ചാർട്ടേഡ് വിമാനവിലക്കും കേന്ദ്രത്തിന്റെ ദുഷ്ടബുദ്ധിയും

Web Desk
Posted on July 07, 2020, 6:16 am

ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഗൾഫ് വിമാനക്കമ്പനികളുടെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങൾ ഇങ്ങോട്ടു വരരുതെന്ന കേന്ദ്രസർക്കാരിന്റെ വിലക്ക് പ്രവാസികളെ വല്ലാതെ പ്രതിസന്ധിയിലാക്കുന്ന ഒന്നാണ്. പ്രവാസികളെ രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് കേന്ദ്രസർക്കാർ ആരംഭിച്ച വന്ദേ ഭാരത് വിമാന സർവ്വീസ് തീരെ അപര്യാപ്തമായതിനാലാണ് പ്രവാസ ലോകത്ത് പ്രവർത്തിക്കുന്ന വിവിധ സാമൂഹ്യസന്നദ്ധ സംഘടനകൾ സ്വന്തം മുന്‍കയ്യിൽ പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്താൻ സന്നദ്ധമായത്.

നിരവധി സംഘടനകൾ ഇങ്ങനെയൊരു സേവനത്തിന് സന്നദ്ധമായത് ആയിരക്കണക്കിന് പ്രവാസികൾക്കാണ് ആശ്വാസമേകിയത്. പലകാരണങ്ങളാൽ ഗൾഫ് മേഖലയിൽ കുടുങ്ങിപ്പോയ ആയിരക്കണക്കിന് പേർ ഇതുവഴി നാടണഞ്ഞു. നാട്ടിലേക്ക് മടങ്ങാനായി കാത്തിരുന്ന ഗർഭിണികൾ, വയോവൃദ്ധർ, ജോലി നഷ്ടമായവർ, രോഗികൾ, വിസ കാലാവധി അവസാനിയ്ക്കാറായവർ എന്നിങ്ങനെയുള്ളവരെ ചാർട്ടേഡ് ‌വിമാനങ്ങളിൽ നാട്ടിലെത്തിക്കാനാണ് സംഘടനകൾ മുഖ്യ പരിഗണന നല്കിയത്. നവയുഗം, യുവകലാസാഹിതി ഉൾപ്പെടെയുള്ള ചില സംഘടനകളെങ്കിലും പത്തു മുതൽ 25 ശതമാനം വരെ യാത്രക്കാരെ സൗജന്യമായോ സൗജന്യ നിരക്കിലോ ആണ് നാട്ടിലെത്തിച്ചതെന്നതും ശ്രദ്ധേയമാണ്.

ഇത്തരം പ്രവർത്തനങ്ങൾ ശ്ലാഘനീയവും ഉപകാരപ്രദവുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് ഗൾഫ് മേഖലയിൽ നിന്നുള്ള ചാർട്ടേഡ് ‌വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയ കേന്ദ്ര നടപടിയുണ്ടായിരിക്കുന്നത്. യുഎഇയിലെ എമിറേറ്റ്സ്, എത്തിഹാദ്, എയര്‍ അറേബ്യ, ഫ്ലെെദുബായ് എന്നീ കമ്പനികളുടെ വിമാനങ്ങള്‍ ഇന്ത്യയിലിറങ്ങരുതെന്നാണ് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചത്. ഇതിന്റെ ഫലമായി ശനിയാഴ്ച വിമാനത്താവളത്തിലെത്തിയ നൂറുകണക്കിന് മലയാളികളുടെ യാത്ര തടസപ്പെടുന്ന സാഹചര്യമുണ്ടായി. കരിപ്പൂരിലേക്കുള്ള എത്തിഹാദ് എയർവേയ്സിന്റെ വിമാനമാണ് റദ്ദാക്കിയവയിൽ ഒന്ന്. ഇരുനൂറോളം യാത്രികരാണ് ഇതിൽ നാട്ടിലേയ്ക്ക് തിരിക്കാമെന്ന മോഹവുമായി വിമാനത്താവളത്തിലെത്തിയത്.

അവിടെ എത്തിയപ്പോഴാണ് കേന്ദ്രം കരിപ്പൂരിൽ ഇറങ്ങാനുള്ള അനുമതി നിഷേധിച്ചതിനാൽ വിമാനം സർവീസ്‌ നടത്തുന്നില്ലെന്ന് യാത്രക്കാർ അറിയുന്നത്. അന്നേദിവസം തന്നെ ലഖ്നൗവിലേക്കുള്ള സർവീസും റദ്ദാക്കി. വരും ദിവസങ്ങളിൽ ചാർട്ട് ചെയ്തിരിക്കുന്ന പല വിമാനസർവ്വീസുകളും ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. കേരളത്തിലേക്ക് ചാ­ർ­ട്ടേഡ് വിമാനങ്ങൾക്ക് അനുമതി നൽകിയ സംസ്ഥാന സർക്കാരിനോ യുഎഇയിലെ ഇന്ത്യൻ എംബസിക്കോ അറിയിപ്പ് നല്കാതെയാണ് ഇത്തരമൊരു തീരുമാനം കേന്ദ്ര സർക്കാർ കൈ­­­ക്കൊണ്ടതെന്നാണ് വാർത്തകൾ. പ്രതിസന്ധിഘട്ടത്തിൽ മറ്റു സർക്കാരുകളുമായി പരമാവധി സഹകരിച്ച് നമ്മുടെ സഹോദരങ്ങളെ വീടണയാൻ സഹായിക്കുന്നതിന് പകരം പ്രതികാരമനോഭാവത്തോടെയുള്ള സമീപനമാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നതിന് കാരണമായതെന്നാണ് സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്.

