എഴുത്തുകാരാൻ, പത്രപ്രവർത്തകൻ, ചരിത്രകാരൻ, അധ്യാപകൻ എന്നിങ്ങനെ ബഹുമുഖപ്രതിഭയാണ് ഡോ.വള്ളിക്കാവ് മോഹൻദാസ്. പത്രപ്രവർത്തനചരിത്രത്തിൽ മദ്രാസ്-സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. അദ്ദേഹത്തിന്റെ ‘മിഷണറിമാരുടെ കേരളം’ എന്നകൃതിയെയാണ് മലയാളത്തിലെ പ്രഥമ ഹെർമ്മൻ ഗുണ്ടർട്ട് അവാർഡിനായി തെരഞ്ഞെടുത്തു. പുരസ്കാര നിറവിൽ അദ്ദേഹത്തിന്റെ ചരിത്ര‑പത്രപ്രവർത്തന രംഗത്തെസവിശേഷ സംഭാവനകളിലൂടെ…
കൃതഘ്നതയിൽ മുരടിച്ചു പോയ സാമൂഹ്യമനസാക്ഷിയെ ഉണർത്തുന്നതിനും വരുംതലമുറയ്ക്ക് ശരിയായചരിത്ര സത്യങ്ങൾ കാട്ടിക്കൊടുക്കുന്നതിനും നിലവിലുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ മിഷണറിമാരുടെ സംഭാവനകളെക്കുറിച്ച് നടത്തിയതാണ് ഈ പഠനം. ചരിത്രത്തെ അധികാരസ്ഥാനതാല്പര്യങ്ങൾക്കായി തിരുത്തിയെഴുതുവാനുള്ള പ്രവണത ശക്തിപ്രാപിക്കുന്ന അവസ്ഥയിൽ ജാതിയും മതവും വർണവുമല്ല ചരിത്ര നിർമ്മിതിയിലെ അളവുകോലുകൾ എന്നുള്ള തിരിച്ചറിവിൽ മിഷണറിമാരുടെ കേരളത്തെതേടി ഇറങ്ങുകയായിരുന്നു. യാത്ര സുഗമമല്ല എന്ന അറിവോടെയാണ് ദുർഘടയാത്രയ്ക്ക് മനസ് തുറന്നുവെച്ചത്. ഒളിഞ്ഞിരിക്കുന്ന വസ്തുതകളെ വെളിച്ചത്തേക്കുകൊണ്ടുവന്ന് സത്യത്തിനുമേൽ പ്രകാശം പരത്തുക എന്ന ദൗത്യം നിറവേറ്റുക ഒരു യത്നമായി. സാമൂഹികമായ ഉത്തരവാദിത്തമാണെന്ന ബോധ്യത്തിൽ നിന്നാണ് അപ്രിയ സത്യങ്ങളുടെ ആഴങ്ങളിലേക്കുള്ള കുതിപ്പ്. സൗമ്യവും ദീപ്തവുമായ മിഷണറി വേലയ്ക്കിടയിൽ സമരോത്സുകമായ ഇരുണ്ട പകലുകൾ കൂടിയുണ്ടായിരുന്നു വെന്ന പ്രഖ്യാപനത്തോടെയാണ് ക്രൈസ്തവ മിഷണറിമാർക്കൊപ്പമുള്ള ഈ ചരിത്ര യാത്രയെ രേഖപ്പെടുത്തുന്നത്.
മലയാളപത്രപ്രവർത്തനം ഒന്നരനൂറ്റാണ്ട് പിന്നിടുന്ന വേളയിൽ രാജ്യസമാചാരത്തെ മുൻ നിർത്തിയുള്ള ഒരന്വേഷണം പ്രസക്തമാണന്ന് തോന്നി. 1847ൽ രാജ്യസമാചാരം ജനങ്ങളുടെ മുന്നിലെത്തുമ്പോൾ അന്നോളം അന്യമായിരുന്ന ഒരുപുത്തൻ വാർത്താവിനിയമ ലോകമാണ് കേരളകരയ്ക്ക് ദർശിക്കാനായത്. അപരിചിതമായ ഒരു പ്രസിദ്ധീകരണ സംരംഭത്തിലേക്ക് വഴി തെളിച്ച സാമൂഹ്യ പശ്ചാത്തലവും ആദ്യപത്രത്തിന്റെ സംഭാവനകളും വിലയിരുത്തുകയും നിരീക്ഷണ വിധേയമാക്കുകയും ലഭ്യമായ എല്ലാലക്കങ്ങളും അപൂർവമാതൃക എന്നനിലയിൽ തനതുരൂപത്തിൽ പുന:പ്രസിദ്ധീകരിക്കുകയുമായിരുന്നു.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കുമാരനാശൻ, കണ്ടത്തിൽ വർഗീസ് മാപ്പിള, സി വി കുഞ്ഞിരാമൻ, കെ അയ്യപ്പൻ, ഡോ. വി വി വേലുക്കുട്ടി അരയൻ, സി വി രാമൻ പിള്ള, മുഹമ്മദ് അബ്ദുറഹ്മാൻ, ബാരിസ്റ്റർ എ കെ പിള്ള തുടങ്ങി മലയാള പത്രപ്രവർത്തന ചരിത്ര ഇതിഹാസവ്യക്തിത്വങ്ങളെ അടുത്തറിയുകയാണ് പത്രാധിപർ എന്ന ഗ്രന്ഥത്തിലൂടെ.
