കെ രംഗനാഥ്

ദുബായ്

June 30, 2020, 10:48 pm

കേറിവാ മക്കളേ, സീറ്റൊഴിവുണ്ട്; കരിപ്പൂര്‍… കണ്ണൂര്‍ … കേറിവാ

Janayugom Online

കെ രംഗനാഥ്

നാട്ടില്‍ സ്റ്റാന്‍ഡില്‍ പിടിച്ചിട്ട സ്വകാര്യ ബസുകളിലേക്ക് യാത്രക്കാരെ ‘കിളികള്‍’ മാടിവിളിക്കുന്നതുപോലെയായി ഗള്‍ഫിലെ വിമാനത്താവളങ്ങളും. വന്ദേഭാരത് മിഷന്‍ വിമാനങ്ങളിലും പ്രവാസി സംഘടനകള്‍ ഏര്‍പ്പാടാക്കിയ ചാര്‍ട്ടേര്‍ഡ്‌ വിമാനങ്ങളിലും യാത്ര പുറപ്പെടാന്‍ ആളെ തികയാത്ത അവസ്ഥയാണുള്ളതെന്ന് വിവിധ എംബസിവൃത്തങ്ങള്‍ പറയുന്നു.

ഇതുമൂലം ബസിലെ കിളിയെപ്പോലെ ട്രാവല്‍ ഏജന്‍സികളെയാകെ ഫോണില്‍ ബന്ധപ്പെടുന്നു; കേറിവാ മക്കളേ കരിപ്പൂര്‍, കണ്ണൂര്‍, നെടുമ്പാശേരി, തിരുവനന്തപുരം വിമാനങ്ങളില്‍ മടക്കയാത്രയ്ക്ക് സീറ്റൊഴിവുണ്ടെന്ന് അറിയിക്കുന്നു. മുന്‍കൂ‍ട്ടി രജിസ്റ്റര്‍ നടത്തിയ ശേഷമാണ് ഗള്‍ഫ് സെക്ടറില്‍ നിന്ന് കേരളത്തിലേക്കും ഇന്ത്യയിലെ മറ്റു കേന്ദ്രങ്ങളിലേക്കുമുള്ള വിമാന സര്‍വീസുകള്‍ തീരുമാനിച്ചത്. എന്നാല്‍ യാത്രക്കാര്‍ അവസാന നിമിഷം പിന്‍മാറുന്ന പ്രവണതയേറിയതോടെ പ്രവാസികളെ ഓടിച്ചിട്ടുപിടിക്കാന്‍ ട്രാവല്‍ ഏജന്‍സികളും എയര്‍ ഇന്ത്യയും സംഘടനകളും രംഗത്തിറങ്ങിയിരിക്കുന്നു.

അബുദാബിയില്‍ നിന്നും കരിപ്പൂരിലേക്കുള്ള വന്ദേഭാരത് സര്‍വീസിലേക്ക് 900ല്‍പരം പേരെ ചാക്കിട്ടു നോക്കിയപ്പോഴാണ് 170 പേരെ തികയ്ക്കാനായത്. തിരുവനന്തപുരത്തേക്കാണ് യാത്രികരുടെ രൂക്ഷമായ ക്ഷാമം. കഴിഞ്ഞ ദിവസം ദുബായില്‍ നിന്നും തിരുവനന്തപുരത്തേക്ക് 178 യാത്രക്കാരെ തികയ്ക്കാന്‍ 1,400 ഓളം പ്രവാസികളെ വിളിക്കേണ്ടി വന്നു. യാത്രക്കാരുടെ കുറവുമൂലം കഴിഞ്ഞ രണ്ട് ദിവസ ങ്ങളിലും കരിപ്പൂരിലേക്ക് തിരിക്കാനിരുന്ന അബുദാബിയില്‍ നിന്നുള്ള രണ്ട് വിമാനങ്ങള്‍ റദ്ദാക്കി.

ഈ സര്‍വീസുകള്‍ കണ്ണൂരിലേയ്ക്കും കൊച്ചിയിലേയ്ക്കും തിരിച്ചുവിടാനാണ് തീരുമാനമെങ്കിലും ഇനിയും യാത്രക്കാര്‍ തികഞ്ഞിട്ടില്ല. ഗള്‍ഫില്‍ രോഗവ്യാപനവും രോഗവിമുക്തിയും കുറയുന്നതും നാട്ടിലെത്തിയാലും തിരിച്ചെത്തിയാലുമുള്ള ദീര്‍ഘമായ ക്വാറന്റെെന്‍ ദിനങ്ങളുമാണ് രജിസ്റ്റര്‍ ചെയ്ത പ്രവാസികളുടെ മടക്കയാത്രയ്ക്കുള്ള ആവേശം തണുപ്പിക്കുന്നത്. ഇവിടെ രോഗമില്ലെന്നു തെളിയിക്കപ്പെട്ടവര്‍ യാത്രയ്ക്കിടയില്‍ രോഗികളാകുന്ന സംഭവങ്ങളും നാട്ടിലേയ്ക്ക് മടങ്ങാനിരുന്നവരില്‍ ആശങ്ക പരത്തുന്നു. നാട്ടുകാരുടേയും വീട്ടുകാരുടേയും മടങ്ങിയെത്തുന്ന പ്രവാസിയോടുള്ള സമീപനത്തെക്കുറിച്ചുള്ള വാര്‍ത്തകളും അവരുടെ മനംമടുപ്പിക്കുന്നു.

you may also like this video;