വടക്കു കിഴക്കന്‍ ഡല്‍ഹി കലാപ കേസില്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തില്‍ മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥിയായ ഉമര്‍ ഖാലിദിനും ജെഎന്‍യു വിദ്യാര്‍ത്ഥിയായ ഷര്‍ജീല്‍ ഇമാമിനുമെതിരെ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച് ഡല്‍ഹി പൊലീസ്. ഞായറാഴ്ചയാണ് പൊലീസ് 930 പേജുകളുള്ള കുറ്റപത്രം അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്തിന് മുമ്പാകെ സമര്‍പ്പിച്ചത്. ഫൈസാന്‍ ഖാന് എന്നയാളുടെ പേരും കുറ്റപത്രത്തിലുണ്ട്. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുക, ക്രിമിനല്‍ ഗൂഢാലോചന, മതം, ജാതി, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ശത്രുത വളര്‍ത്തുക തുടങ്ങി ഐപിസിയിലെ വിവിധ കുറ്റങ്ങളാണ് മൂവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
വധശിക്ഷ വരെ ലഭിക്കാനുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, തീവ്രവാദ നിയമം, തീവ്രവാദത്തിനു വേണ്ടി പണം കണ്ടെത്തല്‍ ഗൂഢാലോചന തുടങ്ങി യുഎപിഎയിലെ വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കൂടാതെ പൊതുസ്വത്തുക്കള്‍ നശിപ്പിക്കുന്നത് തടയല്‍ നിയമപ്രകാരം നിരവധി കുറ്റങ്ങളും മൂവര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ടെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഫൈസാൻ ഖാന് നേരത്തെ ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. സെപ്റ്റംബറിലാണ് കേസില്‍ ഡല്‍ഹി പൊലീസ് പ്രധാന കുറ്റപത്രം സമര്‍പ്പിച്ചത്. പിഞ്ജ്രാതോഡ് അംഗങ്ങളും ജെഎന്‍യു വിദ്യാര്‍ത്ഥികളുമായ ദേവാംഗന കലിത, നടാഷ നര്‍വാള്‍, ജാമിയ മിലിയ വിദ്യാര്‍ത്ഥിയായ ആസിഫ് ഇഖ്ബാല്‍ തന്‍ഹ, വിദ്യാര്‍ത്ഥി നേതാവ് ഗുല്‍ഫിഷ ഫാത്തിമ എന്നിവര്‍ക്കെതിരെയായിരുന്നു കുറ്റപത്രം.