പുളിക്കല്‍ സനില്‍ രാഘവന്‍

May 20, 2021, 3:49 pm

ഉമ്മന്‍ചാണ്ടിയുടെ പിന്തുണയുണ്ടായിട്ടും ചെന്നിത്തലക്ക് സ്ഥാനം തെറിക്കുന്നു; ഗ്രൂപ്പ് നേതാക്കള്‍ കടുത്ത അമര്‍ഷത്തില്‍

Janayugom Online

ഉമ്മന്‍ചാണ്ടി അടക്കമുള്ള എ വിഭാഗത്തിന്‍റെ പിന്തുണയോടെ പ്രതിപക്ഷനേതാവായി തുടരാനുള്ള രമേശ് ചെന്നിത്തലയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുന്നു. പ്രതിപക്ഷ നേതൃസ്ഥാനം രമേശ് ചെന്നിത്തലക്ക് നല്‍കി കെപിസിസി പ്രസിഡന്‍റായി തന്‍റെ വിശ്വസ്തന്‍ കെ. സി ജോസഫിനെ പ്രതിഷ്ഠിക്കാനുള്ള നീക്കം ഉമ്മന്‍ചാണ്ടി നടത്തിയതും വൃഥാവിലാവുകയാണ്. പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ സ്ഥാനം ഐ ഗ്രൂപ്പിനങ്കില്‍ കെപിസിസി അധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിനെന്ന സമവാക്യത്തിലൂടെ മുന്നോട്ടു പോകുവാനുള്ള ഗ്രൂപ്പുകള്‍ക്കാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തടസം നിന്നിരിക്കുന്നതെന്നു പുറത്തുവരുന്ന റിപ്പോര്‍ട്ട്.

പ്രതിപക്ഷ നേതാവായി വി.ഡി സതീശനെയും, കെപിസിസി പ്രസിഡന്‍റായി കെ.സുധാകരനെയും, യുഡിഎഫ് കണ്‍വീനറായി പി ടി തോമസിനേയും നിയമിക്കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചിരിക്കുന്നതായി പുറത്തു വരുന്ന വാര്‍ത്തകള്‍. നേരത്തെെ എ വിഭാഗത്തിലെ എംഎല്‍എമാരെ കണ്ട ഉമ്മന്‍ചാണ്ടി ചെന്നിത്തലയെ പ്രതിപക്ഷനേതാവായി അംഗീകരിക്കാന്‍ തീരുമാനിച്ചിരുന്നു. അതിനു പിന്നില്‍ എട്ടു തവണ ഇരിക്കൂറില്‍ മത്സരിച്ച കെ സി ജോശഫിനെ കെപിസിസി പ്രസിഡന്‍റാക്കാന്‍ വേണ്ടിയായിരുന്നു. എ ഗ്രൂപ്പിലെ യുവ എംഎല്‍എമാര്‍ എതിര്‍ത്തിരുന്നു. . ഐ ഗ്രൂപ്പില്‍ തന്നെ ചെന്നിത്തല പ്രതിപക്ഷ നേതാവാകുുന്നതിനെ എതിര്‍ത്തിരുന്നു. എ ഗ്രൂപ്പില്‍ നിന്നുള്ള തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, പി ടി തോമസും പ്രതിപക്ഷ നേതാവാകാനുള്ള താല്‍പര്യം അറിയിച്ചിരുന്നു. അവര്‍ അത് പാര്‍ട്ടി ഹൈക്കമാന്‍ഡ് പ്രതിനിധികളെ അറിയിക്കുകുയും ചെയ്തു. 

