ജമ്മു-കശ്മീര്‍: പ്രത്യേക പദവി റദ്ദാക്കുന്നതിലെ വഞ്ചന

Web Desk
Posted on August 13, 2019, 10:14 pm

പ്രേം ശങ്കര്‍ ഝാ

അനുഛേദം 370 രാഷ്ട്രപതി ഉത്തരവിലൂടെ റദ്ദാക്കിയതിനെ തുടര്‍ന്ന് രാജ്യം പല തട്ടുകളിലായിരിക്കുന്നു. കാവിപ്പട അത്യാഹ്‌ളാദത്തിലാണ്. മോഡി സര്‍ക്കാര്‍, അവരുടെ സര്‍ക്കാര്‍, ആ സര്‍ക്കാരിന് ഇക്കാര്യത്തില്‍ തന്റേടമുണ്ടായി. കോണ്‍ഗ്രസിനും മതേതരവാദികള്‍ക്കും കഴിയാതിരുന്നത് തങ്ങള്‍ പൂര്‍ത്തീകരിച്ചു. കശ്മീര്‍ പ്രശ്‌നം അവസാനിച്ചു.അശാന്തിയുടെയും അസ്വസ്ഥതയുടെയും ഒരു ചെറിയ ഇടവേള ഉണ്ടാകും. അത് അവസാനിക്കുമ്പോള്‍ ഈ പുഴുക്കുത്ത,് ഭൂതകാലത്തില്‍ നിന്നും ഉരുത്തിരിഞ്ഞ ഈ അപാകത, പരിഹരിക്കപ്പെടും. ആധുനിക ഇന്ത്യയുടെ നിര്‍മ്മാണം പൂര്‍ണ്ണമാകും, കാവിസംഘം ആഘോഷിക്കുകയാണ്.

