Web Desk

തിരുവനന്തപുരം

February 12, 2021, 8:42 am

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് കേരളത്തിൽ

Janayugom Online

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഫെബ്രുവരി 12 രാത്രി കേരളത്തിലെത്തും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ, തെരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരുമാണ് കേരളത്തിലെത്തുക. 15 വരെ സംഘം കേരളത്തിലുണ്ടാവുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു. 

നാളെ രാവിലെ 10ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായും പൊലീസ് നോഡൽ ഓഫീസറുമായും കൂടിക്കാഴ്ച നടത്തും. 11 മണിക്ക് രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി ചർച്ച നടത്തും. വൈകിട്ട് 3.30ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാരുമായും എസ് പി മാരുമായും ചർച്ച നടത്തും. വൈകിട്ട് 6.30ന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു കാര്യനിർവഹണ ഏജൻസികളുമായി ആശയവിനിമയമുണ്ടാവും. 

14ന് രാവിലെ 10 മണിക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുമായി വീണ്ടും ചർച്ച നടക്കും. വൈകിട്ട് 3.30ന് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തും. വൈകിട്ട് അഞ്ചിന് വാർത്താസമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. 15ന് രാവിലെ സംഘം ഡൽഹിയിലേക്ക് മടങ്ങും.
തെരഞ്ഞെടുപ്പ് കമ്മിഷനിലെ മുതിർന്ന ഉദ്യോഗസ്ഥരായ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ സുദീപ് ജെയിൻ, ചന്ദ്രഭൂഷൺ കുമാർ, എഡിജി ഷേയ്ഭാലി ബി ശരൺ, ഡയറക്ടർ പങ്കജ് ശ്രീവാസ്തവ, സെക്രട്ടറി എ കെ പാഠക് എന്നിവരും സംഘത്തിലുണ്ടാകും. 

തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ സംബന്ധിച്ച പരിശോധനകൾ പൂർത്തിയാക്കി ചെന്നൈയിൽ നിന്നുമാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ ഇന്ന് കേരളത്തിൽ എത്തുന്നത്. 

Eng­lish Sum­ma­ry : Chief elec­tion com­mis­sion to vist ker­ala today

You may also like this video :