ഒരു ഘട്ടത്തില്‍ എ ഗ്രൂപ്പ് യോഗത്തില്‍ തിരുവഞ്ചൂര്‍ പൊട്ടിതെറിച്ചതായി പറയപ്പെടുന്നു. പ്രതിപക്ഷനേതാവായി എ ഗ്രൂപ്പ് തന്നെ പരിഗണിക്കാത്തതിലുള്ള നീരസമണ് അതിനു പിന്നില്‍. എന്നാല്‍ പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരില്‍ പുതുമുഖങ്ങള്‍ ക്യാബിനറ്റില്‍ എത്തുമ്പോള്‍ ഒരു പ്രത്യേകത തന്നെയാണ് . സിപിഐ മന്ത്രിമാരെല്ലാം പുതുമുഖങ്ങളാണ്. എന്നാല്‍ അവര്‍ വിവിധ ഭരണ രംഗത്തുള്‍പ്പെടെ പ്രാഗത്ഭം തെളിച്ച സംഘടനാശേഷിയുള്ളവരാണ്. പരിസ്ഥിതി പ്രവര്‍ത്തകന്‍ പി. പ്രസാദ് ഉള്‍പ്പെടെയുള്ളവരാണ് സിപിഐയുടെ പ്രതിനിധികളായി മന്ത്രിസഭയിലെത്തുന്നത്. തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയിട്ടും പ്രതിപക്ഷനേതൃസ്ഥാനാത്തിനായി കോണ്‍ഗ്രസില്‍ ഗ്രൂപ്പും, ഗ്രൂപ്പിനകത്തെ ഗ്രൂപ്പുമായി പരസ്പരം അണിയറയില്‍ നീക്കം നടത്തുകയാണ്. 

എല്‍ഡിഎഫ് മന്ത്രിമാരെ നിശ്ചയിച്ച് ഇച്ഛാശക്തിയോടെ അധികാരത്തില്‍ എത്തുമ്പോള്‍ 21 എംഎല്‍എമാരുടെ ഇടയില്‍ നേതാവിനെ കണ്ടെത്തുവാന്‍ കഴിയാതെ ഉഴലുകയാണ് കോണ്‍ഗ്രസ്. പാര്‍ട്ടി ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ക്കുപോലും നേതാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.ഒടുവില്‍ ഡല്‍ഹിയില്‍ നിന്നുള്ള അറിയിപ്പ് വരുമെന്ന പ്രതീക്ഷയിലാണ്.അതായത്,കോണ്‍ഗ്രസില്‍ ഹൈക്കമാന്‍ഡ് കടും വെട്ടിന് ഒരുങ്ങുന്നു. കേരളത്തില്‍ അടിമുടി മാറ്റം വേണമെന്നാണ് നിലപാട്. 

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ തെറിക്കും. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും മാറും. പകരം പുതിയ ഗ്രൂപ്പിന് പുറത്തുള്ള നേതാക്കളാണ് വരാന്‍ പോകുന്നത്. എ, ഐ, ഗ്രൂപ്പ് നേതാക്കള്‍ ഇതോടെ ദുര്‍ബലമാവും. സിപിഎം അതിവേഗം സര്‍ക്കാര്‍ രൂപീകരണവുമായി പോയിട്ടും കോണ്‍ഗ്രസ് മാറ്റത്തിന് ഒരുങ്ങാത്തത് ഹൈക്കമാന്‍ഡിനെ ചൊടിപ്പിച്ചിട്ടുണ്ട് ഇതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട് രമേശ് ചെന്നിത്തല തുടരാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ വേണ്ടെന്നാണ് ഹൈക്കമാന്‍ഡ് കടുത്ത നിലപാട്. വിഡി സതീശന്റെ പേരിനാണ് മുന്‍തൂക്കം. ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എത്രയും വേഗം പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കാനാണ് നീക്കം. എ ഗ്രൂപ്പിന്റെ പിന്തുണ ലഭിച്ചെങ്കിലും കൂടുതല്‍ യുവ എംഎല്‍എമാര്‍ ചെന്നിത്തല മാറണമെന്ന് ശക്തമായി ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഇതാണ് വിഡി സതീശന് നറുക്ക് വീഴാന്‍ കാരണം.യുവ എംംഎല്‍എമാര്‍ അവരുടെ മുഖമായിട്ടാണ് വിഡി സതീശനെ ഉയര്‍ത്തി കാണിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ പുതുമുഖങ്ങളുമായി അധികാരമേല്‍ക്കുമ്പോള്‍ പ്രതിപക്ഷത്തും അതേ നില പ്രകടമാകണം. ചെന്നിത്തല തുടര്‍ന്നാല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത കോണ്‍ഗ്രസില്‍ മേല്‍ ഇല്ലാതാക്കാവുമെന്നായിരുന്നു യുവനേതൃത്വം അറിയിച്ചത്. 