എന്നാല്‍ ഈ ധാരണ തികഞ്ഞ അബദ്ധമാണ്. 2016ല്‍ രാജ്യത്തുനിലനിന്നിരുന്ന പത്തില്‍ ഒമ്പതു നോട്ടുകളും പാതിരാത്രിയില്‍ ഒരു ഉത്തരവിലൂടെ മോഡി ഇല്ലാതാക്കുമ്പോള്‍ രാജ്യത്തിന്റെ സമ്പദ്ഘടന തളര്‍വാതക്കിടക്കയിലേക്ക് നീങ്ങി.കര്‍ഷകരും ഗ്രാമീണ ജനതയും ഇതില്‍ നിന്നും ഇനിയും മോചിതമായില്ല, പക്ഷെ മോഡി സമര്‍ഥമായി തടിയൂരി. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പു സമ്മാനിച്ച സമ്പൂര്‍ണ്ണവും അഭേദ്യവുമായ സുരക്ഷിതത്വം സമാനമായ കടുത്ത മണ്ടത്തരങ്ങള്‍ക്ക് കേന്ദ്രത്തെ പ്രേരിപ്പിക്കുന്നു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ പ്രശ്‌നത്തില്‍ നിന്നുള്ള മോചനം അത്ര എളുപ്പമാകില്ല. ഈ തീരുമാനം കടുത്ത പ്രത്യാഘാതത്തിന് വഴിയൊരുക്കും. ചിലപ്പോള്‍ അത് രാജ്യത്തിന് പുറത്തുനിന്നാവാം. അത് മോഡിക്കും കൂട്ടര്‍ക്കും നിയന്ത്രിക്കാനും ആവില്ല. കേന്ദ്ര തീരുമാനത്തിനെതിരെയുള്ള ആദ്യ പ്രതികരണം ഉയര്‍ന്നത് കശ്മീരി യുവജനങ്ങളില്‍ നിന്നുമായിരുന്നു. സമ്പൂര്‍ണ്ണമായി ഒറ്റപ്പെട്ടിരിക്കുകയാണ് ഇവിടെ യുവത്വം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ ഉയരുന്ന പ്രതിഷേധം 2016ല്‍ ബുര്‍ഹാന്‍ വാനിയുടെ കൊലയെ തുടര്‍ന്നുണ്ടായ കലാപത്തിലും രോഷത്തിലും പതിന്മടങ്ങ് അധികരിക്കുമെന്ന് മോഡി തിരിച്ചറിയുന്നുണ്ട്. ഇതിന് തടയിടാന്‍ 75,000 അധിക സുരക്ഷാസേനയെ കാലേകൂട്ടി താഴ്‌വരയില്‍ വിന്യസിച്ചു. അമര്‍നാഥ് യാത്ര പാതിവഴിയില്‍ അവസാനിപ്പിച്ചു. വിദ്യാലയങ്ങള്‍ അടച്ചു. ഇന്റര്‍നെറ്റ്, മൊബൈല്‍, ലാന്റ്‌ഫോണ്‍ സംവിധാനങ്ങള്‍ നിശ്ചലമാക്കി. വിഘടനാവാദം ഉയര്‍ത്തുന്ന നേതാക്കളെ മാത്രമല്ല, കശ്മീരിന്റെ ചരിത്രത്തില്‍ ആദ്യമായി, മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും വീട്ടുതടങ്കലിലായി. ഇവരാരും കശ്മീരിന് ഇന്ത്യാമഹാരാജ്യത്തോടുള്ള വിധേയത്വമോ കൂട്ടിച്ചേര്‍ക്കലോ ചോദ്യം ചെയ്തിട്ടില്ലാത്തവരാണ് എന്നതും ഓര്‍മ്മിക്കണം.
പക്ഷെ മോഡിയും ആഭ്യന്തരമന്ത്രി അമിത്ഷായും തങ്ങള്‍ കശ്മീര്‍ ജനതയോടു കാട്ടിയ രാക്ഷസീയവഞ്ചന അവഗണിക്കുകയാണ്. കശ്മീര്‍ താഴ്‌വരയിലെ ജനതയില്‍ 90 ശതമാനവും ഇന്ത്യയില്‍ നിന്നും പൂര്‍ണ്ണമായ മാറ്റം ആഗ്രഹിക്കുന്നില്ല.

ഇവര്‍ സ്വാതന്ത്ര്യം എന്ന് മുദ്രാവാക്യം മുഴക്കുമ്പോള്‍ അത് പൂര്‍ണ്ണമായ രാഷ്ട്രീയ സ്വയംഭരണാവകാശമാണ് ലാക്കാക്കുന്നത്. അവര്‍ ഇന്ത്യയുമായി അകല്‍ച്ച ഇച്ഛിക്കുന്നില്ല. ഈ ഭൂരിപക്ഷത്തെയാണ് സര്‍ക്കാര്‍ വഞ്ചിക്കുന്നത്. ഇതിലേക്ക് കേന്ദ്ര ഭരണാധികാരികളെ നയിച്ചത് അന്ധമായ ഹിന്ദുത്വമാണ്. ചരിത്രത്തോട് ബഹുമാനമില്ലായ്മ, യാഥാര്‍ഥ്യങ്ങളുമായി ഒരിക്കലും പൊരുത്തപ്പെടാതെ അവയെ നിഷേധിക്കാനാണ് ശ്രമം. ഹിന്ദുത്വ സിദ്ധാന്തത്തിന്റെ വര്‍ത്തമാന അവസ്ഥയാണിത്.