ജീവിതത്തിന്റെ സമസ്ത മേഖലകളിലും പടർന്നു കയറി സുഗന്ധവും തണലും പ്രദാനംചെയ്ത വർണാഭമായ കാലഘട്ടത്തെ സൃഷ്ടിച്ചെടുത്ത് സ്വപ്ന സന്നിഭമായൊരു ഭാരതത്തെ ആവിഷ്കരിച്ച മുഗൾസ്, ഇന്ത്യാചരിത്രത്തെ സംഗതമാക്കി. അസാധരണ പ്രതിഭയുള്ള ചക്രവർത്തിമാരായ ബാബർ, ഹുമയൂൺ, അക്ബർ, ജഹാംഗീർ, ഷാജഹാൻ, ഔറംഗസേബ് എന്നിവർ ചരിത്ര സൃഷ്ടാക്കളാണ്. യുദ്ധത്തിന്റെയും കലാപങ്ങളുടെയും സ്നേഹത്തിന്റെയും സഹിഷ്ണതയുടെയും ഉജ്ജ്വല മുഹൂർത്തങ്ങളുടെ അടയാളം.
ഐതിഹ്യവൽക്കരണത്തെ നിരസിച്ചുകൊണ്ട് ഇന്നലെത്തെ കേരളത്തെക്കുറിച്ചൊരു അന്വേഷണം. കേരളചരിത്ര രചനയിൽ മുമ്പേനടന്നവർ എഴുതാതെവിട്ട പറയാൻമറന്ന, ബഹിഷ്കൃത സംഭവങ്ങളുടെ തെളിഞ്ഞസാന്നിധ്യം. കേരളത്തിന്റെ ഗതകാലം വസ്തുതാപരമായി അനാവൃതമാക്കുന്ന, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ശാസ്ത്രീയചരിത്രപഠന ഗ്രന്ഥം.
മലബാറിൽ ബാസൽമിഷൻ പ്രവർത്തനം വിപുലപ്പെട്ടിരുന്ന കാലഘട്ടത്തിൽ 1847 ഒക്ടോബർ മുതൽ 1851 ആഗസ്റ്റ് വരെയുള്ള മാസങ്ങളിൽ തലശേരിയിലെ ഇല്ലിക്കുന്നിൽ നിന്നും ഡോ.ഹെർമ്മൻ ഗുണ്ടർട്ട്, ഫാദർമുള്ളർ എന്നിവരുടെ ചുമതലയിൽ പുറത്തിറങ്ങിയ മലയാള ഭാഷയിലെ ദ്വിതീയപത്രമാണ് പശ്ചിമോദയം. കല്ലച്ചിൽറോയൽസൈസിൽ എട്ടുപേജുകളായി മാസംതോറും പ്രസിദ്ധീകരിച്ച പത്രത്തിന് അന്നത്തെ രണ്ട് പൈസയായിരുന്നു വില. ദൈവകാര്യങ്ങൾക്കപ്പുറം പൊതുവിജ്ഞാനം, ശാസ്ത്രവിഷയങ്ങൾ, ചരിത്രം, ജോതിഷവിദ്യ, രാശിചക്രം, കേരളപ്പഴമ, ബിലാത്തിവിശേഷം എന്നിങ്ങനെ വ്യത്യസ്ത വിഭവങ്ങൾ വായനക്കാർക്കു നല്കി, മലയാളത്തിലെ രണ്ടാമത്തെ പത്രമായ പശ്ചിമോദയം വായനക്കാരുടെ മുമ്പിൽ അവതരിപ്പിക്കാനുള്ള ശ്രമമായിരുന്നു. മാധ്യമചരിത്ര പഠനത്തിന് മുതല്‍ക്കൂട്ടാകുമെന്നതിനാലും ഇങ്ങിനിവരാത്തവണ്ണം അപ്രത്യക്ഷമാകുന്ന അപൂർവരേഖ എന്ന നിലയിലും പശ്ചിമോദയത്തിന്റെ എല്ലാ ലക്കങ്ങളും പഠനത്തോടൊപ്പം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു. കല്ലച്ചിൽ കൈകൊണ്ടെഴുതി അച്ചടിച്ച നിലയിൽതന്നെ മാറ്റമേതുമില്ലാതെ 163 വർഷങ്ങൾക്കുശേഷം പശ്ചിമോദയം വായനക്കാരെ തേടിയെത്തുമ്പോൾ ഗതകാലത്തിന്റെ പുന:സൃഷ്ടിയായി മാറുന്നു.
