ഇത് ചെങ്ങന്നൂരിന്‍റെ സ്‌നേഹവായ്പ്

Web Desk
Posted on May 16, 2018, 9:06 pm
പാണ്ടനാട് സൗത്ത് മേഖലയില്‍ സജി ചെറിയാന്‍ സന്ദര്‍ശിക്കുന്നു 

ചെങ്ങന്നൂര്‍: ഹൃദയത്തില്‍നിന്നുതിര്‍ന്ന സ്‌നേഹപുഷ്പങ്ങള്‍ വാരിവിതറിയാണ് പൂപ്പറത്തില്‍ കോളനിവാസികള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ വരവേറ്റത്. കോളനിയുടെ പേരുപോലെ തന്നെ അവര്‍ പൂക്കള്‍ പറത്തി. വിവിധ വര്‍ണത്തിലുള്ള പൂക്കള്‍ ഒരേമനസോടെ സ്ഥാനാര്‍ഥിയ്ക്കുമേല്‍ വര്‍ഷിച്ച് സ്‌നേഹം ചൊരിഞ്ഞവര്‍, ഭിന്നിപ്പിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയത്തിന് ചെങ്ങന്നൂരില്‍ സ്ഥാനമില്ലെന്നു പ്രഖ്യാപിച്ചു.

പൂപ്പറത്തിയില്‍നിന്ന് മണ്ണാറത്തറ പ്രമട്ടക്കര ലക്ഷംവീട് കോളനിയിലെ സ്വീകരണ കേന്ദ്രം ലക്ഷ്യമാക്കി സ്ഥാനാര്‍ഥിയുടെ വാഹനവ്യൂഹം നീങ്ങുന്നു. ചെങ്ങന്നൂരിലെ വികസനമെന്ന പേരില്‍ പലരും അവകാശവാദം ഉന്നയിച്ച മിത്രമഠം പാലത്തിനു സമീപത്തുകൂടിയാണ് യാത്ര. വര്‍ഷങ്ങളോളം പുഴയില്‍ നാട്ടിയ തൂണുമാത്രമായി നിന്ന പാലം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുകയാണ്. അപ്രോച്ച് റോഡ് നിര്‍മാണം പുരോഗമിക്കുന്നു. കെ കെ രാമചന്ദ്രന്‍ നായര്‍ എംഎല്‍എ ആയശേഷം ശരവേഗം പ്രാപിച്ച അനേകം പദ്ധതികളിലൊന്ന്. തൊട്ടടുത്ത മണ്ണാറത്തറ പ്രമട്ടക്കര ലക്ഷംവീട് കോളനിയിലേക്ക് സ്ഥാനാര്‍ഥിയുടെ തുറന്നവാഹനം എത്തുമ്പോഴേക്കും സ്വീകരണകേന്ദ്രത്തിലെ ജനത്തിരക്കുമൂലം വഴിനിറഞ്ഞു. ചെണ്ടമേളവും പുഷ്പവൃഷ്ടിയുമായി കാത്തുനില്‍ക്കുകയാണ് നാട്ടുകാര്‍. യുവാക്കള്‍ മുദ്രാവാക്യങ്ങളുമായെത്തി സ്ഥാനാര്‍ഥിയെ വാഹനത്തില്‍നിന്നിറക്കി. സ്‌നേഹസമ്മാനമായി ഓലക്കുട സമ്മാനിച്ചു. പ്രകടനമായി സ്വീകരണവേദിയിലേക്ക്. പ്രസംഗത്തില്‍ സജി ചെറിയാന്‍ മിത്രമഠം പാലത്തിന്റെ നിര്‍മാണ പുരോഗതിയെക്കുറിച്ച് പറഞ്ഞതോടെ കുട്ടികളും മുതിര്‍ന്നവരുമടക്കം തിങ്ങിക്കൂടിയ നൂറുകണക്കിനാളുകള്‍ നിര്‍ത്താതെ കൈയടിച്ചു. അവരുടെ ജീവിതത്തിലേക്ക് വികസനത്തിന്റെ പുതുപാത തുറക്കുന്ന പാലം യാഥാര്‍ഥ്യമാക്കിയത് എല്‍ഡിഎഫാണെന്ന സുസമ്മതം.

