ചിരിപ്പിച്ചും ചിന്തിപ്പിച്ചും കടന്നുപോയൊരാള്‍

Web Desk
Posted on February 07, 2018, 7:48 pm

ജോസ് ചന്ദനപ്പള്ളി
വിക്‌ടോറിയന്‍ കാലഘട്ടത്തിലെ ഏറ്റവും മഹാനായ നോവലിസ്റ്റും സാമൂഹിക പരിവര്‍ത്തകനും ആയിരുന്നു ചാള്‍സ് ഡിക്കന്‍സ്. മനുഷ്യസ്വഭാവത്തിന്റെ വ്യത്യസ്ത മാതൃകകള്‍ സൃഷ്ടിച്ച അനശ്വരനായ ഈ എഴുത്തുകാരന്‍, അവിസ്മരണീയമായ കഥകളിലൂടെ ലോകത്തെ വിസ്മയിപ്പിച്ച കഥാകാരന്‍ കൂടിയാണ്. ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും മഹാനായ എഴുത്തുകാരില്‍ ഒരാളായി കരുതുന്ന ഡിക്കന്‍സ് തന്റെ ധന്യമായ കഥാകഥന രീതിക്കും അവിസ്മരണീയമായ കഥാപാത്രങ്ങള്‍ക്കും പ്രശസ്തനാണ്. 19-ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ നിലനിന്നിരുന്ന ദാരിദ്ര്യവും ഇല്ലായ്മയും തട്ടിപ്പും ആര്‍ത്തിയുമെല്ലാം ചാരുതയോടെ ചിത്രീകരിച്ച ചാള്‍സ് ഡിക്കന്‍സ് (1812–1870) നോവല്‍രംഗത്ത് വന്നതോടെ പത്രസാഹിത്യവും സ്‌തോഭജനകങ്ങളായ കഥകളും നോവലില്‍ സ്ഥാനം പിടിച്ചു. ഇടത്തരക്കാരില്‍ ഇതു വമ്പിച്ചസ്ഥാനംപിടിച്ചു. ഇംഗ്ലണ്ടില്‍ ഹംഷെയറിലെ പോര്‍ട്ട് സീയില്‍ 1812 ഫെബ്രുവരി 12‑നാണ് ഡിക്കന്‍സ് ജനിച്ചത്. ജോണ്‍ ഹഫം ഡിക്കന്‍സ് എന്നാണ് മുഴുവന്‍ പേര്. പോര്‍ട്ട് സീയിലെ നേവി പേ ഓഫീസില്‍ ഗുമസ്തനായിരുന്ന ജോണ്‍ഡിക്കന്‍സായിരുന്നു പിതാവ്.
1823‑ല്‍ ഡിക്കന്‍സിന്റെ കുടുംബം ലണ്ടനിലേക്ക് താമസംമാറ്റി. കടബാധ്യതയുടെ പേരില്‍ പിതാവ് മാര്‍ഷല്‍ സീയിലെ പാപ്പര്‍ ജയിലില്‍ കിടന്ന അവസരത്തില്‍ കുറെക്കാലം ഹങ്ഹര്‍ ഫോഡ് മാര്‍ക്കറ്റിലെ ഷൂബ്ലാക്കിങ് ഫാക്ടറിയില്‍ ജോലി നോക്കി. ചുമടെടുപ്പുവരെയുള്ള ജോലികള്‍ ചെയ്താണ് പഠനമുപേക്ഷിച്ച് ചാള്‍സ് കുടുംബം പോറ്റാന്‍ അമ്മയെ സഹായിച്ചത്. പിതാവിന്റെ ഈ അവസ്ഥ ഡിക്കന്‍സ് ഡേവിഡ് കോപ്പര്‍ ഫീല്‍ഡ് എന്ന കൃതിയില്‍ മിക്കോബര്‍ എന്ന കഥാപാത്രത്തിലൂടെ വരച്ചുകാട്ടുന്നു.
