ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം രാജ്യത്തിന് സമർപ്പിച്ചു. 272 കിലോമീറ്റർ ദൈർഘ്യമുള്ള ഉധംപൂർ‑ശ്രീനഗർ‑ബാരാമുള്ള റെയിൽവേ ലിങ്കിന്റെ ഭാഗമായ ചെനാബ് റെയിൽ പാലമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി തുറന്നുകൊടുത്തത്. മോശം കാലാവസ്ഥയും പഹൽഗാം ഭീകരാക്രമണം തുടങ്ങിയ കാരണങ്ങളാലും ഏപ്രിൽ 19ന് തീരുമാനിച്ച ഉദ്ഘാടനം നീട്ടി വയ്‌ക്കുകയായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി നിർമ്മാണത്തിലിരുന്ന ഊധംപൂർ‑ശ്രീനഗർ‑ബാരമുള്ള റെയിൽവേ ലിങ്ക് പദ്ധതിയാണ് പ്രധാനമന്ത്രി തുറന്നുകൊടുത്തത്. ചെനാബ് റെയിൽ പാലവും ഇന്ത്യയിലെ ആദ്യത്തെ കേബിൾ സ്റ്റേഡ് റെയിൽ പാലമായ അഞ്ജി ഖാഡ് പാലവും ഇതിന്റെ ഭാഗമാണ്. രണ്ട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ പ്രധാനമന്ത്രി ബാരാമുള്ളയ്ക്കും കത്രയ്ക്കും ഇടയിൽ ഫ്ലാഗ് ഓഫ് ചെയ്തു. സർവീസുകൾ ഇന്നുമുതൽ ആരംഭിക്കുമെന്ന് നോർത്തേൺ റെയിൽവേ അറിയിച്ചു. ആഴ്ചയിൽ ആറ് ദിവസവും ഈ സർവീസുകൾ ലഭ്യമാകും. പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ അമർനാഥ് തീർത്ഥാടകരുടെ യാത്ര എളുപ്പമാക്കും. ഈ വർഷം അവസാനം ജമ്മുവിൽ നിന്ന് ബാരാമുള്ളയിലേക്കുള്ള ട്രെയിൻ സർവീസ് ആരംഭിക്കും.
റിയാസി ജില്ലയിൽ ചെനാബ് നദിക്ക് കുറുകെ 359 മീറ്റർ ഉയരത്തിലാണ് ഇന്ത്യയുടെ ഈ എൻജിനീയറിങ് വിസ്മയം. വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയിലാണ് നിർമ്മാണം. കൗരി, ബക്കൽ ഗ്രാമങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ചെനാബ് പാലത്തിന് ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരമുണ്ട്, 1,315 മീറ്ററാണ് ആകെ നീളം. റിക്ടര്‍ സ്‌കെയിലില്‍ എട്ടുവരെ തീവ്രതയുള്ള ഭൂകമ്പങ്ങളെയും 260 കിലോമീറ്റർ വേഗതയിലുള്ള കാറ്റിനെയും അതിജീവിക്കാനുള്ള കരുത്തും പാലത്തിനുണ്ടെന്ന് റെയിൽവേ അവകാശപ്പെടുന്നു. 1,486 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പാലത്തിന് 120 വർഷത്തെ ആയുസ് പ്രതീക്ഷിക്കുന്നു. ഒറ്റ തൂണിൽ 96 കേബിളുകൾ താങ്ങി നിർത്തുന്ന മറ്റൊരു വിസ്മയമാണ് അൻജി ഖേഡ് പാലം. 473 മീറ്ററാണ് പാലത്തിന്റെ നീളം.
ഉധംപൂർ‑ശ്രീനഗർ‑ബാരമുള്ള റെയിൽവേ ലിങ്ക് പദ്ധതി 1994‑ൽ അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹറാവുവിന്റെ കാലത്താണ് ആദ്യമായി അംഗീകരിച്ചത്. 2002‑ൽ അടൽ ബിഹാരി വാജ്‌പേയി സർക്കാരിന്റെ കീഴിലാണ് യഥാർത്ഥ നിർമ്മാണം ആരംഭിച്ചത്. അന്ന് ഭൂമി ഏറ്റെടുക്കുന്നതിനായി പ്രാഥമിക ഫണ്ടുകൾ അനുവദിച്ചിരുന്നു. പദ്ധതിയുടെ പുരോഗതിക്ക് പലപ്പോഴും തടസങ്ങൾ നേരിട്ടു. ആകെ 272 കിലോമീറ്ററിൽ 209 കിലോമീറ്ററും നാല് ഘട്ടങ്ങളിലായാണ് കമ്മിഷൻ ചെയ്തത്. സംഗൽദാൻ മുതൽ റിയാസി വരെയുള്ള അവസാനത്തെ നിർണ്ണായകമായ 46 കിലോമീറ്റർ ദൂരം 2024 ഡിസംബറിൽ പൂർത്തിയാക്കി. ഇതിൽ വിപുലമായ തുരങ്ക നിർമ്മാണവും പാലം നിർമ്മാണവും ഉൾപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.