ഷിബു ടി ജോസഫ്

കണ്ണൂര്‍

February 02, 2021, 8:40 pm

ഐശ്വര്യ കേരളയാത്രയല്ല, ചെന്നിത്തല നയിക്കുന്നത് കോവിഡ് വ്യാപനയാത്ര

Janayugom Online

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്രയില്‍ കോവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും തിങ്ങിക്കൂടുന്നത് കേരളത്തെ വലിയ ദുരന്തങ്ങളിലേക്ക് നയിക്കുമെന്ന് കടുത്ത ആശങ്ക. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെയും ഐസിഎംആറിന്റെയും സംസ്ഥാന ആരോഗ്യവകുപ്പിന്റെയും കോവിഡ് മുന്നറിയിപ്പുകളും നിയന്ത്രണങ്ങളുമൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടിലാണ് രമേശ് ചെന്നിത്തലയും കൂട്ടരും സംസ്ഥാനയാത്രയില്‍ ആളെക്കൂട്ടി കേരളത്തെ ആകമാനം അപകടത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നത്.

ചെന്നിത്തലയുടെ യാത്ര ഇന്ന് കണ്ണൂരിലെ പര്യടനം പൂര്‍ത്തിയാക്കി നാളെ വയനാട്ടിലേക്ക് കടക്കും. കാസര്‍കോട് ജില്ലയിലെയും കണ്ണൂര്‍ ജില്ലയിലെയും യുഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ ആയിരക്കണക്കിനാളുകളാണ് യാത്രയെ സ്വീകരിക്കാന്‍ തിങ്ങിക്കൂടിയത്. വയനാട്ടില്‍ വിപുലമായ സ്വീകരണ ഒരുക്കങ്ങളാണ് നടക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് മണ്ഡലമായതിനാല്‍ ജില്ലയാകമാനമുള്ള കോണ്‍ഗ്രസ്-യുഡിഎഫ് പ്രവര്‍ത്തകരെ ഒന്നൊഴിയാതെ സ്വീകരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കാനാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം. സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാക്യാപ്റ്റനെയും അംഗങ്ങളെയും ഹാരമണിയിക്കുന്നവരുടെ വന്‍തിരക്കുപോലും നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളോ പ്രാദേശിക നേതൃത്വമോ യാതൊരു ശ്രദ്ധയും പുലര്‍ത്തുന്നില്ല. സര്‍ക്കാരിനോ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കോ പൊലീസിനോ പോലും നിയന്ത്രിക്കാന്‍ കഴിയാത്തവിധം മനപ്പൂര്‍വം വന്‍ ആള്‍ക്കൂട്ടങ്ങളുണ്ടാക്കി തങ്ങളുടെ ശക്തി തെളിയിക്കാന്‍ ഓരോ സ്വീകരണ കേന്ദ്രളിലും യുഡിഎഫ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മത്സരിക്കുകയാണ്.

രാജ്യത്തെ ഏറ്റവും കൂടിയ കോവിഡ് വ്യാപന നിരക്ക് ഇപ്പോള്‍ കേരളത്തിലാണ്. ദിനംപ്രതി ആറായിരത്തിനടുത്താണ് കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം. പോസിറ്റീവ് നിരക്കും രാജ്യത്തെ തന്നെ കൂടിയ അവസ്ഥയിലാണ്. നൂറുപേരെ ടെസ്റ്റ് ചെയ്യുമ്പോള്‍ പന്ത്രണ്ടിനടുത്താണ് രോഗനിരക്ക്. വളരെ ഗുരുതരമായ സ്ഥിതിയിലേക്ക് സംസ്ഥാനം കൂപ്പുകുത്തിക്കൊണ്ടിരിക്കുമ്പോളാണ് യുഡിഎഫ് ജാഥ തുടങ്ങിയിരിക്കുന്നതും രോഗവ്യാപനത്തെക്കുറിച്ച് യാതൊരു ആശങ്കയുമില്ലാതെ ആളുകള്‍ തിങ്ങിക്കൂടുന്നത്. പൊതുസ്ഥലങ്ങളില്‍ അടക്കം കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മുന്നറിയിപ്പ് ഗ്രാമപ്രദേശങ്ങളില്‍ പോലും ആരോഗ്യപ്രവര്‍ത്തകരും-പൊലീസും നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ചെറുകിട ഇടത്തരം പട്ടണങ്ങളിലും നഗരങ്ങളിലും കടകളിലും ഷോപ്പിംഗ് മാളുകളിലും ചന്തകളിലും അടക്കം ആള്‍ക്കൂട്ടമുണ്ടാകാതിരിക്കാന്‍ കടുത്ത ജാഗ്രത പുലര്‍ത്തുന്ന സമയത്താണ് ചെന്നിത്തലയെയും കൂട്ടരെയും സ്വീകരിക്കാന്‍ നൂറുകണക്കിനാളുകള്‍ മാസ്‌ക് പോലും ധരിക്കാതെ തിങ്ങിനിറയുന്നത്.

ആദ്യഘട്ടം രോഗവ്യാപനനിരക്ക് കുറഞ്ഞ ജില്ലകളില്‍ ഇപ്പോള്‍ കോവിഡ് നിരക്ക് അതിശക്തമാണ്. കേരളത്തില്‍ കോവിഡ് മരണനിരക്ക് കുറവാണെങ്കില്‍ പോലും ഇതുവരൊയി 3760 പേരാണ് ഈ മഹാമാരിയില്‍ ജീവന്‍ നഷ്ടപ്പെട്ടത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് പിന്നാലെയാണ് കേരളത്തില്‍ രോഗനിരക്കില്‍ വീണ്ടും വലിയ വര്‍ധനവുണ്ടായത്. ജാഗ്രതാനടപടികളും നിയന്ത്രണങ്ങളും ശക്തമാക്കുന്നതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാരും ആരോഗ്യസുരക്ഷാ വകുപ്പുകളും വരും ദിവസങ്ങളില്‍ ശക്തമാക്കാന്‍ ഒരുങ്ങുമ്പോഴാണ് കോണ്‍ഗ്രസും യുഡിഎഫും കേരളത്തെ കോവിഡ് മഹാമാരിയില്‍ മുക്കിത്താഴ്ത്തുന്ന വിധം ജാഥ നടത്തുന്നത്.

ജാഥയുടെ ഒരു ഘട്ടത്തില്‍പോലും കോവിഡ് വ്യാപനത്തെക്കുറിച്ചോ നിയന്ത്രണ സംവിധാനങ്ങളെക്കുറിച്ചോ ജാഥ നയിക്കുന്നവരോ സ്വീകരണകേന്ദ്രങ്ങളിലെ സംഘാടകരോ മുന്നറിയിപ്പ് നല്‍കുന്നില്ല എന്നത് ശ്രദ്ധേയമാണ്. കേരളീയര്‍ കോവിഡ് ബാധിച്ച് മരിച്ചാലും വേണ്ടില്ല എങ്ങനെയെങ്കിലും അധികാരത്തില്‍ എത്തണമെന്ന ചിന്തയാണ് ചെന്നിത്തലയെയും കൂട്ടരെയും നയിക്കുന്നതെന്ന് വ്യക്തം.

ENGLISH SUMMARY: chen­nitha­la is lead­ing not ker­ala aish­warya yathra; it is covid expan­sion yathra

YOU MAY ALSO LIKE THIS VIDEO