ഏതു കഠിന ജോലിക്കിടയിലും വായന ശീലമാക്കിയ അദ്ദേഹം കഠിനാനുഭവങ്ങളുടെ അടിത്തറയില്‍ 1833 മുതല്‍ മുഴുവന്‍ സമയ സാഹിത്യ രചനയിലേക്ക് തിരിഞ്ഞു. 1836–37‑ല്‍ ദ് പോസ്തുമസ് പേപ്പേഴ്‌സ് ഓഫ് ദ പിക് വിക് ക്ലബ് പല ഭാഗങ്ങളായി പ്രസിദ്ധപ്പെടുത്തി. പിക് വിക് ഒരു പിക്കാരക്‌സ് കോമഡിയാണ്. ഡിക്കന്‍സിന്റെ പിക് വിക്ക് പേപ്പേഴ്‌സ് (1837) ഒരു മഹാസംഭവമായിത്തീര്‍ന്നെന്നു സംശയരഹിതമായി പറയാം. ദ ഡെയ്‌ലി ന്യൂസ് (1846) എന്ന പത്രം എഡിറ്റു ചെയ്യുകയും ഹൗസ്‌ഹോള്‍ഡ് വേര്‍ഡ്‌സ് (1849), ആള്‍ ദ ഈയര്‍ റൗണ്ട് (1859) എന്നിവ സ്ഥാപിക്കുകയും ചെയ്തു. 1858‑നും 1870‑നും ഇടയ്ക്ക് നിരവധിതവണ സ്വന്തം കൃതികള്‍ പൊതുസ്ഥലങ്ങളില്‍ വച്ച് പരസ്യമായി വായിച്ചുകേള്‍പ്പിച്ചുകൊണ്ട് ഡിക്കന്‍സ് ബ്രിട്ടനിലുടനീളം ചുറ്റി സഞ്ചരിച്ചു. പിക് വിക് പേപ്പേഴ്‌സ് പൂര്‍ത്തിയാക്കുന്നതിനു മുമ്പുതന്നെ ബെന്റ്‌ലിസ് മിസലനയില്‍ ഒലിവര്‍ ട്വിസ്റ്റ് ഘട്ടം ഘട്ടമായി പ്രസിദ്ധപ്പെടുത്തിയിരുന്നു (1837 — 38). സമൂഹത്തില്‍ നിലനിന്നിരുന്ന ചില പ്രതേ്യക അനാചാരങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന ഡിക്കന്‍സിന്റെ ആദ്യ നോവലാണ് ഒലിവര്‍ ട്വിസ്റ്റ്.
വായനക്കാര്‍ക്ക് ഡിക്കന്‍സിനോട് പ്രതിപത്തി ഏറിവന്നകാലത്ത് രചിച്ച മാസ്റ്റര്‍ ഹംഫീസ് ക്ലോക്ക് എന്ന അടുത്ത കൃതി കുറച്ചുകൂടി വിശാലമായ ചട്ടക്കൂട്ടില്‍ സൃഷ്ടിച്ചെടുത്തതാണ്. രണ്ടു പ്രതേ്യക നോവലുകളാക്കി വിഭജിക്കപ്പെട്ട ഇതില്‍ ദി ഓള്‍ഡ് ക്യൂരിയോസിറ്റി ഷോപ്പ് (1840) വന്‍ വിജയമായിത്തീര്‍ന്നു. ബാര്‍ണബിറഡ്ജ് (1841) ഒരു ചരിത്ര നോവലാണ്. പിക് വിക് ക്ലബ്ബംഗമെന്ന നിലയില്‍ ഡിക്കന്‍സ് നടത്തിയ അമേരിക്കന്‍ പര്യടനാനുഭവങ്ങളുടെ ആവിഷ്‌ക്കാരമാണ് അമേരിക്കന്‍ നോട്ട്‌സ് (1842). മാര്‍ട്ടിന്‍ ചസില്‍വിറ്റ് (1843) എന്നീ രണ്ടു കൃതികള്‍. 1843‑ലാണ് ക്രിസ്മസ്സ് കരോള്‍ എന്ന നീണ്ട കഥ എഴുതുന്നത്. ഏറെ പ്രശസ്തമായ ഈ കൃതി ക്രിസ്മസ്സ് ആഘോഷങ്ങള്‍ക്ക് ഒരു പുതുജീവന്‍ നല്‍കിയിരുന്നു.
ആത്മകഥാപരമായ ധാരാളം സംഗതികളടങ്ങുന്ന ഡിക്കന്‍സിന്റെ ഡേവിഡ് കോപ്പര്‍ ഫീല്‍ഡ് (1850) എന്ന നോവല്‍ അദ്ദേഹത്തിന്റെ ഏറ്റവും വിശിഷ്ടമായ കൃതിയായി കണക്കാക്കപ്പെടുന്നു. ദ മിസ്ട്രി ഓഫ് എഡ്വിന്‍ ഡ്രൂഡ് എന്ന സംഭ്രമകഥ പൂര്‍ത്തിയാക്കാന്‍ വിധി അദ്ദേഹത്തെ അനുവദിച്ചില്ല. ഇംഗ്ലണ്ടിലെ കെന്റിലുളള ഗാഡ്‌സ് ഫില്‍പ്ലേസില്‍ 1870 ജൂണ്‍ 9‑നായിരുന്നു വിഖ്യാതകഥാകാരന്റെ അന്ത്യം. ഇത്രയൊക്കെയാണങ്കിലും ഷേക്‌സ്പിയര്‍ കഴിഞ്ഞാല്‍ ഇത്രയധികം കഥാപാത്രങ്ങളെ ഇംഗ്ലണ്ടിന്റെ നര്‍മ്മ പാരമ്പര്യത്തിലെ ചിരപ്രതിഷ്ഠിതങ്ങളായ ഘടകങ്ങളായി അവതരിപ്പിക്കാന്‍ ഡിക്കന്‍സിനല്ലാതെ മറ്റൊരുശക്തിക്കും കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല.