ചതിയന്‍ പെട്ടിയില്‍

Web Desk
Posted on September 30, 2018, 9:15 am

സന്തോഷ് പ്രിയന്‍

രത്‌നപുരിയിലെ ഒരു ഗ്രാമത്തിലാണ് ശശാങ്കന്‍ ജീവിച്ചിരുന്നത്. അയാള്‍ നല്ല ഭംഗിയുള്ള ശില്പങ്ങള്‍ ഉണ്ടാക്കും. പക്ഷേ, പറഞ്ഞിട്ടെന്താ കാര്യം- അയാളുടെ വീട്ടില്‍ എന്നും പട്ടിണിയായിരുന്നു.

ഒരിയ്ക്കല്‍ ശശാങ്കന്‍ രാജാവിന്റെ ഒരു ശില്പം ഉണ്ടാക്കാന്‍ തുടങ്ങി. ഇതു രാജാവിന് കാഴ്ചവച്ചാല്‍ എന്തെങ്കിലും സമ്മാനം കിട്ടാതിരിക്കില്ല. ശില്പത്തിന്റെ പണി തീരാറായപ്പോഴാണ് മരപ്പണിക്കാരനായ തരികിടയ്യന്‍ അതുവഴി വന്നത്. ശശാങ്കന്റെ അയല്‍ക്കാരനാണ് തരികിടയ്യന്‍. ചതിയന്മാരുടെ രാജാവാകാന്‍ പറ്റിയ ആള്‍.

‘ഹയ്യട, ഉഗ്രന്‍ ശില്പം തന്നെ.’
തരികിടയ്യന്‍ ചോദിച്ചു.
‘ഇത് ആര്‍ക്ക് കൊടുക്കാനാ?’

ശശാങ്കന്‍ കാര്യം പറഞ്ഞു. ‘ഞാന്‍ രാജാവിന് ശില്പം കാഴ്ചവയ്ക്കാന്‍ പോവുകയാ. ചങ്ങാതീ നീ മരപ്പണിക്കാരനാണല്ലോ, എനിക്ക് ശില്പം കൊണ്ടുപോകാന്‍ തടി വച്ചുണ്ടാക്കിയ ഒരു നീളന്‍ പെട്ടി പണിതുതരണേ.’

‘അതിനെന്താ, ഞാന്‍ പെട്ടി തരാമല്ലോ’ തരികിടയ്യന്‍ സന്തോഷം നടിച്ച് പറഞ്ഞു. ‑ഹും വഴി കണ്ടിട്ടുണ്ട്. ഇങ്ങനെ മനസില്‍ പറഞ്ഞുകൊണ്ട് തരികിടയ്യന്‍ വീട്ടിലേക്കു പോയി.
വൈകുന്നേരം അയാള്‍ ഒരു വലിയ പെട്ടിയുമായി എത്തി. രണ്ടുപേരും കൂടി ശില്പം പെട്ടിയിലാക്കി.

പിറ്റേന്ന് രാവിലെ കൊട്ടാരത്തിലേക്ക് യാത്ര ചെയ്യേണ്ടതല്ലേ. ശശാങ്കന്‍ നേരത്തെ ഉറക്കമായി. അര്‍ദ്ധരാത്രിയായപ്പോള്‍ ഒരാള്‍ പമ്മിപ്പമ്മി വന്ന് ഓടിളക്കി ശശാങ്കന്റെ വീട്ടില്‍ കയറി. മറ്റാരുമായിരുന്നില്ല അത്, തരികിടയ്യന്‍ തന്നെ. അയാള്‍ പതുക്കെ പെട്ടി തുറന്ന് അതിനുള്ളില്‍ ചുരുണ്ടുകൂടി ഇരുന്നു. പെട്ടി പഴയപോലെ അടയ്ക്കുകയും ചെയ്തു. രാജാവിന്റെ അടുത്തെത്തുമ്പോള്‍ ശില്പം ഉണ്ടാക്കിയത് താനാണെന്ന് പറയുകയും ശശാങ്കന്‍ തട്ടിപ്പുകാരനാണെന്ന് പറഞ്ഞ് രാജാവിന്റെ സമ്മാനം കൈക്കലാക്കുകയും വേണം- ഇതായിരുന്നു തരികിടയ്യന്റെ മനസിലിരിപ്പ്.

നേരം പുലര്‍ച്ചെയായപ്പോള്‍ ഇതൊന്നുമറിയാതെ പാവം ശശാങ്കന്‍ പെട്ടി തലയില്‍ ചുമന്ന് കൊട്ടാരത്തിലേക്ക് തിരിച്ചു. കുറേ ദൂരം ചെന്നപ്പോള്‍ ശശാങ്കന് വല്ലാത്ത ക്ഷീണം തോന്നി. അയാള്‍ ഒരു പുഴയില്‍ ഇറങ്ങി കുളിക്കാനായി പെട്ടി താഴെ വച്ചു. അപ്പോള്‍ പുഴയില്‍ മൂന്നു സന്യാസിമാര്‍ കുളിക്കുന്നുണ്ടായിരുന്നു. പുഴക്കരയില്‍ ഇതേ വലിപ്പത്തിലുള്ള അവരുടെ ഒരു പെട്ടിയും ഉണ്ടായിരുന്നു. വല്ല ദേശാടനവും നടത്തുന്ന സന്യാസിമാരായിരിക്കും അവരെന്ന് ശശാങ്കന്‍ കരുതി.

