Friday
22 Feb 2019

ചെന്നൈയിന്‍ ജയിച്ചു; പോയിന്റ് പട്ടികയില്‍ മുന്നില്‍

By: Web Desk | Thursday 25 January 2018 10:55 PM IST

കൊല്‍ക്കത്ത: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ് സി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആതിഥേയരായ എ.ടി.കെയെ പരാജയപ്പെടുത്തി. ഐ എസ് എല്ലിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് എ.ടി.കെയുടെ ഹോം ഗ്രൗണ്ടില്‍ ചെന്നൈയിന്‍ എഫ് സി വിജയം സ്വന്തമാക്കുന്നത്.
ആദ്യ പകുതിയുടെ 45ാം മിനിറ്റില്‍ പുതുമുഖം മാര്‍ട്ടിന്‍ പിയേഴ്‌സണ്‍ നേടിയ ഗോളില്‍ എ.ടി.കെ മുന്നിട്ടു നിന്നു. രണ്ടാം പകുതിയില്‍ ഉശിരന്‍ തിരിച്ചുവരവ് നടത്തിയ ചെന്നൈയിന്‍ എഫ്.സി മെയിസല്‍സണ്‍ ആല്‍വസ് ( 52ാം മിനിറ്റില്‍) , ജെജെ ലാല്‍പെക്യൂല ( 64ാം മിനിറ്റില്‍ ) എന്നിവരുടെ ഗോളുകളിലൂടെ വിജയം സ്വന്തമാക്കി.

ഈ ജയത്തോടെ ചെന്നൈയിന്‍ എഫ് സി. 12 മത്സരങ്ങളില്‍ നിന്നും 23 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി. എ ടി കെ 11 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റോടെ എട്ടാം സ്ഥാനം തുടര്‍ന്നു. ഇരുടീമുകളും ചെന്നൈയില്‍ വെച്ചു എറ്റുമുട്ടിയപ്പോള്‍ ചെന്നൈയിന്‍ എഫ്.സി 32നു എ.ടി.കെയെ പരാജയപ്പെടുത്തിയിരുന്നു.

ആറാം മിനിറ്റില്‍ എ.ടി.കെയ്ക്കാണ് ആദ്യ അവസരം ബോക്‌സിലേക്കു വന്ന ജയേഷ് റാണയുടെ പാസില്‍ റോബര്‍ട്ട് നോഗ്രാമിന്റെ അക്രോബാറ്റിക് ശ്രമം പന്ത് തൊടാതെ അകന്നു പോയി. ആദ്യ 30 മിനിറ്റില്‍ ഈ ഒരു നീക്കം മാത്രെ എ ടി കെയുടെ ഭാഗത്തു നിന്നും കാര്യമായി വന്നുള്ളൂ.
36ാം മിനിറ്റില്‍ ചെന്നൈയിനു അനുകൂലമായി ലഭിച്ച ഫ്രീ കിക്കില്‍ ഗ്രിഗറി നെല്‍സന്റെ ശ്രമം    എ ടി കെയുടെ ഗോളിയുടെ കരങ്ങളില്‍ നി്ന്നും വഴുതിയെങ്കിലും ഉടനെ മജുംദാര്‍ സമനില വീണ്ടെത്തു പന്ത് പിടിച്ചു. 39ാം മിനിറ്റില്‍ അനിരുദ്ധ് താപ്പയിലൂടെ ചെന്നൈയിന്‍ വീണ്ടും മജുംദാറിനെ പരീക്ഷിച്ചു.

ആദ്യപകുതിയില്‍ തന്നെ എ ടി കെ പരുക്കേറ്റ റയന്‍ ടെയ്‌ലറിനു പകരം സെക്യൂഞ്ഞയെ കൊണ്ടുവന്നു. തൊട്ടുപിന്നാലെ 45ാം മിനിറ്റില്‍ എ.ടി.കെ സ്‌കോര്‍ബോര്‍ഡ് തുറന്നു. സെക്യൂഞ്ഞയില്‍ നിന്നാണ് തുടക്കം സെക്യൂഞ്ഞയില്‍ നിന്നും ജോര്‍ഡി മൊണ്ടേലിലേക്കും ,തുടര്‍ന്നു ബോക്‌സിന്റെ പാര്‍ശ്വത്തില്‍ മൊണ്ടേലിന്റെ പാസ് റൂപ്പര്‍ട്ടിലേക്കും. രണ്ട് ചെന്നൈയിന്‍ താരങ്ങളെ മറികടന്നു റൂപ്പര്‍ട്ട് ബോക്‌സിനു മുന്നില്‍ ജയേഷ് റാണയ്ക്കു നല്‍കി. ജയേഷ് ബോക്‌സിനകത്തേക്കു നല്‍കിയ ലോബില്‍ മാര്‍ട്ടിന്‍ പാറ്റേഴ്‌സണ്‍ ഹെഡ്ഡറിലൂടെ പോസ്റ്റിലേക്കു പന്ത് തിരിച്ചുവിട്ടു. ചെന്നൈയിന്‍ ഗോള്‍ കീപ്പര്‍ കരണ്‍ജിതിന്റെ നെഞ്ചില്‍ തട്ടി മുന്നോട്ടു വന്ന പന്ത് മാര്‍ട്ടിന്‍ പാറ്റേഴ്‌സണ്‍ തന്നെ വലയിലേക്കു തട്ടിയിട്ടു. (1-0).