കശ്മീരിലെ ഇസ്ലാം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വ്യാപകമായി പ്രാബല്യത്തിലുള്ള ദിയോബന്ദ് — ബറേല്‍വി ഇസ്‌ലാം രീതികളില്‍ നിന്നും വിഭിന്നമാണ് എന്ന വസ്തുത സംഘപരിവാര്‍ ബോധപൂര്‍വ്വം വിസ്മരിക്കുന്നു.ജമ്മു കശ്മീരില്‍ പ്രചാരത്തിലുള്ളത് റെഷി ഇസ്ലാം രീതിയാണ്. ഋഷി എന്ന വാക്കില്‍ നിന്നുമാണ് ഇത് രൂപപ്പെട്ടത്. പേര്‍ഷ്യയില്‍ നിന്നും മധ്യ ഏഷ്യയില്‍ നിന്നുമുള്ള സൂഫിവര്യന്മാരിലൂടെ കശ്മീരില്‍ എത്തുകയും ഇവരുടെ ശിഷ്യരായി തീര്‍ന്ന ബ്രാഹ്മണരിലൂടെ കശ്മീര്‍ താഴ്‌വരയില്‍ ഇസ്ലാം പ്രചരിക്കുകയും ചെയ്തു. ഇവരില്‍ പ്രമുഖയായിരുന്നു കശ്മീരി പണ്ഡിറ്റ് കുടുംബത്തില്‍ നിന്നുമുള്ള ലാല്‍ദെദ് ലാലേശ്വരി. ഈ പുണ്യവതിയുടെ പേരില്‍ കശ്മീര്‍ താഴ്‌വരയില്‍ നിരവധി സ്‌കൂളുകളും കോളജുകളും ആശുപത്രികളും പ്രവര്‍ത്തിക്കുന്നു. ഇത്തരം ഇടപെടലുകളിലൂടെ കശ്മീരിലെ ഇസ്ലാം രീതികളില്‍ ഹൈന്ദവ ആചാരങ്ങളും സ്വാധീനങ്ങളും ഉള്‍ച്ചേര്‍ന്നു. 1946ല്‍ കശ്മീര്‍ മുസ്ലിം കോണ്‍ഫറന്‍സിന്റെ മുഖ്യന്‍ ചൗധരി ഗുലാം അബ്ബാസ് മുഹമ്മദ് അലി ജിന്നയോട് തന്റെ പാര്‍ട്ടിയെ മുസ്ലീം ലീഗില്‍ ഉള്‍ക്കൊള്ളിക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതി. ജിന്ന ഇക്കാര്യം നിരാകരിച്ചു. കാരണമായി ചൂണ്ടിക്കാട്ടിയത് അദ്ദേഹത്തിന്റെ സെക്രട്ടറി ഖുര്‍ഷിദ് അഹമ്മദിന്റെ നിലപാടായിരുന്നു.

ഇവര്‍ പിന്തുടരുന്നത് വിചിത്രമായ ഇസ്ലാം രീതികളാണ്. നമ്മള്‍ വിശുദ്ധമെന്ന് കരുതുന്ന പല തത്വങ്ങളുടെയും കടയ്ക്കല്‍ കത്തി വയ്ക്കുന്ന നിലപാട് ഇവര്‍ അനുവര്‍ത്തിക്കുന്നു. ഇവര്‍ ശരിയായ മുസ്ലിം രീതികളിലേക്ക് മടങ്ങിവരുന്നതിന് ദീര്‍ഘമായ പുനര്‍ വിദ്യാഭ്യാസം വേണ്ടിവരും; ഖുര്‍ഷിദ് അഹമ്മദ് കശ്മീരികളെ കുറിച്ച് ജിന്നക്ക് എഴുതിയത് ഇങ്ങനെയാണ്.
കശ്മീര്‍ മാത്രമാണ് ഒരു നാട്ടുരാജാവിന്റെ ഇച്ഛ മാത്രമല്ലാതെ ഒരു രാഷ്ട്രീയ കക്ഷിയുടെ — നാഷണല്‍ കോണ്‍ഫറന്‍സ്- താല്‍പര്യത്തിന്റെ കൂടി അടിസ്ഥാനത്തില്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരാന്‍ തീരുമാനിക്കുകയും അംഗീകാരം നേടുകയും ചെയ്തത്.ഇത് ചരിത്രയാഥാര്‍ഥ്യമാണ്. 1965 ഓഗസ്റ്റില്‍ പാകിസ്ഥാനില്‍ നിന്നും കര്‍ഷക വേഷത്തില്‍ ആയുധധാരികളായി നിരവധിപേര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറി. ഇവര്‍ അതിര്‍ത്തി ഗ്രാമത്തില്‍ കണ്ട ഒരു കര്‍ഷകനോട് ശ്രീനഗറിലേക്കുള്ള വഴി ആരാഞ്ഞു. അദ്ദേഹം നുഴഞ്ഞു കയറ്റക്കാരെ തെറ്റായ വഴിയിലൂടെ പറഞ്ഞുവിടുകയും സൈക്കിളില്‍ ശ്രീനഗറില്‍ എത്തി അധികാരികളെ വിവരം അറിയിക്കുകയും ചെയ്തു. 1990 ലെ കലാപത്തില്‍ ഐഎസ്‌ഐയുടെ ആദ്യ ഇരയായിരുന്നു രാജ്യസ്‌നേഹിയായ ഈ കര്‍ഷകന്‍.

