അഭിഭാഷകനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ തൃശൂർ സ്വദേശി അറസ്റ്റിൽ

Web Desk
Posted on November 16, 2018, 6:26 pm
കൊച്ചി: അഭിഭാഷകനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ തൃശൂർ സ്വദേശി അറസ്റ്റിൽ. തൃശൂർ ഒല്ലൂക്കര കൃഷ്ണപുരം കണ്ണാടിപ്പറമ്പിൽ വീട്ടിൽ റെലീഫ് (40) ആണ് എറണാകുളം സെൻട്രൽ പൊലീസിന്‍റെ പിടിയിലായത്.
വിദേശ കമ്പനിയിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. എറണാകുളത്ത് അഭിഭാഷകനായ ‌കൊടുങ്ങല്ലൂർ സ്വദേശി അക്ബറിൽ നിന്നാണ് ഓഹരി പങ്കാളിത്തം ഉറപ്പു നൽകി പതിനേഴര ലക്ഷം തട്ടിയെടുത്തത്. റെലീഫ് ഉൾപ്പെട്ട മൂന്നംഗ സംഘം ഖത്തറിലെ സ്ഥാപനങ്ങളിൽ തങ്ങൾക്ക് 50 കോടി രൂപയുടെ മൂലധന നിക്ഷേപമുണ്ടെന്ന് അഭിഭാഷകനെ വിശ്വസിപ്പിച്ചു. ഇതിനായി വ്യാജ ബാങ്ക് അക്കൗണ്ടുകളും ഡിപ്പോസിറ്റ് രേഖകളും ഹാജരാക്കി. ഇതു വിശ്വസിച്ച അഭിഭാഷകൻ എറണാകുളം നഗരത്തിലെ ഓഫിസ‌ിൽ വച്ചു പണം കൈമാറുകയായിരുന്നു. 2012ലായിരുന്നു ഇടപാട്. എറണാകുളം സെൻട്രൽ സിഐ എ. അനന്തലാൽ, പ്രിൻസിപ്പൽ എസ്ഐ ജോസഫ് സാജൻ, എസ്ഐ സുനുമോൻ എന്നിവരടങ്ങിയ സംഘമാണു പിടികൂടിയത്.