­ni wrote a let­ter to the Prime Min­is­ter against Kejriwal
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.