Tuesday
10 Dec 2019

കാലാക്കല്‍ കുമാരന്‍ മലയാള നാടക വേദിയിലെ ചാര്‍ളി ചാപ്ലിന്‍

By: Web Desk | Monday 6 August 2018 6:58 PM IST


സുബ്രഹ്മണ്യന്‍ അമ്പാടി

സ്വാതന്ത്ര്യസമരസേനാനി, കമ്മ്യൂണിസ്റ്റ് , സിനിമാ-നാടകനടന്‍ തുടങ്ങിയ നിലകളില്‍ പ്രശസ്തനായിരുന്ന വൈക്കം കാലാക്കല്‍ കുമാരനെ 1998 ഓഗസ്റ്റ് മാസം എട്ടാം തീയതി 79-ാം വയസില്‍ അരങ്ങില്‍ നിന്നും അണിയറയിലേക്ക് കാലം കൂട്ടിക്കൊണ്ടുപോയി.
ചരിത്രത്തില്‍ നവേത്ഥാനത്തിന്റെ കാഹളം മുഴക്കിയ ഐതിഹാസികമായ വൈക്കം സത്യഗ്രഹത്തിന്റെ സന്ദേശം ബാല്യത്തില്‍ മനസില്‍ നിറഞ്ഞിരുന്നു. വൈക്കം മഹാദേവക്ഷേത്രത്തിന്റെ ഗോപുരമതിലിനു പുറത്ത് വടക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന കാവലാക്കല്‍ ക്ഷേത്രം. ഐതിഹ്യപരമായി വൈക്കത്തപ്പന്റെ കാവല്‍ക്കാരന്റേതാണ്. കാലാക്കല്‍ എന്ന പദം ലോപിച്ച് പിന്നീട് കാലാക്കല്‍ ആയി. ക്ഷേത്രത്തിന്റെ സമീപമുളള കാവലാക്കല്‍ തറവാട്ടില്‍ നാരായണന്റെയും, ഗൗരിയുടേയും മകനായി 1918 ജൂലൈ 14 ന് ജനനം.
വൈക്കം മഹാദേവ ക്ഷേത്രത്തിലെ 12 ദിവസത്തെ അഷ്ടമി നാളുകളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ എത്തുന്ന ദക്ഷിണേന്ത്യയിലെ പ്രശസ്ത സംഗീതജ്ഞരും കലാകാരന്മാരും കാലാക്കല്‍ തറവാട്ടിലെത്തി വിശ്രമിച്ചിരുന്നു. അവരില്‍ നിന്നും കുമാരന്‍ സംഗീതത്തിന്റെയും, കലയുടേയും ബാലപാഠങ്ങള്‍ അഭ്യസിച്ചു.
വിദ്യാഭ്യാസത്തിനുശേഷം അന്നത്തെ നടനസഭയില്‍ ചേര്‍ന്നു. പുരാണ നാടകങ്ങളില്‍ നടനായി. സത്യവാന്‍ സാവിത്രിയും, ലങ്കാദഹനവും കാണികളുടെ മുക്തകണ്ഠമായ പ്രശംസയ്ക്ക് പാത്രമായി.

സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തുകൊണ്ട് ഭഗത്‌സിങ്, മഹാത്മാഗാന്ധി എന്നിവരെ സ്തുതിച്ചുകൊണ്ട് ഗാനങ്ങള്‍രചിക്കുകയും, ഈണത്തില്‍പാടുകയും ചെയ്തു. സമരസേനാനികള്‍ക്ക് ആവേശം പകര്‍ന്നു. സര്‍ സി പി രാമസ്വാമിക്കെതിരെ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചു. പിന്നീട് കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ് വൈക്കംകാരനായ പി കൃഷ്ണപിള്ളയുമായുള്ള പരിചയം കുമാരനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനാക്കി, നാടക അഭിനയത്തോടൊപ്പം സാംസ്‌ക്കാരിക ഇടപെടലുകള്‍ നടത്തി. അക്കാലത്ത് നവോത്ഥാനത്തിന്റെ സന്ദേശങ്ങള്‍, കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ജനമനസ്സുകളിലെത്തിക്കുവാന്‍ നാടകമാണ് പറ്റിയ ഉപാധിയെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തിരിച്ചറിഞ്ഞിരുന്നു.
കേരളാതിയേറ്റേഴ്‌സ്, കെപിഎസി, കാളിദാസ കലാകേന്ദ്രം, പ്രതിഭതിയേറ്റേഴ്‌സ് എന്നീ പ്രൊഫഷണല്‍ നാടകങ്ങളില്‍ അഭിനയിച്ചു.
