29 March 2024, Friday

Related news

November 18, 2023
July 7, 2022
July 7, 2022
September 21, 2021
September 20, 2021
September 19, 2021
September 18, 2021

ചരണ്‍ജിത് സിങ് ചന്നി മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തു: ചടങ്ങില്‍ ഒപ്പം നിന്ന് സിദ്ദു, ഒഴിഞ്ഞുമാറി ക്യാപ്റ്റന്‍

Janayugom Webdesk
ചണ്ഡീഗഡ്
September 20, 2021 12:02 pm

പഞ്ചാബിലെ 16-ാമത് മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് എംഎല്‍എ ചരണ്‍ജിത് സിങ് ചന്നി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. രാവിലെ 11ന്‌ രാജ്ഭവനിൽ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഭന്‍വാരിലാല്‍ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു. സുഖ്ജീന്ദര്‍ സിങ് രണ്‍ധാവ, ബ്രഹം മൊഹീന്ദ്ര എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായി ചുമതലയേറ്റു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡന്റ് നവ്ജോത് സിങ് സിദ്ദു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. അതേസമയം ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ചടങ്ങില്‍ പങ്കെടുത്തില്ല.

 

ശനിയാഴ്ച അമരീന്ദര്‍ സിങ് രാജിവെച്ചതിനുപിന്നാലെ ഞായറാഴ്ചയാണ് ചന്നുവിനെ മുഖ്യമന്ത്രിയായി എതിര്‍പ്പുകളേതുമില്ലാതെ തിരഞ്ഞെടുത്തത്.
പഞ്ചാബിന്റെ ആദ്യ ദളിത് സിഖ് മുഖ്യമന്ത്രിയാണ് ചന്നു. ചണ്ഡീഗഢിലും ഡൽഹിയിലും രാത്രിയും പകലും നീണ്ട ചർച്ചകൾക്കൊടുവിലാണ്‌ ചരണ്‍ജിതിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. ഹൈക്കമാൻഡ്‌ തീരുമാനം വന്നതിന്‌ പിന്നാലെ ഇന്നലെ ചന്നി ഗവർണറെ കണ്ട്‌ സർക്കാർ രൂപീകരണത്തിന്‌ അവകാശമുന്നയിച്ചിരുന്നു. നിയമസഭയിൽ ചാംകൗർസാഹിബ്‌ മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന ചന്നി അമരീന്ദർ മന്ത്രിസഭയിൽ ടൂറിസം-സാങ്കേതിക വിദ്യാഭ്യാസ വകുപ്പുകളാണ്‌ കൈകാര്യം ചെയ്‌തിരുന്നത്‌. പിസിസി പ്രസിഡന്റ്‌ നവ്‌ജ്യോത്‌ സിങ്‌ സിദ്ദുവിനൊപ്പം ചേർന്ന്‌ അമരീന്ദറിനെ പുറത്താക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ചരണ്‍ജിത് സിങ് ചന്നി മുഖ്യമന്ത്രിയാകുന്നതോടെ 35 ശതമാനത്തോളം വരുന്ന ദളിത് വോട്ടുകള്‍ അനുകൂലമാകുമെന്നാണ്‌ കോൺഗ്രസിന്റെ കണക്കുകൂട്ടൽ.

 


ഇതൂകൂടി വായിക്കൂ: രാജസ്ഥാനിലും, ഛത്തീസ്ഖഡ്ഡിലും വിമതര്‍ രംഗത്ത്; അമരീന്ദര്‍സിംഗിന്റെ രാജിക്ക് പിന്നില്‍ ഹൈക്കമാന്‍ഡ്, 23ജി നേതാക്കള്‍ക്കുള്ള മുന്നറിയിപ്പ്


 

അടുത്ത വർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ നാലു മാസം കാലാവധിയാണ്‌ ചന്നിക്ക്‌ ലഭിക്കുക. മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ പിസിസി പ്രസിഡന്റുമായ സുനിൽ ഝക്കറുടെ പേരാണ്‌ മുഖ്യമന്ത്രിസ്ഥാനത്തേക്ക്‌ ആദ്യം പരിഗണിച്ചത്‌. എന്നാൽ, ഹിന്ദു ജാട്ട്‌ വിഭാഗക്കാരനായ ഝക്കർ മുഖ്യമന്ത്രിയാകുന്നതിനോട്‌ അംബികാ സോണി അടക്കമുള്ള എംപിമാർ വിയോജിച്ചു. നിരവധി എംഎൽഎമാരും എതിർപ്പുമായെത്തി. മുഖ്യമന്ത്രിയായി സുഖ്‌ജിന്ദർ സിങ്‌ രൻധാവയെ പരിഗണിച്ചെങ്കിലും പിന്നീട്‌ തീരുമാനം മാറ്റുകയായിരുന്നു. വീണ്ടും തമ്മിലടിയിലേക്ക്‌ കാര്യങ്ങൾ നീങ്ങിയതോടെ ഒത്തുതീർപ്പ്‌ സ്ഥാനാർഥിയായി ചന്നിയുടെ പേര്‌ നിർദേശിക്കപ്പെടുകയായിരുന്നു.

Eng­lish Sum­ma­ry: Cha­ran­jit Singh Chan­ni takes over as Chief Minister

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.