ചെങ്ങന്നൂർ ഇരട്ടക്കൊല: പ്രതികളെ കുടുക്കിയത് എ കെ പ്രിന്റ്

Web Desk
Posted on November 15, 2019, 2:52 pm

കൊച്ചി: ചെങ്ങന്നൂർ ഇരട്ടക്കൊലക്കേസിലെ പ്രതികൾ കുടുങ്ങിയത് റെയിൽവേ സംരക്ഷണ സേനയുടെ (ആർപിഎഫ്) ചെന്നൈയിലെ പാസഞ്ചർ സെക്യൂരിറ്റി അസി.കമ്മിഷണർ എ കെ പ്രിന്റ് ഒരുക്കിയ വലയിൽ. കേരള പൊലീസ് ലുക്കൗട്ട് നോട്ടീസ് കൈമാറിയതോടെ ചെന്നൈ സെൻട്രൽ റയിൽവേ സ്റ്റേഷനിലായിരുന്നു പ്രതികളെ പിടികൂടാനുള്ള ഓപ്പറേഷൻ.
സ്റ്റേഷൻ മുഴുവൻ പരിശോധിച്ച സംഘം സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിച്ചപ്പോൾ പ്രതികൾ ആലപ്പുഴ — ചെന്നൈ സൂപ്പർഫാസ്റ്റിൽ വന്നിറങ്ങുന്ന ദൃശ്യങ്ങൾ ലഭിച്ചു. പിന്നീട് കൊൽക്കത്തയിലേക്കുള്ള കോറമാണ്ഡൽ എക്‌സ്‌പ്രസിന്റെ മുൻവശത്തുള്ള ജനറൽ കമ്പാർട്ടുമെന്റിൽ കയറുന്ന ദൃശ്യവും ലഭിച്ചു. ഈ സമയം ട്രെയിൻ വിജയവാഡയിൽ എത്തിയിരുന്നു. ഉടൻ തന്നെ പ്രിന്റ് വിശാഖപട്ടണത്തെ ആർപിഎഫ് സ്റ്റേഷനിലേക്ക് വിവരവും പ്രതികളുടെ ചിത്രവും കൈമാറി. ഈ നീക്കമാണ് വളരെ വേഗത്തിൽ പ്രതികളെ പിടികൂടാൻ സഹായിച്ചത്. ട്രെയിൻ അവിടെ എത്തിയപ്പോൾ ആർപിഎഫ് പ്രതികളെ പിടികൂടുകയായിരുന്നു. ആലപ്പുഴ പുന്നപ്ര സ്വദേശിയാണ് പ്രിന്റ്.