Web Desk

തിരുവനന്തപുരം

January 26, 2020, 8:28 pm

അധ്യാപിക രൂപശ്രീയെ വകവരുത്താൻ സൈക്കോ വെങ്കിട്ടരമണയുടെ സഹായത്തിന് നിരഞ്ജൻ കുമാറിനൊപ്പം രാസവസ്തുക്കളും !

Janayugom Online

മഞ്ചേശ്വരത്ത് കാണാതായ അധ്യാപികയുടെ മരണവാർത്ത ഏറെ ഞെട്ടലോടെയാണ് നമ്മൾ കേട്ടത്. അതിനു കാരണം കൊലചെയ്യപ്പെട്ടതും കൊലചെയ്തതും അധ്യാപകരാണ് എന്നത് തന്നെയാണ്. കൂടാതെ കൊലപാതകം നടന്നതാകട്ടെ ദുർമന്ത്രവാദത്തെ തുടർന്നും. ഇപ്പോഴിതാ  മിയാപ്പദവ് വിദ്യാവർധക സ്കൂൾ അദ്ധ്യാപിക ബി. കെ. രൂപശ്രീയുടെ കൊലയുമായി ബന്ധപ്പെട്ട് പ്രതികൾ നൽകിയ മൊഴിയിൽ വൈരുദ്ധ്യം പൊലീസിനെ കുഴക്കിയിരിക്കുകയാണ് . രൂപശ്രീയെ എങ്ങനെയാണ് കൊലപ്പെടുത്തിയത് എന്ന കാര്യത്തിലാണ് ഇപ്പോൾ സംശയം ഉടലെടുത്തിരിക്കുന്നത്. സ്ത്രീയുടെ മുടി കൊഴിഞ്ഞു പോയത് എങ്ങനെയെന്ന കാര്യത്തിൽ അടക്കം ഇനിയും കൂടുതൽ വ്യക്തത വരാനുണ്ട്. അതുകൊണ്ട് പ്രതികളുടെ മൊഴി പൂർണമായും വിശ്വാസത്തിലെടുക്കാൻ ക്രൈംബ്രാഞ്ച് തയ്യാറായിട്ടില്ല. ലോക്കൽ പൊലീസിന്റെയും പിന്നീട് ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങളും പ്രതികളായ ചിത്രകലാധ്യാപകൻ വെങ്കിട്ടരമണയും ഇയാളുടെ അയൽവാസി നിരഞ്ജൻകുമാറും നൽകിയ മൊഴിയും പലയിടത്തും പൊരുത്തപ്പെടുന്നില്ല. മുടി പൂർണമായും കൊഴിഞ്ഞുപോയ നിലയിലായിരുന്നു രൂപശ്രീയുടെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിൽ വസ്ത്രങ്ങളൊന്നുമില്ലാതെ നഗ്നമായി അഴുകി തുടങ്ങിയ നിലയിലുമാണ് കാണപ്പെട്ടത്. വീപ്പയിലെ വെള്ളത്തിൽ രൂപശ്രീയെ മുക്കിക്കൊന്നുവെന്നാണ് പ്രതികൾ നൽകിയ മൊഴി. ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിക്കവെ വെങ്കിട്ടരമണയുടെ കൈയിൽനിന്ന് രൂപശ്രീ കുതറിയോടി. നിരഞ്ജൻകുമാർ പിന്നാലെയെത്തി പിടിച്ചുകൊണ്ടുവന്നു. പിന്നീട് രണ്ടുപേരും ചേർന്ന് വീപ്പയിലെ വെള്ളത്തിൽ ശക്തമായി മുക്കി. മരിച്ചുവെന്നുറപ്പുവരുത്തിയശേഷം കാറിന്റെ ഡിക്കിയിലിട്ട് കടൽത്തീരത്തേക്കുപോയി. ഇതാണ് പ്രതികൾ നൽകിയ മൊഴി.

