ചെങ്ങന്നൂരിന്‍റെ ഹൃദയം കീഴടക്കി സജി ചെറിയാന്‍റെ പര്യടനം

Web Desk
Posted on April 30, 2018, 8:38 pm

ചെങ്ങന്നൂരില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സജിചെറിയാന്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നു

ചെങ്ങന്നൂര്‍: ചെങ്ങന്നൂരിന്‍റെ ഹൃദയം കീഴടക്കി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍റെ പര്യടനം തുടരുന്നു. ഞായറാഴ്ച രാവിലെ പുലിയൂര്‍ മേഖലയില്‍ ഭവന സന്ദര്‍ശനം നടത്തി. ജില്ലാ സെക്രട്ടറി ആയിരുന്നപ്പോള്‍ നിരവധി തവണ പ്രദേശത്ത് വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് വേണ്ടി വന്നിട്ടുള്ള പ്രദേശങ്ങളില്‍ പരിചയം പുതുക്കലായിരുന്നു സജി ചെറിയാന്‍റെ ദൗത്യം. സ്ഥാനാര്‍ഥിയെ ഏറെ ആവേശത്തോടെ വരവേറ്റ നാട്ടുകാര്‍ ഓരോ വോട്ടും ഇടതുപക്ഷത്തിന് നല്‍കുമെന്ന് ഉറപ്പു നല്‍കിയാണ് സന്ദര്‍ശനം വിജയമാക്കിയത്. സിപിഐ എം ഏരിയാ കമ്മിറ്റി അംഗമായിരുന്ന രാധാകൃഷ്ണ കാരണവരുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ബന്ധുക്കളോടും സമീപവാസികളോടും വോട്ട് അഭ്യര്‍ഥിച്ചു. മന്നാര്‍ ടൗണില്‍ ഹോം സെന്ററിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്തു. കുന്നത്തൂര്‍ ദേവീ ക്ഷേത്രത്തിലും, വടശ്ശേരിമേല്‍ ക്ഷേത്രത്തിലെ പുനപ്രതിഷ്ഠയിലും പങ്കെടുത്തു.

കഴിഞ്ഞദിവസം മഴുക്കീറില്‍ എന്‍എസ്എസ് 1184-ാം നമ്പര്‍ കരയോഗത്തിന്‍റെ കുടുംബ വാര്‍ഷിക യോഗത്തില്‍ പങ്കെടുത്ത സജി ചെറിയാനെ നിറഞ്ഞ സ്‌നേഹത്തോടെ സ്വീകരിച്ചു. കേരളാ ഗണകമഹാ സഭയുടെ താലൂക്ക് സമ്മേളനത്തില്‍ വണ്ടിമല ഓഡിറ്റോറിയത്തില്‍ എത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വോട്ടര്‍മാരുടെ പിന്തുണ ഉറപ്പിച്ചു. കൊല്ലകടവില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ വിവാഹത്തില്‍ പങ്കെടുത്തു. മുളക്കുഴ പഞ്ചായത്തിലെ പൂപ്പങ്കര കുടുംബ യോഗത്തിലും പങ്കെടുത്ത സ്ഥാനാര്‍ഥിയെ നാട്ടുകാര്‍ നിറഞ്ഞ സ്‌നേഹത്തോടെ സ്വീകരിച്ചു. കല്ലിശ്ശേരിയില്‍ കൊച്ചുപുരയ്ക്കല്‍ കുടുംബ യോഗത്തിലും സജി ചെറിയാന്‍ പങ്കെടുത്തു. മുളക്കുഴ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വപ്‌ന സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരത്തിന്‍റെ സമ്മാനദാനത്തില്‍ പങ്കെടുത്ത സജി ചെറിയാന് യുവാക്കള്‍ പിന്തുണയറിയിച്ചു.