കശ്മീരില്‍ കലാപം കനത്തു തുടങ്ങിയ എണ്‍പതുകളുടെ അവസാനം മുതല്‍ രാജ്യതലസ്ഥാനത്തെത്തി സമാധാന ചര്‍ച്ചകള്‍ നടത്തിയിട്ടുളളവരും ഇന്ത്യയുടെ സമാധാനശ്രമങ്ങളുമായി സഹകരിച്ചവരുമായ എല്ലാ കശ്മീരി നേതാക്കളെയും ഐഎസ്‌ഐ കൊന്നൊടുക്കി. മിര്‍വായിസ് മൗലവി ഫാറൂഖ് മുതല്‍ അബ്ദുള്‍ ഖനി ലോണ്‍ വരെ നീളുന്നു ദീര്‍ഘമായ ആ പട്ടിക. അബ്ദുള്‍ ഖനി ലോണിന്റെ മകന്‍ സജ്ജാജ് ലോണ്‍ 2015ല്‍ ബിജെപി സഖ്യത്തിന്റെ ഭാഗവുമായിരുന്നു. നിയന്ത്രണ രേഖ കടന്ന് ബസ് സര്‍വ്വീസ് ആരംഭിച്ച് സമാധാന സന്ദേശം നല്‍കാന്‍ ശ്രമിക്കുമ്പോഴും കശ്മീരിലെ കലാപത്തിനും അശാന്തിക്കും അവസാനമുണ്ടായിരുന്നില്ല. രണ്ടു പിന്‍ഗാമികള്‍ക്കും പ്രശ്‌നം എങ്ങനെ അവസാനിപ്പിക്കണം എന്നതില്‍ തിട്ടവുമില്ലായിരുന്നു.

എന്നെങ്കിലും ഡല്‍ഹി തങ്ങളുടെ ആവശ്യം തിരിച്ചറിയുമെന്നും പരിഗണിക്കുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു കശ്മീരി ജനത. ബ്രിട്ടനിലെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് 2009ല്‍ നടത്തിയ ഒരു സര്‍വ്വേയില്‍ 2.5 മുതല്‍ 7.5 ശതമാനം പേര്‍ മാത്രമാണ് കശ്മീര്‍ പാകിസ്ഥാനോട് ചേരുന്നതാണ് ഉത്തമമെന്ന് അഭിപ്രായപ്പെട്ടത്. അവരാകട്ടെ വിഘടനവാദികളുടെ സ്വാധീനം ഏറിയ പ്രവിശ്യകളില്‍ ഉളളവരും ആയിരുന്നു.

(കടപ്പാട്: ദ വയര്‍)
(അവസാനിക്കുന്നില്ല)