ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് പ്രാബല്യത്തിലാക്കിയ എൻഐഎ നിയമത്തിനെതിരേ കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢ് സർക്കാർ സുപ്രീംകോടതിയിൽ. എൻഐഎ നിയമം സംസ്ഥാന സർക്കാരിന് പൊലീസിലൂടെ കേസന്വേഷണം നടത്താനുള്ള അധികാരങ്ങളെ ദുർബലപ്പെടുത്തുന്നതും കേന്ദ്രത്തിന് അമിതമായ അധികാരം നൽകുന്നതാണെന്നും കാണിച്ചാണ് നിയമത്തിന്റെ സാധുത പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഛത്തീസ്ഗഢ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഭരണഘടനയിലെ അനുച്ഛേദം 131 പ്രകാരമാണ് കേന്ദ്ര നിയമത്തിനെതിരേ ഛത്തീസ്ഗഢ് സർക്കാർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. കഴിഞ്ഞ ദിവസം കേന്ദ്രത്തിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരേ അനുച്ഛേദം 131 പ്രകാരം കേരള സർക്കാർ സുപ്രീംകോടതിയിൽ സ്യുട്ട് ഫയൽ ചെയ്തതിന് പിന്നാലെയാണ് മറ്റൊരു കേന്ദ്ര നിയമത്തിനെതിരേ ഛത്തീസ്ഗഢും പരമോന്നത കോടതിയിൽ നിയമ പോരാട്ടത്തിന് തുടക്കമിട്ടത്.
ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകളിൽ എൻഐഎ അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് സംസ്ഥാന സർക്കാരുമായി ഏകോപനത്തിനോ കൂടിയാലോചനയ്ക്കോ യാതൊരു വ്യവസ്ഥയും നിയമത്തിലില്ലെന്നും കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഛത്തീസ്ഗഢ് സർക്കാർ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് തന്നെ രാജ്യത്തെ ഫെഡറൽ സംവിധാനത്തിന് എതിരായ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു. 2008ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നാലെ പി ചിദംബരം ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് എൻഐഎ നിയമം യുപിഎ സർക്കാർ പാർലമെന്റിൽ പാസാക്കിയത്. ഭീകവാദവുമായി ബന്ധപ്പെട്ട രാജ്യത്തെ എല്ലാ കേസുകളും അന്വേഷിക്കാനുള്ള പ്രത്യേക ദേശീയ അന്വേഷണ വിഭാഗമാണ് എൻഐഎ. കഴിഞ്ഞ വർഷം എൻഡിഎ സർക്കാർ എൻഐഎ നിയമത്തിൽ ഭേദഗതി വരുത്തിയിരുന്നു. വ്യക്തികളെയും ഭീകരരായി പ്രഖ്യാപിക്കാൻ ഭേദഗതിയിൽ വ്യവസ്ഥയുണ്ടായി. സംസ്ഥാന പൊലീസ് ചുമത്തുന്ന യുഎപിഎ കേസുകളിൽ സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ തന്നെ എൻഐഎയ്ക്ക് കേസ് എടുക്കാനും സാധിച്ചു.
English Summary: Chatisgad in Supreme Court against NIA Act.