Web Desk

ലണ്ടന്‍

March 04, 2020, 10:33 pm

ചെൽസിയോട് തോറ്റ് ലിവർപൂൾ

Janayugom Online

ഇംഗ്ലീഷ്‌പ്രീമിയർ ലീഗിലെ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ ലിവർപൂൾ എഫ് എ കപ്പിൽ നിന്ന് പുറത്ത്. ചെൽസിയാണ് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ലിവപൂളിനെ തോൽപ്പിച്ചത്. വില്യൻ, റോസ് ബെർക്‌ലി എന്നിവരാണ് ചെൽസിക്കായി ലക്ഷ്യം കണ്ടത്. ചെല്‍സിയുടെ മൈതാനത്ത് നടന്ന മത്സരത്തില്‍ 13-ാം മിനിറ്റിൽ വില്യന്‍ ആണ് ആദ്യം സ്‌കോര്‍ ചെയ്തത്.

വില്യൻ തൊടുത്ത പൊള്ളുന്ന ഷോട്ട് നേരെ അഡ്രിയാന്റെ കൈകളിലേക്കായിരുന്നെങ്കിലും പന്തു പിടിച്ചെടുക്കാൻ അദ്ദേഹത്തിനായില്ല. കയ്യിൽനിന്ന് വഴുതിയ പന്ത് നേരെ വലയിൽകയറി. രണ്ടാം പകുതിയിൽ റോസ് ബെർക്‌ലിയിലൂടെ ചെൽസി ലീ‍ഡ് വർധിപ്പിച്ചു. ബോക്സിനു വെളിയിൽനിന്നും പന്തുമായി ഓടിക്കയറിയ റോസ് ബെർക്‌ലി തൊടുത്ത ബുള്ളറ്റ് ഷോട്ട് ഗോൾകീപ്പർ അഡ്രിയാന് യാതൊരു അവസരവും നൽകാതെ വലയിൽ കയറി. ഇതിനിടെ ചെൽസിയുടെ ഫ്രീകിക്കിൽനിന്നുള്ള ഗോൾശ്രമം ക്രോസ് ബാറിൽത്തട്ടി പുറത്തുപോവുകയും ചെയ്തു. 17 തവണ ചെല്‍സി ഷോട്ടുകളുതിര്‍ത്തപ്പോള്‍ 14 തവണയാണ് ലിവര്‍പൂളിന് ഗോള്‍ശ്രമം നടത്താനായത്. 7 തവണ ചെല്‍സി ലക്ഷ്യത്തിലേക്ക് തൊടുത്തപ്പോള്‍ ലിവര്‍പൂള്‍ അഞ്ചില്‍ ഒതുങ്ങി.

പതിവിന് വിപരീതമായി പ്രതിരോധത്തിലൂന്നി പ്രത്യാക്രമണം നടത്താനുള്ള ചെല്‍സിയുടെ പദ്ധതി വിജയിച്ചു. അതുകൊണ്ടുതന്നെ 59 ശതമാനം പന്തില്‍ മേധാവിത്വം ലഭിച്ചിട്ടും ലിവര്‍പൂളിന് നേട്ടമാക്കാന്‍ കഴിഞ്ഞില്ല. പ്രതിരോധം ദുര്‍ബലമായതും ലിവര്‍പൂളിന് തിരിച്ചടിയായി. പ്രീമിയർ ലീഗിൽ ഈ സീസണിൽ ലിവർപൂളിന്റെ ആദ്യ തോൽവി കൂടിയാണ് വാറ്റ്ഫോഡിനെതിരെ ശനിയാഴ്ച പിണഞ്ഞത്. 2012ലെ കലാശപ്പോരിൽ ഏറ്റുമുട്ടിയശേഷം ഇരു ടീമുകളും എഫ്എ കപ്പിൽ നേർക്കുനേർ വരുന്നത് ഇതാദ്യമായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്. അന്ന് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ലിവർപൂളിനെ വീഴ്ത്തിയ ചെൽസി, ഇക്കുറി ഏകപക്ഷീയമായ രണ്ടു ഗോൾ വിജയത്തോടെ ചരിത്രം ആവർത്തിച്ചു.

ENGLISH SUMMARY:Chelsea beat Liverpool

YOU MAY ALSO LIKE THIS VIDEO