നന്നാക്കാനായി എടുത്തപ്പോള്‍ മീന്‍ തിളങ്ങി; അത്ഭുതപ്പെട്ട് വീട്ടുകാര്‍

Web Desk
Posted on March 21, 2019, 11:28 am

തിരൂര്‍: കറിവയ്ക്കാന്‍ വാങ്ങിയ മീന്‍ ഇരുട്ടില്‍ തിളങ്ങി. ഇതുകണ്ട് ഭയന്ന‍ വീട്ടുകാര്‍ മത്സ്യം ഉപേക്ഷിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ തിരൂരിലും പരിസരങ്ങളിലും ലഭിച്ച അയലയാണ് ഇരുട്ടില്‍ തിളങ്ങിയത്. മീനിന് ഒരു കിലോയ്ക്ക് 200 രൂപ നല്‍കിയാണ് ആവശ്യക്കാര്‍ വാങ്ങിയത്. ഉറച്ച അവസ്ഥയിലുള്ള അയല വാങ്ങുമ്പോള്‍ത്തന്നെ വെള്ളയും പച്ചയും കലര്‍ന്ന നിറമായിരുന്നു.

രാത്രി മത്സ്യം നന്നാക്കാനായി എടുത്തപ്പോഴാണ് അയല തിളങ്ങുന്നതു കണ്ടത്. മത്സ്യം ആഴ്ചകളോളം കേടുവരാതിരിക്കാന്‍ ചേര്‍ക്കുന്ന രാസവസ്തുവാണ് തിളക്കത്തിനു കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. സംസ്ഥാനത്ത് മത്സ്യക്ഷാമം രൂക്ഷമായതോടെ അയല, മത്തി തുടങ്ങിയവ ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തുന്നത്. പുറത്തു നിന്ന് വിഷവസ്തുക്കള്‍ കലര്‍ത്തി എത്തുന്ന മീന്‍ പരിശോധിക്കാന്‍ അധികൃതര്‍ നടപടിയൊന്നും സ്വീകരിക്കുന്നില്ല.