ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ റദ്ദാക്കി

കെ രംഗനാഥ്

അബുദാബി:

Posted on July 06, 2020, 10:29 pm

കെ രംഗനാഥ്

യുഎഇയിലും മറ്റു ചില ഗള്‍ഫ് രാജ്യങ്ങളിലും നിന്ന് ഇന്ത്യയിലേക്ക് പ്രവാസികളെ മടക്കിക്കൊണ്ടുപോകാന്‍ ഏര്‍പ്പെടുത്തിയ ചാര്‍ട്ടേര്‍ഡ് വിമാനസര്‍വീസുകള്‍ക്ക് കേന്ദ്രം പ്രകോപനപരമായി വിലക്കുപ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ആയിരക്കണക്കിനു പ്രവാസികള്‍ ഗള്‍ഫിലെ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു. ഗള്‍ഫ് മേഖലയിലുള്ള വിമാനകമ്പനികളുടെ വിമാനങ്ങള്‍ക്ക് ഇന്ത്യയിലിറങ്ങാനുള്ള വിലക്ക് ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് നിരവധി ചാര്‍ട്ടേര്‍ഡ് ഫ്ലെെറ്റുകളാണ് ശനിയാഴ്ച മുതല്‍ റദ്ദാക്കിക്കൊണ്ടിരിക്കുന്നത്.

താമസസ്ഥലങ്ങളുടെ വാടകയും മറ്റും കണക്കുതീര്‍ത്തും ഗള്‍ഫ് ജീവിതത്തിലെ മറ്റെല്ലാ ഇടപാടുകളും തീര്‍ത്തും വിമാനത്താവളങ്ങളിലെത്തിയപ്പോഴാണ് വിമാനസര്‍വീസുകള്‍ റദ്ദാക്കിയ വിവരമറിയുന്നത്. വൃദ്ധരും കുട്ടികളും രോഗികളും ഗര്‍ഭിണികളും തൊഴില്‍നഷ്ടപ്പെട്ടവരും ടൂറിസ്റ്റുവിസയിലെത്തി കുടുങ്ങിപ്പോയവരുമടക്കം ആയിരങ്ങള്‍ മടക്കയാത്ര അനിശ്ചിതത്വത്തിലായ ആശങ്കയോടെ വിമാനത്താവളം അധികൃതരോടും ഇന്ത്യന്‍ എംബസികളോടും കാരുണ്യത്തിന് കേഴുന്ന ഹൃദയഭേദകമായ രംഗങ്ങളാണെങ്ങും.

ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ ഇന്ത്യയില്‍ കുടുങ്ങിപ്പോയ പ്രവാസികളെ തിരികെ ഗള്‍ഫ് രാജ്യങ്ങളിലെ പണിസ്ഥലങ്ങളില്‍ എത്തിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിമാനം ചാര്‍ട്ടര്‍ ചെയ്യുമ്പോഴുള്ള നിബന്ധനകള്‍ ലംഘിച്ച് പ്രവാസികളെ ഗള്‍ഫിലേക്ക് കൊണ്ടുപോകാനാവില്ലെന്ന് ചാര്‍ട്ടേര്‍ഡ് വിമാനസര്‍വീസുകള്‍ നടത്തുന്ന ഗള്‍ഫ് വിമാനകമ്പനികള്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലെെദുബായ്, എയര്‍ അറേബ്യ, തുടങ്ങിയ വിദേശ വിമാന കമ്പനികള്‍ക്ക് ഇന്ത്യയിലേക്ക് ചാര്‍ട്ടേര്‍ഡ് സര്‍വീസുകള്‍ നടത്തുന്നതിന് പകപോക്കല്‍പോലെ കേന്ദ്ര സിവില്‍ വ്യോമ മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയത്.

വിമാനത്താവളത്തില്‍ കുടുങ്ങി ദുരിതത്തിലായവര്‍ക്ക് ബദല്‍ താമസസൗകര്യമൊരുക്കാന്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഏര്‍പ്പാടുചെയ്ത പ്രവാസി സംഘടനകളും വല്ലാതെ പാടുപെടുന്നു. രണ്ട് മാസത്തോളമായി നടന്നുവരുന്ന ഇന്ത്യയുടെ വന്ദേഭാരത് മിഷനില്‍ പ്രവാസികളെ ഇന്ത്യയില്‍ നിന്നു തിരിച്ചുകൊണ്ടുവരണമെന്ന യുഎഇ അടക്കമുള്ള രാജ്യങ്ങളുടെ അഭ്യര്‍ത്ഥന നിരസിച്ച ഇന്ത്യയ്ക്ക് ഇനി ഒരൊറ്റ ഇന്ത്യക്കാരനേയും വന്ദേഭാരത് വിമാനങ്ങളില്‍ തിരിച്ചുകൊണ്ടുവരുന്നതിന് യുഎഇ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ പകപോക്കലാണ് പ്രവാസിദ്രോഹ നടപടിയായി ചാര്‍ട്ടേര്‍ഡ് വിമാനവിലക്ക്.

ENGLISH SUMMARY: CHARTERD FLIGHT CANCELLED

YOU MAY ALSO LIKE THIS VIDEO