1961-ല്‍ കൊല്ലം കാളിദാസകലാകേന്ദ്രത്തിനുവേണ്ടി വൈക്കം ചന്ദ്രശേഖരന്‍ നായര്‍ എഴുതിയ ‘ഡോക്ടര്‍’ എന്ന നാടകത്തിലെ കമ്പൗണ്ടര്‍ കേശവനായി വേഷമിട്ട കാലാക്കല്‍ കുമാരന്റെ അഭിനയം പഴയതലമുറയിലെ നാടകാസ്വാദകരുടെ മനസില്‍ ഇന്നും ഒളിമങ്ങാതെ നില്‍ക്കുന്നു. പിന്നീടങ്ങോട്ട് നൂറിലേറെ നാടകങ്ങളിലായി കേരളത്തിനകത്തും പുറത്തും അരങ്ങില്‍ നിറഞ്ഞാടി. ചിരിക്കാനും ചിന്തിക്കാനും കരയാനുമുളളതാണ് ഹാസ്യാഭിനയം എന്ന് അദ്ദേഹം തെളിയിച്ചു. ഹാസ്യാഭിനയത്തിന് പുതിയ മാറ്റങ്ങള്‍ കണ്ടെത്തി കമ്പൗണ്ടര്‍ കേശവനിലൂടെ കാണികളുടെ ഇഷ്ടഹാസ്യനടനായി മാറിയപ്പോള്‍ കൂടുതല്‍ അവസരങ്ങള്‍ കാലാക്കല്‍ കുമാരനെ തേടിയെത്തി. ഉത്സവപ്പറമ്പുകളിലെ വേദികളില്‍ അരങ്ങിലെത്തുമ്പോള്‍ തന്നെ ജനം ചിരിക്കുമായിരുന്നു.
മലയാള നാടകവേദിയിലേക്ക് നിരവധി നടീനടന്മാരെ രംഗത്തുകൊണ്ടുവന്നു. നാടകാഭിനയത്തെക്കുറിച്ച് പുതിയ തലമുറയ്ക്ക് ആഴത്തിലുളള പഠനവും പരിശീലനവും കൊടുത്തു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കണ്ടും കേട്ടും പഠിച്ചവര്‍ പിന്നീട് നാടകവേദിയിലും സിനിമയിലും തിളങ്ങി.
ഡോക്ടര്‍ നാടകത്തില്‍ അഭിനയിക്കുന്നതിനുവേണ്ടി അന്ന് അമച്വര്‍ നാടകങ്ങളിലഭിനയിച്ചുകൊണ്ടിരുന്ന വൈക്കംകാരനായ ടി കെ ജോണിനെ കാലാക്കല്‍ കൊല്ലം കാളിദാസകലാകേന്ദത്തിലെത്തിച്ചു. ഡോക്ടര്‍ നാടകത്തിലെ പ്രധാന കഥാപാത്രമായി ഡോ. ജയിംസ് ടി.കെ. ജോണ്‍ അഭിനയിച്ചു. നാടകവേദിയില്‍ തിളങ്ങിനിന്നിരുന്ന പി കെ വിക്രമന്‍ നായര്‍, ഒ മാധവന്‍, വര്‍ഗീസ് തിട്ടേല്‍, നെല്ലിക്കോട് ഭാസ്‌കരന്‍, മണവാളന്‍ ജോസഫ്, കാലാക്കല്‍ കുമാരന്‍, വൈക്കം സുകുമാരന്‍ നായര്‍, ജി ദേവരാജന്‍, ഒഎന്‍വി, പെരുന്ന ലീലാമണി (ജി ദേവരാജന്‍ മാസ്റ്ററുടെ ഭാര്യ) വിജയകുമാരി (ഒ മാധവന്റെ ഭാര്യ) കവിയൂര്‍ പൊന്നമ്മ, തോപ്പുംപടി അമ്മിണി, മേരി തോമസ് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ടി കെ ജോണ്‍ പിന്നീട് മലയാള നാടകരംഗത്ത് നിത്യഹരിത നായകനായി സിനിമാ ലോകത്തേക്ക് കടന്നു. കാലാക്കല്‍ കുമാരനെക്കുറിച്ച് ടി കെ ജോണ്‍ ”എന്നിലെ അഭിനയ സിദ്ധികണ്ടെത്തിയതും ഇതാണ് എന്റെ വഴിയെന്ന് വ്യക്തമാക്കി തന്നതും കാലാക്കല്‍ കുമാരേട്ടനാണ്.”