ചാർട്ടേഡ് വിമാനങ്ങൾ തിരിച്ചുപോകുമ്പോൾ ഇവിടെ കുടുങ്ങിയ പ്രവാസികളെ മടക്കിക്കൊണ്ടുപോകണമെന്ന് ഇന്ത്യ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത് ഗൾഫ് വിമാനക്കമ്പനികൾ നിരസിച്ചു. പകരം വന്ദേഭാരത് മിഷനിൽ പ്രവാസികളെ ഇങ്ങോട്ടു കൊണ്ടുവരാൻ പറക്കുന്ന വിമാനങ്ങളിൽ ഇവിടെയുള്ളവരെ അങ്ങോട്ടു കൊണ്ടുപോകാമെന്ന് ഗൾഫ് രാജ്യങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു. ഇവിടെ നിന്ന് ഗൾഫ് നാടുകളിലേക്ക് യാത്രക്കാരില്ലാതെ പോകുന്ന വിമാനങ്ങളിൽ അങ്ങനെ ചെയ്യുന്നതിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെന്ന് തോന്നുന്നില്ല. പക്ഷേ തങ്ങളുടെ ആവശ്യം നിരാകരിച്ചതിന് പകരമായി വിദേശ വിമാനക്കമ്പനികൾ ഇങ്ങോട്ടു പോരരുതെന്ന വിലക്കാണ് കേന്ദ്രം പുറപ്പെടുവിച്ചത്. പകരത്തിന് പകരമെന്ന ഈ സമീപനം കൂടുതൽ ദോഷം ചെയ്യുന്നത് ഇന്ത്യക്കാണെന്നതിൽ സംശയമില്ല.

കോവിഡിന് മുമ്പും ലോക്ഡൗൺ ഘട്ടത്തിലും ആയിരക്കണക്കിനാളുകളാണ് ഇവിടെയെത്തി തിരിച്ചുപോകാൻ കഴിയാതെ പോയത്. അവർക്ക് തിരികെയെത്തിയാലും തൊഴിൽ നഷ്ടപ്പെടാതിരിക്കാൻ വിസാകാലാവധി ഡിസംബർ വരെ നീട്ടി നല്കിയാണ് ഗൾഫ് രാഷ്ട്രങ്ങൾ കരുണ കാട്ടിയത്. അതുപോലെ തന്നെയാണ് ഗൾഫ് നാടുകളിൽ കുടുങ്ങിയ പ്രവാസികളുടെ സ്ഥിതിയും. ഇവിടെ കുടുങ്ങിയവരായാലും വിദേശത്തുള്ളവരായാലും നമ്മുടെ സഹോദരങ്ങളാണെന്ന മനോഭാവമല്ല കേന്ദ്രത്തിൽ നിന്ന് പലപ്പോഴായി ഉണ്ടാകുന്നതെന്നത് ഖേദകരമാണ്.

കേരള സർക്കാർ ഇവിടേക്ക് തിരിച്ചുവരാൻ താല്പര്യമുള്ളവർക്കായി നോർക്ക വഴി രജിസ്ട്രേഷൻ ആരംഭിച്ചപ്പോൾ അഞ്ചുലക്ഷത്തോളം പേരാണ് പേര് നല്കിയത്. ഇതിൽ ഭൂരിപക്ഷവും ഗൾഫിൽ നിന്നുള്ളവരായിരുന്നു. എന്നാൽ ഇവരെ കൊണ്ടുവരാൻ കേന്ദ്രം ഏർപ്പെടുത്തിയ വന്ദേഭാരത് ദൗത്യമാവട്ടെ വളരെ പരിമിതവുമായിരുന്നു. അങ്ങനെയൊരു ഘട്ടത്തിലാണ് ചാർട്ടേഡ് ‌വിമാനങ്ങൾ എന്ന ആശയമുണ്ടായത്. ഇപ്പോൾ അതിനും തുരങ്കം വയ്ക്കുന്ന സമീപനമാണ് കേന്ദ്രസർക്കാരിൽ നിന്നുണ്ടായിരിക്കുന്നത്. തങ്ങൾ ആവശ്യപ്പെട്ടത് ചെയ്തില്ല, അതുകൊണ്ട് നിങ്ങൾ ഇങ്ങോട്ടു വരേണ്ടെന്ന ഈ നിലപാടിനെ ദുഷ്ടബുദ്ധിയെന്നല്ലാതെ മറ്റെന്താണ് വിളിക്കുക.