Wednesday
21 Aug 2019

കാന്‍സറില്ലാത്ത രോഗിക്ക് കീമോ തെറാപ്പി; ലാബിനെ പഴിചാരി ഡോക്ടര്‍മാര്‍ തലയൂരി

By: Web Desk | Monday 3 June 2019 9:42 PM IST


കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാന്‍സറില്ലാത്ത രോഗിക്ക് കീമോതെറാപ്പി നല്‍കിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു. അതേസമയം, സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.

തെറ്റായ പരിശോധന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കാന്‍സര്‍ ചികിത്സയ്ക്ക് വിധേയയായ രജനിയുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ ഫോണില്‍ സംസാരിച്ചു. തുടര്‍ചികിത്സ ആവശ്യമെങ്കില്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.
സംഭവത്തില്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ് ആരോഗ്യ വകുപ്പു മന്ത്രിക്ക് റിപ്പോര്‍ട്ടു നല്‍കി. പ്രാഥമിക പരിശോധനയില്‍ യുവതിക്ക് കാന്‍സര്‍ ബാധ ഉണ്ടെന്നുള്ള സംശയത്തെ തുടര്‍ന്ന് ബയോപ്‌സി ടെസ്റ്റിനു നിര്‍ദ്ദേശിച്ചുവെന്നും മെഡിക്കല്‍ കോളജിലെ ലാബില്‍ നിന്നും പരിശോധനാ ഫലം ലഭിക്കുവാന്‍ കാലതാമസം ഉണ്ടാകുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ ലാബില്‍ പരിശോധന നടത്തുകയും ചെയ്തു. ഈ ലാബിന്റെ റിപ്പോര്‍ട്ടില്‍ കാന്‍സര്‍ ബാധ ഉണ്ടെന്നാണ് രേഖപ്പെടുത്തിയിരുന്നത്.

ലാബ് പതോളജി വിഭാഗത്തിലെ മുന്‍ ഡോക്ടറുടെ ഉടമസ്ഥതയില്‍ ഉള്ളതായതിനാല്‍ കൂടുതല്‍ വിശ്വസനീയമാണെന്നു കരുതി. രോഗിയുടെ പ്രായവും മറ്റും കരുതി മെഡിക്കല്‍ കോളജിലെ റിപ്പോര്‍ട്ട് ലഭിക്കുന്നതിനു മുന്‍പ് ചികിത്സ ആരംഭിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ യുവതി മന്ത്രിക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷിച്ചു റിപ്പോര്‍ട്ടു നല്‍കുവാന്‍ പ്രിന്‍സിപ്പാളിനെ ചുമതലപ്പെടുത്തിയത്.
പന്തളത്തിനടുത്ത് കുടശനാട് സ്വദേശിനിയായ യുവതിക്കാണ് കാന്‍സര്‍ സ്ഥിരീകരിക്കാതെ മെഡിക്കല്‍ കോളജില്‍ കീമോതെറാപ്പി നടത്തിയത്. സ്വകാര്യ ലാബിലെ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കീമോതെറാപ്പി.

എന്നാല്‍ സംഭവത്തില്‍ തെറ്റ് സ്വകാര്യ ലാബിന്റേതാണെന്നും നേരത്തെയും പരാതി ഉയര്‍ന്നപ്പോള്‍ മെഡിക്കല്‍ സംഘം അന്വേഷിച്ചിരുന്നുവെന്നുമാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം. ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചിട്ടില്ലെന്നും കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് വ്യക്തമാക്കി. രോഗിക്ക് വേഗത്തില്‍ ചികിത്സ ലഭ്യമാക്കാനാണ് ഡോക്ടര്‍മാര്‍ ശ്രമിച്ചതെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.

Related News