107-ലേറെ നാടകങ്ങളിലായി പതിനായിരത്തിലേറെ അരങ്ങുകളില്‍ ഹാസ്യാഭിനയത്തിലൂടെ നാടകാസ്വാദകരെ ചിരിപ്പിച്ച് നാടകഹാസ്യ ചരിത്രത്തില്‍ അതുല്യമായ സ്ഥാനം കിട്ടി. കാലാക്കല്‍ കുമാരന്‍ മലയാള നാടക വേദിയിലെ ചാര്‍ലി ചാപ്ലിന്‍ എന്നറിയപ്പെട്ടു.
മലയാള നാടകവേദിയിലും സിനിമയിലേയും ഹാസ്യത്തെക്കുറിച്ച് കാലാക്കല്‍ കുമാരന്‍ ”ഹാസ്യം ബഹുജനത്തിനിഷ്ടമാണ് ഹാസ്യ നടന്മാരെയും ജനങ്ങള്‍ ഇഷ്ടപ്പെടുന്നു. ഞാന്‍ നാടകവേദിയുമായി ബന്ധപ്പെടുന്ന കാലത്ത് ഹാസ്യനടന്മാര്‍ അതിലെ പിന്നാക്ക വിഭാഗക്കാരായിരുന്നു. ഒരു തരം പുറമ്പോക്ക് വൃക്ഷങ്ങള്‍.”
കാലാക്കല്‍ കുമാരന്‍ ഹാസ്യാഭിനയത്തില്‍ മാത്രമല്ല സഹൃദയസദസുകളിലും സഹജീവികളെ ചിരിപ്പിക്കുന്ന തമാശകള്‍ ഏറെ പ്രശസ്തമാണ്. ഒരിക്കല്‍ പത്രപ്രതിനിധി ഇന്റര്‍വ്യൂ സമയത്ത് ചോദിച്ചു ‘കാലാക്കല്‍ കുമാരന്‍ എന്നതിനേക്കാള്‍ വൈക്കം കുമാരന്‍ എന്ന പേരിലറിയപ്പെടുന്നതല്ലേ ഒന്നുകൂടി പ്രശസ്തിക്ക് ഗാംഭീര്യം.’
സ്വതസിദ്ധമായ നര്‍മ്മത്തിലൂടെ ‘കാലാക്കല്‍ കുമാരന്‍’ വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ഒരു ആനയുണ്ടായിരുന്നു. വൈക്കം ഗംഗാധരന്‍ അവന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ചരിഞ്ഞു. അതുകൊണ്ട് വൈക്കം കുമാരന്‍ എന്നുപറഞ്ഞാല്‍ അതിനുശേഷം വാങ്ങിയ ഒരു ആനയാണെന്ന് ജനങ്ങള്‍ കരുതിയാലോ’
വൈക്കം വാസുദേവന്‍ നായര്‍, വൈക്കം ചന്ദ്രശേഖരന്‍നായര്‍, എന്നൊക്കെ പറഞ്ഞാല്‍ അവര്‍ക്ക് പേരിനുശേഷം ഒരു വാലുണ്ട്- നായര്‍. അതിനാല്‍ അവര്‍ മനുഷ്യനാണെന്നുതോന്നും ആനകളില്‍ നായന്മാരില്ലല്ലോ
നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ സിനിമയുടെ വെളളിവെളിച്ചത്തിലേക്ക് 60ലേറെ സിനിമകളില്‍ അഭിനയിക്കുന്നതിനുളള അവസരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. അരപ്പവന്‍, രക്തബന്ധം, അവന്‍വരുന്നു, വിശപ്പിന്റെവിളി, കാട്ടുപൂക്കള്‍, ശകുന്തള, നിങ്ങള്‍ എന്നെ കമ്മ്യൂണിസ്റ്റാക്കി പുന്നപ്രവയലാര്‍, യൗവ്വനം, വണ്ടിക്കാരി എന്നീ സിനിമകളില്‍ സഹനടനായും ഹാസ്യ നടനായും അഭിനയിച്ചു.