ഇതിനിടെ നാട്ടില്‍ മറ്റൊരു വാര്‍ത്ത പരന്നു. നാടുവാഴുന്ന പൊന്നുതമ്പുരാന്റെ മകള്‍ സുഗന്ധി രാജകുമാരിയെ കിടിലപ്പന്‍ എന്ന കള്ളന്‍ തട്ടിക്കൊണ്ടുപോയിരിക്കുന്നു. രാജകുമാരിയെ അന്വേഷിച്ച് പലഭാഗത്തേക്കും രാജഭടന്മാര്‍ പായുകയാണ്. ഇതൊന്നുമറിയാതെ ശശാങ്കന്‍ കുളികഴിഞ്ഞ് പെട്ടിയുമായി യാത്ര തുടര്‍ന്നു.

കൊട്ടാരത്തിലെത്തിയ ശശാങ്കന്‍ രാജാവിനെ വണങ്ങിയിട്ടു പറഞ്ഞു. ‘പ്രഭോ ഈ പെട്ടിയില്‍ അടിയന്റെ ഒരു ചെറിയ സമ്മാനമാണ്. ദയവായി സ്വീകരിച്ചാലും.’
അപ്പോള്‍ രാജാവിന് ദേഷ്യം വന്നു. ‘ഹും, നമ്മുടെ പുന്നാര മകളെ കാണാതായിരിക്കുമ്പോഴാ നിന്റെ ഒരു സമ്മാനം. ആരവിടെ, ഈ പെട്ടിയെടുത്ത് ദൂരെ എറിയൂ.’
ഉടനെ രാജഭടന്മാര്‍ പെട്ടി എടുത്ത് വലിച്ചെറിഞ്ഞു. പെട്ടിയുടെ മുകള്‍ഭാഗം ഇളകിതെറിച്ചു. അപ്പോഴതാ അതിനുള്ളില്‍ രാജാവിന്റെ മകള്‍ സുഗന്ധി ബോധമറ്റ് കിടക്കുന്നു. അതു കണ്ട് എല്ലാവര്‍ക്കും അത്ഭുതമായി.

‘ഇയാള്‍ കിടിലപ്പനെ ശരിപ്പെടുത്തി കുമാരിയെ രക്ഷിച്ചതാവും. ഇയാള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി ആദരിക്കൂ.’
രാജാവ് സന്തോഷത്തോടെ വിളിച്ചു പറഞ്ഞു.

ഇതിനിടെ കിടിലപ്പന് എന്തു പറ്റിയെന്നറിയേണ്ടേ? പെരുങ്കള്ളനായ കിടിലപ്പനും കൂട്ടരും സന്യാസിയുടെ വേഷത്തില്‍ കുമാരിയെ തട്ടിയെടുത്ത് പെട്ടിയിലാക്കി കാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. വഴിമധ്യേ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് ശശാങ്കന്‍ പെട്ടിയുമായി അവിടെ എത്തിയത്. കുളികഴിഞ്ഞ് ശശാങ്കന്‍ അറിയാതെ എടുത്തത് രാജകുമാരിയെ അടച്ച പെട്ടിയായിരുന്നു. കിടിലപ്പന്‍ എടുത്തതോ ശശാങ്കന്റെ പെട്ടിയും. അതിലാണല്ലോ ശില്പവും പിന്നെ തിരികിടയ്യനും ഇരിക്കുന്നത്. കാട്ടിലെത്തി പെട്ടി തുറന്നപ്പോഴല്ലേ രസം, രാജകുമാരിക്ക് പകരം ഒരു ശില്പവും ഒരു മനുഷ്യനും. ദേഷ്യം വന്ന കിടിലപ്പന്‍ തിരികടയ്യനെ ശരിക്കും തല്ലിച്ചതച്ചു.

ശശാങ്കന്‍ നടന്നതെല്ലാം രാജാവിനെ ധരിപ്പിച്ചു. രാജാവ് അയാള്‍ക്ക് കൈനിറയെ സമ്മാനങ്ങള്‍ നല്‍കി. തരികിടയ്യനെ പിന്നീടാരും കണ്ടിട്ടില്ല. കിടിലപ്പനാകട്ടെ രാജകുമാരിയെ പിന്നീട് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിട്ടുമില്ല. നല്ലവനായ ശശാങ്കന്‍ പിന്നെയുള്ള കാലം സുഖമായി ജീവിച്ചു.