ചെങ്ങന്നൂരില്‍ ചരിത്ര വിജയം 

Web Desk
Posted on May 31, 2018, 6:32 pm

സജി ചെറിയാന്‍ വോട്ടർമാർക്ക് നന്ദി പറയാൻ തുറന്ന ജീപ്പിൽ. 

ടി കെ അനിൽ കുമാർ 

ചെങ്ങന്നൂര്‍: രണ്ടു വര്‍ഷം പിന്നിട്ട എൽ ഡി എഫ് സർക്കാരിന്റെ വിജയ വീഥിയിൽ പുഷ്പവര്‍ഷമായി ചെങ്ങന്നൂരില്‍ സജി ചെറിയാനു ചരിത്ര വിജയം. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തുടർച്ചയായി നിലനിന്ന ലീഡോടെ സജി ചെറിയാൻ നടത്തിയ വിജയക്കുതിപ്പ് അടുത്ത വര്‍ഷം നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഡ്രസ്സ് റിഹേഴ്സൽ കൂടിയായി.

യു ഡി എഫിന്‍റെയും ബി ജെ പിയുടേയും ശക്തികേന്ദ്രങ്ങൾ പോലും കുലുക്കുന്ന ശക്തമായ മുന്നേറ്റമാണ് തുടക്കം മുതല്‍ സജി ചെറിയാന്‍ നടത്തിയത്. ആദ്യം എണ്ണിയതു യു  ഡി എഫിന് ഭൂരിപക്ഷമുള്ള മാന്നാര്‍ പഞ്ചായത്തിലെ വോട്ട് . പോസ്റ്റൽ വോട്ട് മുതൽ തുടർന്ന ലീഡ് ഇവിടെയും സജി ചെറിയാന്‍ ആവർത്തിച്ചു. എതിരാളികൾക്ക് പ്രതീക്ഷയറ്റ വിധം സജി മുന്നിലായി. ബി ജെ പി യ്ക്ക് ഭൂരിപക്ഷമുള്ള തിരുവന്‍വണ്ടൂരിലും എല്‍ ഡി എഫ് ലീഡ് ചെയ്തു. യു ഡി എഫ് പ്രതീക്ഷ അർപ്പിച്ചിരുന്ന ചെങ്ങന്നൂര്‍ നഗരസഭയിലും വ്യക്തമായ ലീഡ് എല്‍ ഡി എഫിന് ലഭിച്ചു. മറ്റ് പഞ്ചായത്തുകളായ ചെന്നിത്തല, ബുധനൂര്‍, പാണ്ടനാട്, പുലിയൂര്‍, ചെറിയനാട്, ആല, മുളക്കുഴ, വെണ്‍മണി എന്നിവിടങ്ങളിലും വ്യക്തമായ ലീഡ് നേടിയതോടെ 20,956 വോട്ടിന്‍റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്ക് സജി കടക്കുകയായിരുന്നു. കഴിഞ്ഞ 30 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഭൂരിപക്ഷം.

കേരളാ കോണ്‍ഗ്രസ് (എം) ഭരിക്കുന്ന തിരുവന്‍വണ്ടൂരിൽ  യു ഡി എഫ് മൂന്നാം സ്ഥാനത്തായി.  കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാണ്ടനാട് പഞ്ചായത്തിലും ചെങ്ങന്നൂര്‍ നഗരരസഭയിലും യു ഡി എഫും തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ ബി ജെ പിയുമാണ് മുന്നിലെത്തിയത്. ഇവിടെയെല്ലാം ഇക്കുറി ഉജ്ജ്വലമായ ലീഡ് എല്‍ ഡി എഫിന് ലഭിച്ചു.

സിറ്റിംഗ് എം എല്‍ എയായിരുന്ന കെ കെ രാമചന്ദ്രന്‍നായരുടെ വികസന നേട്ടങ്ങളും സംസ്ഥാന സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങളുമാണ് എല്‍ ഡി എഫിന് ഇത്രയും വലിയ ഭൂരിപക്ഷം നല്‍കിയത്. തെരഞ്ഞെടുപ്പിന്‍റെ തുടക്കത്തില്‍ പ്രചരണ രംഗത്ത് സജീവമായിരുന്ന ബി ജെ പി ക്യാമ്പ് പിന്നീട് നിര്‍ജ്ജീവമായി. മണ്ഡലത്തില്‍ പ്രചരണത്തിന് എത്തിയ എ കെ ആന്‍റണി ഉള്‍പ്പെയുള്ള യു ഡി എഫ് നേതാക്കള്‍ ബി ജെ പിയുടെ വോട്ട് പരസ്യമായി അഭ്യര്‍ത്ഥിച്ചതും തിരിച്ചടിയായി. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പിന്തുണ യു ഡി എഫിന് ലഭിച്ചതും അവര്‍ക്ക് വോട്ട് കുറയാന്‍ കാരണമായി.