ജനങ്ങളെ വഞ്ചിക്കുന്നത് ഒരു കുറ്റകൃത്യമാണ്

Web Desk
Posted on June 13, 2019, 8:49 am

സര്‍ക്കാര്‍ അതിന്റെ ജനങ്ങളോട് ചെയ്യുന്ന ഏറ്റവും വലിയ പാതകങ്ങളിലൊന്ന് വസ്തുതകള്‍ മറച്ചുവയ്ക്കുകയെന്നതാണ്. ഒന്നും മറച്ചുവയ്ക്കാന്‍ സാധിക്കാത്ത കാലത്താണ് നാം ജീവിക്കുന്നത്. വിവരാവകാശ നിയമത്തിലൂടെ അറിയാനുള്ള അവകാശം കൂടുതല്‍ ശക്തമായ രാജ്യവുമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ പൊതുസ്ഥിതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജനങ്ങള്‍ അറിയേണ്ടതാണ്. എന്നാല്‍ രാജ്യത്തിന്റെ വികസനവും സാമ്പത്തിക സ്ഥിതിയും വളര്‍ച്ചയും സംബന്ധിച്ച കാര്യങ്ങളെല്ലാം ജനങ്ങളുടെ മുന്നില്‍ മറച്ചുവച്ചുവെന്നാണ് അടുത്ത ദിവസങ്ങളില്‍ പുറത്തുവന്ന പല വാര്‍ത്തകളും വ്യക്തമാക്കുന്നത്. നാലുവര്‍ഷത്തോളം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ വെളിപ്പെടുത്തലുകളാണ് അതില്‍ ഒടുവിലത്തേത്.