ഭരത് അവാര്‍ഡ് ജേതാവ് പി ജെ ആന്റണി നിര്‍മ്മാല്യം സിനിമയിലെ വെളിച്ചപ്പാടായി അഭിനയിക്കുന്നതിനു മുന്‍പ് കാലാക്കല്‍ കുമാരനെ തേടിയെത്തി. വൈക്കം കാലാക്കല്‍ ക്ഷേത്രത്തിലെ വെളിച്ചപ്പാടിന്റെ ഭക്തിനിര്‍ഭരമായ തുളളലുകള്‍ കാണുകയും കാലാക്കല്‍ കുമാരന്റ നിര്‍ദ്ദേശങ്ങള്‍, നിരീക്ഷണങ്ങള്‍ സ്വീകരിച്ച പി ജെ ആന്റണി വെളിച്ചപ്പാടിനെ അനശ്വരമാക്കി. കണ്ണുകളുടെ കാഴ്ചശക്തി കുറഞ്ഞുവന്നതോടെ അദ്ദേഹം അഭിനയം നിര്‍ത്താന്‍ നിര്‍ബന്ധിതനായി. മലയാള നാടകവേദിക്ക് മികച്ച സംഭാവന നല്‍കിയ നടന്‍ എന്ന നിലയില്‍ കേരളസംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചു. സംഗീത നാടക അക്കാദമിയില്‍ ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നു. അനവധി പുരസ്‌കാരങ്ങളും അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
കാലാക്കല്‍ കുമാരന്റെ അഭിനയ ശൈലി പകര്‍ന്നുകിട്ടിയ മകള്‍ മാല കാലാക്കല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ബാച്ചിലര്‍ ഓഫ് തിയേറ്റര്‍ ആര്‍ട്ട് ബിരുദം നേടി. നാടക സംവിധാനവും അഭിനയവും പ്രത്യേകിച്ച് കുട്ടികളുടെ നാടകവേദിയില്‍ പ്രവര്‍ത്തിക്കുന്നു. 20 വര്‍ഷത്തിലേറെയായി കേരളത്തിലെ പ്രൊഫഷണല്‍ നാടകവേദികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വേണ്ടി ക്ലാസുകളെടുക്കുന്നു. പ്രശസ്ത നാടകനടനും വൈക്കം മാളവികയുടെ സാരഥിയുമായ പ്രദീപ് മാളവികയുടെ വാക്കുകള്‍: ”ജീവിതകാലം മുഴുവന്‍ നാടകത്തെക്കുറിച്ചു മാത്രമായിരുന്നു ചിന്തകള്‍. മലയാള നാടക ചരിത്രത്തില്‍ ആദ്യമായി ഹാസ്യത്തിന് പുതിയൊരു ശൈലി അരങ്ങില്‍ അവതരിപ്പിച്ചുകൊണ്ട് കുടുകുടാ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കീഴടക്കിയിരുന്നു. നാടകത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞുതന്ന ശ്രേഷ്ഠമായ വാക്കുകളും നിര്‍ദ്ദേശങ്ങളും എനിക്ക് പ്രചോദനം”
നാടകത്തിലൂടെ സാമൂഹിക ജീവിതത്തില്‍ തൊട്ടുകൂടായ്മക്കും, അന്ധവിശ്വാസങ്ങള്‍ക്കും ജീര്‍ണ്ണതകള്‍ക്കുമെതിരെ പരിഹാസത്തിന്റെ അമ്പുകള്‍ എയ്ത വൈക്കത്തുകാരനായ കാലാക്കല്‍ കുമാരനെ മലയാള നാടകവേദിയില്‍ നിന്നും കാലത്തിന്റെ യവനികയ്ക്ക് പിന്നില്‍ മറഞ്ഞിട്ട് 2018 ഓഗസ്റ്റ് എട്ടിന് ഇരുപത് വര്‍ഷം തികയുന്നു. മൃദുഭാഷിയും, സുസ്‌മേരവദനനും, വിനയാന്വിതനും, കമ്മ്യൂണിസ്റ്റുമായിരുന്ന കാലാക്കല്‍ കുമാരന്റെ ജീവിതം പുതിയ തലമുറയിലെ നാടകകലാകാരന്മാര്‍ക്ക് പാഠപുസ്തകമാണ്.
കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ ആദ്യ നാടകത്തിലെ അഭിനേതാക്കള്‍ ടി. കെ. ജോണ്‍, ഒ. മാധവന്‍ (മടിയിലിരിക്കുന്നത് പ്രശസ്ത നടനും എം.എല്‍.എയുമായ മുകേഷ്) കാലാക്കല്‍ കമാരന്‍, വൈക്കം സൂകുമാരന്‍ നായര്‍, വര്‍ഗ്ഗീസ് തിട്ടേല്‍, നെല്ലിക്കോട് ഭാസ്‌ക്കരന്‍, മണവാളന്‍ ജോസഫ്, പെരുന്ന ലീലാമണി(ജി. ദേവരാജന്‍ മാസ്റ്ററുടെ ഭാര്യ) കവിയൂര്‍ പൊന്നമ്മ, വിജയകുമാരി,(ഒ.മാധവന്റെ ഭാര്യ) തോപ്പുപടി അമ്മിണി, മേരി തോമസ് എന്നിവര്‍.

Related News