Friday
22 Feb 2019

സിറിയക്കെതിരായ കടന്നാക്രമണം പാശ്ചാത്യ രാഷ്ട്രീയ കുഴപ്പങ്ങളുടെ പ്രതിഫലനം

By: Web Desk | Sunday 15 April 2018 6:21 PM IST

പ്രത്യേക ലേഖകന്‍
കനത്ത ആഭ്യന്തര രാഷ്ട്രീയ വെല്ലുവിളികളില്‍പെട്ട് നട്ടംതിരിയുന്ന മൂന്ന് പാശ്ചാത്യ മുതലാളിത്ത ഭരണമേലാളന്മാരുടെ കൂറുമുന്നണിയാണ് മറ്റൊരു ലോകയുദ്ധത്തിലേക്ക് വഴിതെളിച്ചേക്കാവുന്ന സിറിയന്‍ യുദ്ധത്തിന് ആക്കം കൂട്ടുന്ന സൂത്രധാരന്മാര്‍.
2016ലെ യു എസ് തെരഞ്ഞെടുപ്പിലെ അട്ടിമറി പ്രവര്‍ത്തനം മുതല്‍ അശ്ലീല ചലച്ചിത്ര നടികളുമായുള്ള അവിഹിതബന്ധംവരെ നാറ്റക്കേസുകളില്‍ മൂക്കറ്റം മുങ്ങിനില്‍ക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ അഭിഭാഷകനും അവിഹിത ഇടപാടുകളിലെ ഇടനിലക്കാരനുമായ മിഷേല്‍ കോഹന്റെ ഓഫീസ് റെയ്ഡു ചെയ്ത ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ പല സുപ്രധാന രേഖകളും പിടിച്ചെടുത്തിരുന്നു. ട്രംപിന്റെ നിലനില്‍പ്പ് തന്നെ വെല്ലുവിളിയെ നേരിടുകയാണ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്‌റോണിന്റെ തൊഴിലാളിവിരുദ്ധ നിയമനിര്‍മാണങ്ങള്‍ക്കും ജനവിരുദ്ധ ചെലവുചുരുക്കല്‍ നടപടികള്‍ക്കുമെതിരെ വന്‍ പ്രക്ഷോഭ സമരങ്ങള്‍ക്കാണ് ആ രാജ്യം സാക്ഷ്യം വഹിക്കുന്നത്. ബ്രിട്ടനില്‍ തെരേസ ഭരണകൂടം കടുത്ത രാഷ്ട്രീയ അനിശ്ചിതത്വത്തെയാണ് നേരിടുന്നത്. സിറിയയില്‍ അസദ് ഭരണകൂടത്തിന്റെ സ്വേഛാഭരണമോ അതിന്റെ മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്ന രാസായുധ പ്രയോഗമോ അല്ല ആ രാജ്യത്തിനെതിരായ കടന്നാക്രമണത്തിനുള്ള പ്രകോപനം. സ്വന്തം രാജ്യങ്ങളിലെ ജനരോഷത്തെ വഴിതിരിച്ചുവിടാനുള്ള തന്ത്രമാണ് യുഎസ് നേതൃത്വത്തിലുള്ള ആക്രമണത്തിന്റെ ലക്ഷ്യം.
സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിന്റെ പ്രാന്തത്തില്‍ ദൗമയില്‍ നടന്നതായി പറയപ്പെടുന്ന രാസായുധ പ്രയോഗത്തെപറ്റിയുള്ള യഥാര്‍ഥ വസ്തുതകള്‍ ഇനിയും പുറത്തുവരേണ്ടതുണ്ട്. അക്കാര്യത്തില്‍ കുറുമുന്നണിയില്‍ പങ്കാളിയായ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് പോലും ഉറപ്പില്ല. ഐക്യരാഷ്ട്ര സഭയുടെ രാസായുധ നിരോധന സംഘടനയുടെ പ്രതിനിധികള്‍ ഇനിയും ദൗമയില്‍ എത്തി തെളിവെടുപ്പ് ആരംഭിക്കാനിരിക്കുന്നതേയുള്ളു. സിറിയന്‍ വിമത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സംഘങ്ങളാണ് രാസായുധാക്രമണത്തില്‍ 43 പേര്‍ മരിച്ചതായും 500 പേര്‍ക്ക് പരിക്കേറ്റതായും ആരോപിക്കുന്നത്. അത് സ്ഥിരീകരിക്കാന്‍ ലോകാരോഗ്യ സംഘടനക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ഡബ്ല്യുഎച്ച്ഒ സംഘം അവിടെ എത്തി ചേര്‍ന്നിട്ടു പോലുമില്ല. ഇതിനിടെ രാസായുധ പ്രയോഗത്തിന്റെ ഭീകരത തുറന്നുകാട്ടാന്‍ നിര്‍മിച്ച ഒരു ഡോക്യുമെന്ററിയിലെ ദൃശ്യങ്ങളാണ് ആഗോളതലത്തില്‍ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. രാസായുധാക്രമണ വാര്‍ത്ത വ്യാജമാണെന്ന് സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയ റഷ്യന്‍ സംഘം അവകാശപ്പെടുന്നു. ഇതിനിടെ യുഎസ് ബോംബിങ്ങില്‍ രാസായുധാക്രമണത്തിന്റെ എന്തെങ്കിലും തെളിവുകള്‍ അവശേഷിച്ചിട്ടുണ്ടെങ്കില്‍ അവയെല്ലാം തുടച്ചുനീക്കപ്പെടുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
സിറിയന്‍ ആഭ്യന്തരയുദ്ധം അതിന്റെ അന്തിമഘട്ടത്തിലാണ്. ഗവണ്മെന്റ് സേന ജയ്ഷ് അല്‍-ഇസ്‌ലം, അല്‍ക്വയദ തുടങ്ങിയ വിമത സംഘങ്ങളെ ഏതാണ്ട് തുരത്തി അവര്‍ കയ്യടക്കിയിരുന്ന മേഖലയുടെ നിയന്ത്രണം ഏറ്റെടുത്തതായാണ് വാര്‍ത്ത. അങ്ങനെയെങ്കില്‍ നിരപരാധികളായ പൗരന്മാര്‍ക്കുനേരെ എന്തിന് രാസായുധ പ്രയോഗമെന്ന ചോദ്യം പ്രസക്തമാകുന്നു. പാശ്ചാത്യ ശക്തികളുടെ പിന്തുണയോടെ ആഭ്യന്തരയുദ്ധം തുടര്‍ന്നുവന്നിരുന്ന വിമതസേനയുടെ പരാജയം അവരുടെ പ്രായോജകര്‍ക്ക് സ്വന്തം രാജ്യങ്ങളിലും ലോകരംഗത്തും അപമാനകരമായി മാറുമെന്ന ഘട്ടത്തിലാണ് തെളിയിക്കപ്പെടാത്ത രാസായുധ പ്രയോഗത്തിന്റെ പേരിലുള്ള ആക്രമണയുദ്ധം. ഇറാക്കിനെതിരെ ആണവായുധ ശേഖരമടക്കം നശീകരണ ആയുധങ്ങളുടെ പേരില്‍ നടത്തിയ യുദ്ധത്തെ സാധൂകരിക്കാന്‍ യുഎസിനും നാറ്റൊയ്ക്കും യാതൊരു തെളിവും ലോകത്തിന് മുന്നില്‍ വയ്ക്കാനുണ്ടായില്ലെന്ന വസ്തുത ഓര്‍മിക്കുക.
യുദ്ധാന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതില്‍ പാശ്ചാത്യ മുതലാളിത്തത്തിന്റെ പങ്കും ചെറുതല്ല. ആമസോണിന്റെ ഉടമയും ആഗോള മഹാകോടിപതികളില്‍ മുമ്പനുമായ ജെഫ് ബസോസിന്റെ വാഷിങ്ടണ്‍ പോസ്റ്റാണ് യുദ്ധവെറിക്ക് ആക്കം കൂട്ടുന്നതിന്റെ മുന്‍പന്തിയിലുള്ള മാധ്യമം. ‘ഏതാനും ക്രൂയിസ് മിസൈലുകള്‍ തൊടുവിട്ടതുകൊണ്ട് മാത്രമായില്ല. കിഴക്കന്‍ സിറിയ മുഴുവന്‍ കയ്യടക്കി അമേരിക്കയുടെയും പശ്ചിമേഷ്യയിലെ സഖ്യകക്ഷികളായ യുഎഇ, ബഹ്‌റിന്‍ എന്നിവയുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തണ’മെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് ട്രംപിന് നല്‍കുന്ന ഉപദേശം.
സിറിയന്‍ അതിര്‍ത്തിക്കുള്ളില്‍ തമ്പടിച്ചിരിക്കുന്ന റഷ്യന്‍ സൈനികര്‍ക്ക് കുറുമുന്നണി ആക്രമണങ്ങളില്‍ ക്ഷതമുണ്ടായാല്‍ യുദ്ധത്തിന്റെ ഗതിതന്നെ മാറും. അങ്ങനെ ഉണ്ടായാല്‍ അതിന് യുഎസും സഖ്യകക്ഷികളും വലിയ വില നല്‍കേണ്ടി വരുമെന്ന് റഷ്യ ഇതിനകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.