പാറ്റേഴ്‌സന്റെ ആദ്യം വന്ന ഹെഡ്ഡറില്‍ പന്ത് കുത്തിയകറ്റാനോ കരങ്ങളില്‍ ഒതുക്കാനോ കരണ്‍ജിത് ശ്രമിച്ചില്ല. ഗുരുതരമായ ഈ വീഴ്ച പാറ്റേഴ്‌സണിനു തന്നെ പന്ത് വീണ്ടും ലഭിക്കാന്‍ വഴിയൊരുക്കി. രണ്ടാം ശ്രമത്തില്‍ പാറ്റേഴ്‌സണ്‍ ഗോളാക്കി മാറ്റി.
എ.ടി.കെയ്ക്കു വേണ്ടി ഇന്നലെ ആദ്യമായി ഇറങ്ങിയ ഉത്തര അയര്‍ലണ്ട് താരം മാര്‍ട്ടിന്‍ പാറ്റേഴ്‌സന്റെ ആദ്യ ഗോളും ഐ എസ് എല്‍ ഈ സീസണിലെ 150 ാം ഗോളുമായി കുറിക്കപ്പെട്ടു.
രണ്ടാം പകുതിയില്‍ ചെന്നൈയിന്റെ ഗോള്‍ മടക്കാനുള്ള ശ്രമം തീവ്രമായി. 51ാം മിനിറ്റില്‍ ധന്‍പാല്‍ ഗണേഷിന്റെ പാസില്‍ റാഫേല്‍ അഗസ്‌തോയുടെ ബുള്ളറ്റ് ഷോട്ട് കൊല്‍ക്കത്ത ഗോളി ദേബജിത് കുത്തിയകറ്റി രക്ഷപ്പെടുത്തി. എന്നാല്‍ ഇതിനെ തുടര്‍ന്നു വന്ന കോര്‍ണര്‍ ഗോളായി. അനിരുദ്ധ് താപ്പ എടുത്ത കിക്ക് ബോക്‌സിലേക്കു ഇന്‍സ്വിങ്ങറായി കൃത്യമയി വന്നു. കാത്തു നിന്ന മെയില്‍സണ്‍ ആല്‍വസ് പോയിന്റ് ബ്ലാങ്കില്‍ ദേബജിതിനെ നിസഹായനാക്കി ഹെഡ്ഡറിലൂടെ വലയിലാക്കി (1-1).

64 ാം മിനിറ്റില്‍ മൂന്നു ചെന്നൈയിന്‍ താരങ്ങളുടെ കുറിയ പാസുകളിലൂടെയാണ് ഗോള്‍ രൂപം കൊണ്ടത്. . റാഫേല്‍ അഗസ്‌തോ, ഇനിഗോ കാള്‍ഡിറോണ്‍, ജെജെ ലാല്‍പെക്യുല എന്നിവരുടെ പാസുകളാണ് ഗോളായി ഉരിത്തിരിഞ്ഞത്. ഇനിഗോ കാള്‍ഡിറോണിന്റെ ബോക്‌സിനകത്തേക്കു തൊടുത്തുവിട്ട പന്ത് ജയേഷ് റാണയുടെ കൈകളില്‍ തട്ടിയാണ് ഗോള്‍മുഖത്തേക്കു വന്നത്.റഫ്‌റി ഹാന്‍ഡ് ബോള്‍ വിളിക്കുമെന്നു പ്രതീക്ഷിച്ച ഘട്ടത്തില്‍ ഡിഫഌക്ട് ആയി വന്ന പന്ത് ദേബ്ജിതിന്റെ ദേഹത്തു തട്ടി ജെയുടെ പക്കലേക്കു നീങ്ങി. തൊട്ടു മുന്നില്‍ വന്ന പന്ത് ജെജെ വലയിലേക്കു തട്ടിയിടേണ്ട ദൗത്യം മാത്രമെ ഉണ്ടായിരുന്നുള്ളു. (2-1). ജെജെയുടെ ഈ സീസണിലെ ഏഴാം ഗോളായിരുന്നു ഇത്. എ ടി കെ ഇന്നലെ ആദ്യ ഇലവനില്‍ മൂ്ന്നു മാറ്റങ്ങള്‍ വരുത്തി. ടോം തോര്‍പ്പ്, ഹിതേഷ് ശര്‍മമ, സെക്യൂഞ്ഞ എന്നിവര്‍ക്കു പകരം ശങ്കര്‍ സാംപിന്‍രാജ്, ഡേവിഡ് കോട്ടേരി, മാര്‍ട്ടിന്‍ പിയേഴ്‌സണ്‍, എന്നിവര്‍ ഇടംപിടിച്ചു.ചെന്നൈയിന്‍ രണ്ടു മാറ്റങ്ങള്‍ വരുത്തി. മിലന്‍ സിംഗ് , തോയ് സിംഗ് എന്നിവര്‍ക്കു പകരം ഫ്രാന്‍സിസ്‌കോ ഫെര്‍ണാണ്ടസ്, റാഫേല്‍ അഗസ്‌തോ എന്നിവര്‍ ഇറങ്ങി.
അടുത്ത മത്സരത്തില്‍ എ ടി കെ 28നു ഹോം ഗ്രൗണ്ടില്‍ ജാംഷെഡ്പൂരിനെയും ചെന്നൈയിന്‍ എഫ്.സി ഫെബ്രുവരി ആറിനു ഹോം ഗ്രൗണ്ടില്‍ ബെംഗഌരു എഫ്.സിയേയും നേരിടും.