ഇന്ത്യൻ‑കേരളീയ നവോത്ഥാനത്തിന് സാംസ്കാരികമായ ഉണർവ് നല്‍കി പ്രസിദ്ധീകരണങ്ങളെ പരിചയപ്പെടുത്തുകയാണ്. ഒട്ടുമിക്ക മാധ്യമങ്ങളെയും തങ്ങളുടെ ആഗ്രഹപ്രകാരം സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി മാറ്റിയെടുക്കാൻ സമകാലിക കമ്പോള വ്യവസ്ഥക്ക് സാധിച്ചിട്ടുണ്ട്. സമൂഹത്തെ നേർവഴിക്കു നടത്തുവാനോ അടിച്ചമർത്തപ്പെടുന്നവന്റെ ജിഹ്വയായി മാറ്റുന്നതിനോ മാധ്യമപ്രവർത്തകർ ആഗ്രഹിച്ചാൽ തന്നെ ഇന്ന് സാദ്ധ്യമാവുകയില്ല. ജ്യോതിറാവുഫുലെ, അയ്യൻകാളി, പരവൂർ കേശവനാശാൻ, ഡോ.വേലുക്കുട്ടി അരയൻ എന്നിവർ പ്രതികൂലസാഹചര്യങ്ങളോടു കലഹിച്ചുകൊണ്ടും എതിർപ്പുകളെ നേരിട്ടു കൊണ്ടും പ്രസിദ്ധീകരിച്ച കീഴാളപത്രമാതൃകകൾക്ക് സഫലമായ പിന്തുടർച്ച. കീഴാള ജനങ്ങളുടെ സാമൂഹിക മുന്നേറ്റങ്ങളോടൊപ്പം വികസിച്ചുവന്നപത്രപ്രവർത്തന ചരിത്രത്തിലേക്ക് ഒരു സഞ്ചാരം.
കലയുടെ നിമിഷങ്ങളിലൂടെ കടന്നുപോയപ്പോൾ തങ്ങൾ ചരിത്രം സൃഷ്ടിക്കുകയാണെന്ന് കെപിഎസിയുടെ ആദ്യകാല പ്രവർത്തകർ അറിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ കൃത്യമായ രേഖകൾ സൂക്ഷിച്ചിട്ടില്ലാത്ത പ്രസ്ഥാനത്തിന്റെ പ്രാരംഭകാലത്തെ ചരിത്രരചന ശ്രമകരമായിത്തീർന്നു. മൺമറഞ്ഞുപോയ ആദ്യകാല പ്രവർത്തകർ അപൂർവമായിട്ടാണെങ്കിലും രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങളും ഇന്ന് ജീവിച്ചിരിക്കുന്നവരിൽനിന്നും വായ്മൊഴിയായും വരമൊഴിയായും ലഭ്യമായ വിലപ്പെട്ട അറിവുകളും രചനയില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കെപിഎസി ഓഫീസ് രേഖകൾ, മിനിട്സ്, കത്തുകൾ, സർക്കാർരേഖകൾ, ആനുകാലികപ്രസിദ്ധീകരണങ്ങൾ, വിവിധഗ്രന്ഥങ്ങൾ എന്നിവയും പ്രസ്ഥാനവുമായി ബന്ധപ്പെട്ട ഒട്ടനവധി കലാകാരന്മാരുമായി നടത്തിയ കൂടികാഴ്ചകളും ഈ ചരിത്ര രചനയ്ക്ക് സഹായകമായി.
അബുദാബിശക്തി അവാർഡ്, കമലാസുരയ്യ പുരസ്കാരം, കർമ്മചന്ദ്രൻ അവാർഡ്, പ്രചോദ അവാർഡ്, മീഡിയ അവാർഡ്, തീരഭൂമി മാധ്യമ അവാർഡ്, സാഹിത്യകേരളം അവാർഡ്, ദ്യുതി അവാർഡ്, ഗോവിന്ദപുരസ്കാരം, കേരളഹിസ്റ്ററികോൺഗ്രസ്ചരിത്രഅവാർഡ്, ഡോ.വേലുക്കുട്ടി അരയൻപുരസ്കാരം, ചരിത്ര ഗവേഷണത്തിന് ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് ഫെലോഷിപ്പ്, ബാലപുരാണത്തിന് ഉത്തർപ്രദേശ് രാഷ്ട്രകർമ്മചാരി സംസ്ഥാൻ അവാർഡ്. കഥകളി, പത്രപ്രവർത്തനംഎന്നീമേഖലകളിൽ ഡോക്യുമെന്ററികൾസംവിധാനം ചെയ്തു.
പോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷൻ ദേശീയ സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി, കെപിഎസി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം, പ്രഭാതബുക്ക് ഹൗസ് ഡയറക്ടർ, എഡിറ്റർ, തോപ്പിൽ ഭാസി ഫൗണ്ടേഷൻ സെക്രട്ടറി, സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർ എന്നീ നലകളില്‍ പ്രവര്‍ത്തിക്കുന്ന ഡോ. വള്ളീക്കാവ് മോഹന്‍ദാസ് യുവകലാസാഹിതിയുടെ സംസ്ഥാന പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായിരുന്നു.
ഡോ.എസ് ഗിരിജ കുമാരിയാണ് ഭാര്യ. ഡോ. ഗോവിന്ദ്, ഡോ. ഇള എന്നിവര്‍ മക്കളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.