പ്രധാനമന്ത്രി നരേന്ദ്രമോഡിയും ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിയും ആവര്‍ത്തിച്ചുകൊണ്ടിരുന്ന കാര്യമായിരുന്നു രാജ്യം വന്‍ വളര്‍ച്ച നേടിയെന്ന കാര്യം. വളര്‍ച്ചാ നിരക്കില്‍ മാത്രമല്ല വിദേശ നിക്ഷേപത്തിലും സുഗമമായി വ്യാപാര — വ്യവസായ സ്ഥാപനങ്ങള്‍ നടത്തുന്നതിന് അന്തരീക്ഷം സൃഷ്ടിക്കുന്ന കാര്യത്തിലും രാജ്യം മുന്നേറിയെന്ന് ആവര്‍ത്തിച്ച് കൊട്ടിഘോഷിക്കുകയും ചെയ്തിരുന്നു അവര്‍. ഒരു പക്ഷേ മറ്റെല്ലാ പരിമിതികളും പ്രതിസന്ധികളും മറച്ചുവയ്ക്കുന്നതിന് അവര്‍ക്ക് ആകെ പറയാനുണ്ടായിരുന്ന നേട്ടവും ഇതായിരുന്നു. എന്നാല്‍ അവയെല്ലാം കെട്ടുകഥകളും വ്യാജക്കണക്കുകളുമായിരുന്നുവെന്നാണ് ആ കാലത്ത് ഭരണ നേതൃത്വത്തെ സഹായിച്ചിരുന്നവര്‍ ഇന്ന് തുറന്നുപറയുന്നത്.
രാജ്യത്തിന്റെ യഥാര്‍ഥ വളര്‍ച്ചാ നിരക്ക് പെരുപ്പിച്ച് കാട്ടുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ ഉപയോഗിച്ചുവെന്നായിരുന്നു അരവിന്ദ് സുബ്രഹ്മണ്യം ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടുന്നത്. അന്താരാഷ്ട്ര സാമ്പത്തിക മാനദണ്ഡങ്ങള്‍ പ്രകാരം രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് 4.5 ശതമാനം മാത്രമായിരുന്നു. ഇതിനെയാണ് 2.5 ശതമാനം കൂട്ടി ഏഴ് ശതമാനമായി പെരുപ്പിച്ച് കാണിച്ചത്. 2011-12 മുതലുള്ള ജിഡിപി പുതിയ രീതിശാസ്ത്രം ഉപയോഗിച്ച് കണക്കാക്കിയെന്നാണ് അരവിന്ദ് സുബ്രഹ്മണ്യം വ്യക്തമാക്കുന്നത്. 2014 മെയ് മാസത്തില്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്രമോഡി 2014 ഒക്‌ടോബറിലാണ് ഇദ്ദേഹത്തെ സാമ്പത്തിക ഉപദേഷ്ടാവാക്കിയത്. 2018 ജൂണ്‍ മാസം വരെ അദ്ദേഹം തല്‍സ്ഥാനത്ത് തുടര്‍ന്നു. അതായത് പെരുപ്പിച്ച കണക്കുകള്‍ തയ്യാറാക്കുന്നതില്‍ അദ്ദേഹത്തിനും കൂടി പങ്കുണ്ടായിരുന്നുവെന്നര്‍ഥം. ഇപ്പോള്‍ അത് തുറന്നുപറയുന്നതിലൂടെ അരവിന്ദ് സുബ്രഹ്മണ്യം തനിക്ക് ചെയ്യേണ്ടിവന്ന തെറ്റ് ഏറ്റുപറയുക കൂടിയാണെന്ന് വേണം കരുതാന്‍.
ഇതിന് സമാനമായ വെളിപ്പെടുത്തലുകള്‍ മെയ് മാസത്തില്‍ പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേശക സമിതി അംഗമായിരുന്ന രഥിന്‍ റോയിയില്‍ നിന്നും ഉണ്ടായിരുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ഘടനാപരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. രാജ്യം ചൈനയ്‌ക്കൊപ്പമെത്താന്‍ പോകുന്നുവെന്ന അവകാശവാദങ്ങള്‍ നിലനില്‍ക്കേയുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ മോഡിയുടെ മുഖംമൂടി അഴിച്ചെറിയുന്നതായിരുന്നു. ഇന്ത്യ ഇപ്പോഴത്തെ സാഹചര്യത്തില്‍ ചൈനയോ കൊറിയയോ ആയല്ല ലോകത്ത് വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബ്രസീലോ ദക്ഷിണാഫ്രിക്കയോ ആകാനാണ് സാധ്യതയെന്നാണ് അദ്ദേഹം ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചത്.
ഇതിന് പുറമേ രാജ്യത്തിന്റെ ഗുരുതരമായ തൊഴിലില്ലായ്മ നിരക്ക് മറച്ചുവച്ചത് സംബന്ധിച്ച വിവാദം കഴിഞ്ഞ ഫെബ്രുവരി മാസം മുതല്‍ നിലനില്‍ക്കുകയാണ്. യഥാര്‍ഥ കണക്ക് മറച്ചുവച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്‍ മേധാവിയടക്കം രണ്ടുപേര്‍ രാജിവച്ച് പോയ സാഹചര്യവുമുണ്ടായിരുന്നു. തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന നിരക്കിലാണെന്ന കണ്ടെത്തല്‍ മറച്ചുവയ്ക്കുന്നതിന് കേന്ദ്രം സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്നായിരുന്നു അവരുടെ രാജി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഈ കണക്ക് പുറത്തുവന്നപ്പോള്‍ മോഡി സര്‍ക്കാരിന്റെ മറ്റൊരു കാപട്യം കൂടിയാണ് പുറത്തായത്. അതിന് ശേഷമാണ് വളര്‍ച്ചാ നിരക്ക് പെരുപ്പിക്കാന്‍ വ്യാജ കണക്കുകള്‍ സൃഷ്ടിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ (എന്‍എസ്എസ്ഒ) റിപ്പോര്‍ട്ട് പുറത്തുവന്നത്. വ്യാജ കമ്പനികളുടെയും കടലാസ് സ്ഥാപനങ്ങളുടെയും കണക്കുകള്‍ ചേര്‍ത്താണ് വളര്‍ച്ചാ നിരക്ക് പെരുപ്പിച്ചതെന്ന അല്‍ഭുതപ്പെടുത്തുന്ന വിവരവും പ്രസ്തുത റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ പെരുപ്പിച്ചുകാട്ടിയ കണക്കുകള്‍ നേരത്തേ തന്നെ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു. അതെല്ലാം തള്ളുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ എന്‍എസ്എസ്ഒ റിപ്പോര്‍ട്ട്, സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്, പ്രധാനമന്ത്രിയുടെ ഉപദേശകരായിരുന്ന അരവിന്ദ് സുബ്രഹ്മണ്യം, രഥിന്‍ റോയി എന്നിവരുടെ തുറന്നുപറച്ചില്‍ എന്നിവ കൂടിയാകുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ 130 കോടിയിലധികം വരുന്ന ജനങ്ങളെ വഞ്ചിച്ചതിന്റെ ഉദാഹരണങ്ങള്‍ കൂടുകയാണ്. ജനങ്ങളെ വഞ്ചിക്കുകയാണ് മോഡിയും കൂട്ടരും ചെയ്തിരിക്കുന്നത്. അതുകൊണ്ട് ഇത് ഒരുതരത്തില്‍ ജനങ്ങളോട് ചെയ്യുന്ന കുറ്റകൃത്യം കൂടിയാണ്.