പാണ്ടനാട് സൗത്ത് മേഖലയിലെ ഇല്ലിമലയില്‍നിന്നാണ് ബുധനാഴ്ച പര്യടനം ആരംഭിച്ചത്. എം ബി രാജേഷ് എംപി ഉദ്ഘാടനംചെയ്തു. കര്‍ണാടക തെരഞ്ഞെടുപ്പുള്‍പ്പെടെ സമകാലിക വിഷയങ്ങള്‍ പരാമര്‍ശിച്ച് രാജേഷ് പ്രസംഗിക്കുന്നതിനിടെ സ്ഥാനാര്‍ഥിയെത്തി. ബാലസംഘം കൂട്ടുകാര്‍ ഒരുക്കിയ ഫല്‍ഷ് മോബിനുശേഷം സജി ചെറിയാന് ഹൃദ്യമായ സ്വീകരണം. വികസനവിഷയങ്ങള്‍ പരാമര്‍ശിച്ച് എതിരാളികളുടെ കഴമ്പില്ലാത്ത ആരോപണങ്ങള്‍ക്ക് ചുരുക്കം വാക്കുകളില്‍ മറുപടി നല്‍കി സജി ചെറിയാന്റെ മറുപടി പ്രസംഗം. പിന്നെ തുറന്നവാഹനത്തില്‍ അടുത്തകേന്ദ്രത്തിലേക്ക്.

കൈതക്കാട്ടുപടി, മുക്കുംവേലിപ്പടി, പൂപ്പറത്തില്‍ കോളനി, അപ്പോളോ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി പര്യടനം മുന്നേറി. ആകാശം ഉച്ചമുതല്‍ ഇരുണ്ടുനില്‍ക്കുകയാണെങ്കിലും സ്ഥാനാര്‍ഥിയെ കാത്തുനില്‍ക്കുന്നവര്‍ക്കെല്ലാം തെളിഞ്ഞമുഖം. അല്‍പം വൈകിയാലും സ്ഥാനാര്‍ഥിയെ കാണാനും മാലയിട്ടും പൂക്കള്‍ ചൊരിഞ്ഞും സ്വീകരിക്കാനും പരിഭവമില്ലാതെ നിറഞ്ഞ മനസോടെ നാട് കാത്തുനിന്നു. പാണ്ടനാട്, തിരുവന്‍വണ്ടൂര്‍ പഞ്ചായത്തുകളിലായിരുന്നു ബുധനാഴ്ച സ്വീകരണം. കല്ലിശേരിയില്‍ സമാപിച്ചു.

വികസന പദ്ധതികള്‍ എണ്ണിപ്പറഞ്ഞ് റവന്യൂമന്ത്രിയുടെ സന്ദര്‍ശനം

റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ ഭവനങ്ങളില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍

ചെങ്ങന്നൂര്‍: നഗരഹൃദയം സൗമ്യമായ പെരുമാറ്റംകൊണ്ടും എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പദ്ധതികളും പറഞ്ഞ് കീഴടക്കി മന്ത്രി ഇ ചന്ദ്രശേഖരന്‍. ചെങ്ങന്നൂര്‍ നഗരസഭയിലെ ഐടിഐ ജംഗ്ഷനിലാണ് മന്ത്രി ആദ്യം ഭവനങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. അപ്രതീക്ഷിതമായി വീട്ടിലെത്തിയ മന്ത്രിയെ കണ്ടതോടെ വീട്ടുകാര്‍ക്കും സന്തോഷം. കെ കെ രാമചന്ദ്രന്‍ നായര്‍ എംഎല്‍എ സഭയില്‍ ചെങ്ങന്നൂരിനുവേണ്ടി നടത്തിയ ഇടപെടലുകളും പദ്ധികളും മന്ത്രി കുടുംബങ്ങളുമായി പങ്കുവച്ചു. ഐടിഐ ജങ്ഷനിലെ വാഴയില്‍ ഭാഗത്താണ് മന്ത്രി ആദ്യം എത്തിയത്. പരിസരത്തെ വീടുകളില്‍ മന്ത്രി സജി ചെറിയാന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചു. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം വീടുകളില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ രതീയുടെ വീട്ടിലെത്തിയപ്പോള്‍ മന്ത്രിക്കും പ്രവര്‍ത്തകര്‍ക്കും അടയും ചായയും. എല്ലാ വീട്ടുകാര്‍ക്കും കെ കെ ആറിന്റെ പ്രവര്‍ത്തനങ്ങളാണ് മന്ത്രിയോട് പറയാനുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ പദ്ധതികളുടെ തുടര്‍ച്ചക്കായി വോട്ടുകളെല്ലാം സജി ചെറിയാന് നല്‍കുമെന്ന് നാട്ടുകാര്‍ ഒരേ മനസ്സോടെ ഉറപ്പുനല്‍കി. കിഴക്കേനട ഭാഗത്തും മന്ത്രി ഭവവനസന്ദര്‍ശനം നടത്തി. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം ചെറിയനാട് പഞ്ചായത്തില്‍ വിവിധ യോഗങ്ങളില്‍ പങ്കെടുത്തു. പുത്തന്‍പുര, പള്ളിപ്പടിഞ്ഞാറ് എന്നിവിടങ്ങളില്‍ കുടുംബയോഗങ്ങളില്‍ പങ്കെടുത്തു. കരിക്കുംവിളയില്‍ പൊതുയോഗത്തിലും അദ്ദേഹം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന് വോട്ട് അഭ്യര്‍ത്ഥിച്ചു.