ഡൽഹി വർഗീയ ലഹളയിൽ കുറ്റപത്രം; കലാപകാരികൾ പ്രതികളല്ല

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി

Posted on September 16, 2020, 10:27 pm

അമ്പതിലേറെപ്പേർ കൊല്ലപ്പെട്ട ഡൽഹി കലാപക്കേസിൽ സിഎഎ വിരുദ്ധ സമരക്കാരെ മാത്രം പ്രതികളാക്കി കുറ്റപത്രം. ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന വംശഹത്യയുമായി ബന്ധപ്പെട്ട് 15 പേരെ പ്രതികളാക്കിയാണ് ഗൂഢാലോചനക്കേസിൽ ഡല്‍ഹി പൊലീസിന്റെ പ്രത്യേക സെൽ കുറ്റപത്രം സമര്‍പ്പിച്ചത്. കലാപം ആസൂത്രണം ചെയ്യുകയും ആക്രമണങ്ങൾക്ക് നേതൃത്വം വഹിക്കുകയും ചെയ്ത ബിജെപി നേതാക്കളുടെയും കലാപത്തിൽ ആയുധങ്ങളുമായി പങ്കെടുത്ത ആർഎസ്എസുകാരുടെയും പേരുകൾ കുറ്റപത്രത്തിലില്ല.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ച വിദ്യാര്‍ത്ഥി നേതാക്കളെയും ആക്ടിവിസ്റ്റുകളെയുമാണ് ഗൂഢാലോചനക്കാരുടെ ലിസ്റ്റില്‍ ചേര്‍ത്തിട്ടുള്ളത്. 17,500 പേജുള്ള കുറ്റപത്രത്തില്‍ 2,692 പേജുകളിൽ പ്രതികള്‍ക്കെതിരേയുള്ള കുറ്റാരോപണങ്ങളാണ് വിവരിക്കുന്നത്. യുഎപിഎ, ഐപിസി, ആയുധ നിയമം എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കര്‍ക്കാര്‍ഡുമ അഡീഷനല്‍ സെഷന്‍സ് ജഡ്ജി അഭിതാബ് റാവത്ത് മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

സിഎഎ വിരുദ്ധ സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന എഎപി കൗൺസിലർ താഹിർ ഹുസൈൻ, വിദ്യാർത്ഥി നേതാക്കളായ സഫൂറ സർഗാർ, ഇസ്രത്ത് ജഹാൻ, നതാഷ നർവാൾ, ദേവാംഗന കലിത എന്നിവരടക്കം 15 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇവര്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുകയും പ്രതിഷേധം ആളിക്കത്തിക്കാന്‍ ഗൂഢാലോചന നടത്തുകയും ചെയ്‌തെന്നാണ് പൊലീസ് ആരോപിക്കുന്നത്.

25 വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് ആക്രമണത്തിന് ഗൂഢാലോചന നടത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇതിനുവേണ്ടി മാത്രം രൂപീകരിച്ചതാണ് ഈ ഗ്രൂപ്പുകൾ. വാട്സ്ആപ്പ് സന്ദേശങ്ങളും ഫോൺ വിളി രേഖകളും കുറ്റപത്രത്തോടൊപ്പം പൊലീസ് ഹാജരാക്കി. ജെഎൻയു വിദ്യാര്‍ത്ഥി നേതാക്കളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അടുത്തിടെ അറസ്റ്റിലായ ഇവരുടെ പേരുകള്‍ അനുബന്ധ കുറ്റപത്രത്തിലുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.

സീലംപൂരിലും ജാഫ്രാബാദിലും അരങ്ങേറിയ വംശഹത്യക്ക് ഗൂഢാലോചന നടത്തിയത് രണ്ട് വാട്സ്ആപ്പ് ഗ്രൂപ്പുകളായിരുന്നു. ഗതാഗതം തടസ്സപ്പെടുത്തിയുള്ള സിഎഎ വിരുദ്ധ സമരം തുടക്കംമുതൽ പ്രകോപനപരമായിരുന്നുവെന്നും പൊലീസ് വിശദീകരിക്കുന്നു. ബിജെപി നേതാവ് കപിൽ മിശ്രയുടെ വിദ്വേഷ പ്രസംഗത്തിന് ശേഷമാണ് വടക്കു കിഴക്കൻ ഡൽഹിയിൽ കലാപകാരികൾ അഴിഞ്ഞാടിയത്. ഏറ്റവും കൂടുതൽ ആൾ നാശവും വസ്തുനാശവും സംഭവിച്ചത് ന്യൂനപക്ഷ വിഭാഗങ്ങൾക്കായിരുന്നുവെന്ന് പ്രഥമ വിവര പട്ടികയിൽ ഉണ്ടായിരുന്നതാണ്. എന്നാൽ ഇക്കാര്യം കുറ്റപത്രത്തിലില്ല.

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ആകെ 751 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ ഒരു കേസ് മാത്രമാണ് പ്രത്യേക സെൽ അന്വേഷിച്ചത്. 59 കേസുകളിൽ ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘവും 691 കേസുകൾ ജില്ലാ പൊലീസുമാണ് അന്വേഷിച്ചത്. ആകെ 21 പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. 747 സാക്ഷികളുടെ മൊഴിയെടുത്തതായും 195 ദിവസമെടുത്താണ് അന്വേഷണത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയതെന്നും പൊലീസ് അറിയിച്ചു. വംശഹത്യയിൽ ഡൽഹി പൊലീസിന്റെ അന്വേഷണം ഗൂഢാലോചനയാണെന്ന് മനുഷ്യാവകാശ പ്രവർത്തകരും സംഘടനകളും നേരത്തെ ആരോപിച്ചിരുന്നു.

ENGLISH SUMMARY:Chargesheet in Del­hi com­mu­nal riots; The rebels are not the cul­prits
You may also like this video