ഈ വെള്ളത്തിൽ രാസവസ്തുക്കൾ ഉള്ളതായാണ് വെങ്കിട്ടരമണ പറയുന്നത്. അതിനാലാകും മൃതദേഹത്തിൽനിന്ന് മുടി കൊഴിഞ്ഞുപോയതെന്ന് അന്വേഷണോദ്യോഗസ്ഥരും അനുമാനിക്കുന്നു. രൂപശ്രീയുടെ ശരീരത്തിൽ വസ്ത്രങ്ങളില്ലാതായതെങ്ങനെയെന്ന് വ്യക്തമായിട്ടില്ല. വസ്ത്രങ്ങൾ കഴുകിയ ശേഷം തിളക്കംകിട്ടാനുപയോഗിക്കുന്ന രാസവസ്തുവാണ് വീപ്പയിലെ വെള്ളത്തിലുണ്ടായിരുന്നതെന്നും തന്റെ ഭാര്യ വസ്ത്രങ്ങൾ കഴുകിയശേഷം വീപ്പയിലെ വെള്ളം മറിച്ചുകളഞ്ഞിരുന്നില്ലെന്നും വെങ്കിട്ടരമണയുടെ മൊഴിയിലുണ്ട്. എന്നാൽ, ഈ മൊഴിയും പൂർണമായി വിശ്വസിക്കാൻ ക്രൈംബ്രാഞ്ചിന് കഴിയുന്നില്ല.

തെളിവു നശിപ്പിക്കാൻ വേണ്ടി പ്രത്യേകം രാസവസ്തുക്കൾ വെങ്കിട്ടരമണ കരുതിവെച്ചിട്ടുണ്ടാകുമെന്നാണ് പൊലീസ് അനുമാനിക്കുന്നത്. മുൻകൂട്ടി ആസൂത്രണം നടത്തിയാണ് കൊലനടത്തിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. അതിനാൽ രാസവസ്തുചേർത്ത വെള്ളവും ഇവർ കരുതിവെച്ചിട്ടുണ്ടാകുമെന്നാണ് പൊലീസിന്റെ സംശയം. കൊലനടത്തിയശേഷം ആസിഡോ മറ്റേതെങ്കിലും രാസവസ്തുവോ ശരീരത്തിൽ പുരട്ടിയാലും തെളിവ് നശിപ്പിക്കാൻ കഴിയും. മുഖം വികൃതമാവുകയും മുടിയില്ലാതാവുകയും ചെയ്താൽ ആളെത്തന്നെ തിരിച്ചറിയാൻ കഴിയില്ല. ഇതിനായാണോ വസ്ത്രങ്ങൾ അഴിച്ചുമാറ്റിയതെന്ന സംശയവും ബാക്കിയാകുന്നു. തലമുടി പോയത് ആസിഡ് പോലുള്ള വസ്തുവിന്റെ സാന്നിധ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

വെങ്കിട്ടരമണയുടെ വീടിനുസമീപം നിരഞ്ജൻകുമാറിന്റേതടക്കം ഒട്ടേറെ വീടുകളുണ്ട്. കുതറിയോടിയ സമയത്ത് രൂപശ്രീ ഉച്ചത്തിൽ നിലവിളിച്ചിട്ടുണ്ടാകില്ലേയെന്ന ചോദ്യവും ഉയരുന്നു. ഒന്ന് ഒച്ചവച്ചാൽ കേൾക്കുന്ന അകലത്തിലാണ് അയൽപക്കത്തെ വീടുകളെല്ലാം. പ്രതികളെ കൂടുതൽ ചോദ്യംചെയ്താൽ ഇതിലെല്ലാം വ്യക്തതലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. ഇവരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ക്രൈംബ്രാഞ്ച് ഡിവൈ. എസ്പി. എ. സതീഷ്കുമാർ കാസർകോട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ തിങ്കളാഴ്ച അപേക്ഷ നൽകും.

You may also like this video