മത്തി വില്ലനായി: സ്വർണ മോതിരങ്ങൾ വെള്ളി നിറമായി

Web Desk

കറുകച്ചാല്‍

Posted on May 22, 2018, 6:32 pm

രാസവസ്തുക്കള്‍ അടങ്ങിയ മത്സ്യങ്ങള്‍ വിറ്റഴിക്കുന്ന ഇൗ കാലത്ത് ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി. ഒരു കിലോ മത്തി വെട്ടിയപ്പോള്‍ കയ്യില്‍ കിടന്ന യുവതിയുടെ സ്വര്‍ണ മോതിരത്തിന്‍റെ നിറം വെള്ളി നിറമായി.

കോട്ടയം വാകത്താനം കട്ടത്തറയില്‍ കെഎസ് ജോസഫിന്റെ (അപ്പച്ചന്‍) മകള്‍ ജെസിയുടെ രണ്ടു മോതിരങ്ങളാണ് മീന്‍ വെട്ടിയതിനെ തുടര്‍ന്നു നിറമ മാറിയത്. മീന്‍ കേടാകാതിരിക്കാന്‍ ചേര്‍ത്ത രാസ വസ്തുക്കളാണ് നിറമാറ്റത്തിന് കാരണമെന്ന് സംശയിക്കുന്നു.

140 രൂപ കൊടുത്തു വാങ്ങിയ ഒരു കിലോ മത്തിയാണ് ഇത്തരമൊരു പ്രതിഭാസത്തിനു കാരണമായത്. ഞായറാഴ്ച സ്ഥിരം മീനുമായി സ്‌കൂട്ടറിലെത്തുന്ന മത്സ്യ വ്യാപാരിയുടെ കയ്യില്‍ നിന്നാണു ജോസഫ് മീന്‍ വാങ്ങിയത്. ഫ്രിജില്‍ വച്ചിരുന്ന മീന്‍ ഇന്നലെയാണു വെട്ടിയത്. മീന്‍ വെട്ടിയശേഷം കൈകള്‍ കഴുകിയപ്പോഴാണു വിവാഹ മോതിരവും മറ്റൊരു മോതിരവും നിറം മാറിയതു ശ്രദ്ധിച്ചത്.

അരപ്പവന്‍ തൂക്കം വരുന്ന വിവാഹ മോതിരത്തിന്റെയും രണ്ടു ഗ്രാം തൂക്കം വരുന്ന മോതിരത്തിന്റെയും നിറം പൂര്‍ണമായി വെള്ളി നിറമായി. ജോസഫ് പഞ്ചായത്തിലും ആരോഗ്യ വകുപ്പ് അധികൃതരെയും പൊലീസിലും വിവരം അറിയിച്ചിട്ടുണ്ട്.