ഏതെങ്കിലും ഗ്രൂപ്പ് നേതാവിനെ കാലങ്ങളായി പിന്തുണയ്ക്കുന്ന രീതിയായിരുന്നു കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തോല്‍ക്കുമ്പോഴും ജയിക്കുമ്പോഴും കോണ്‍ഗ്രസിനുണ്ടായിരുന്നത്. ഇത്തവണയും അതിന് തന്നെയാണ് ഉമ്മന്‍ ചാണ്ടി ശ്രമിച്ചത്. രമേശ് ചെന്നിത്തലയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച ഉമ്മന്‍ ചാണ്ടിക്ക് തിരിച്ചടിയാണ് അദ്ദേഹത്തെ മാറ്റാനുള്ള തീരുമാനം. കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന പ്രകാരം ദില്ലിയില്‍ നിന്ന് ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചെന്നാണ്. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവും, എഐസിസി ജനറല്‍ സെക്രട്ടറിയും കൂടിയാണ് ഉമ്മന്‍ചാണ്ടി. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ സ്ഥാനവും തെറിക്കും. കെ സുധാകരനാണ് അദ്ദേഹത്തിന് പകരം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുക. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് സൂചന നല്‍കി കഴിഞ്ഞു. എംഎം ഹസനും സ്ഥാനം പോകും . യുഡിഎഫ് കണ്‍വീനറായി പിടി തോമസിനെയാണ് തിരഞ്ഞെടുക്കുക. 

അതേസമയം സ്ഥാനങ്ങളൊക്കെ നഷ്ടപ്പെട്ട രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും സംസ്ഥാന തലത്തില്‍ ഒന്നും ചെയ്യാനില്ലാത്തവരുമാകും. പാര്‍ട്ടിക്കുള്ളില്‍ സ്ഥിരം മുഖങ്ങളെ നിര്‍ത്താന്‍ വന്‍ ഗ്രൂപ്പ് കളിയാണ് നടന്നത്. അതെല്ലാം ഹൈക്കമാന്‍ഡ് പൊളിച്ചിരിക്കുകയാണ്. കെപിസിസി അധ്യക്ഷനായി കെസി ജോസഫിനെ കൊണ്ടുവരാനും ഉമ്മന്‍ ചാണ്ടി വന്‍ നീക്കം തന്നെ നടത്തി. ഇരിക്കൂറിലും കോട്ടയത്തും കെസി ജോസഫിന് സീറ്റ് നേടിക്കൊടുക്കുന്നതില്‍ ഉമ്മന്‍ ചാണ്ടി പരാജയപ്പെട്ടിരുന്നു. അതുകൊണ്ടായിരുന്നു കെപിസിസി അധ്യക്ഷ സ്ഥാനം നല്‍കാമെന്ന് തീരുമാനിച്ചത്. എന്നാല്‍ ഗ്രൂപ്പ് നേതാവായി ആരും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വരേണ്ടതില്ലെന്ന നിലപാടില്‍ ഹൈക്കമാന്‍ഡ് എത്തി. എ ഗ്രൂപ്പിനുള്ളിലും ജോസഫിനെ താല്‍പര്യമില്ലായിരുന്നു. സുധാകരന്‍ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ മുല്ലപ്പള്ളിയെ മാറ്റാനുള്ള നീക്കം നടത്തിയിരുന്നു. കണ്ണൂരില്‍ മുല്ലപ്പള്ളിയെ മത്സരിപ്പിക്കാന്‍ സീറ്റും വാഗ്ദാനം ചെയ്തു. 

മുല്ലപ്പള്ളി കണ്ണൂരില്‍ മത്സരിച്ചാല്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുമെന്നും, അതോടെ തനിക്ക് അധ്യക്ഷനാവാമെന്നുമായിരുന്നു സുധാകരന്‍ കരുതിയത്. എന്നാല്‍ കണ്ണൂരില്‍ കാലുവാരാന്‍ സാധ്യതയുള്ളത് കൊണ്ട് മുല്ലപ്പള്ളി മത്സരിച്ചില്ല.എഐസിസി സംഘടനാജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ സുധാകരന്‍ വേണ്ടെന്ന നിലപാടുമെടുത്തു.രമേശ് ചെന്നിത്തലയ്ക്ക് ഇനി എന്ത് റോള്‍ കിട്ടുമെന്ന കാര്യത്തില്‍ മാത്രമാണ് സംശയമുള്ളത്. അദ്ദേഹത്തെ എഐസിസി പുനസംഘടനയില്‍ ദില്ലിയിലേക്ക് കൊണ്ടുവരാനുള്ള ഓപ്ഷനാണ് ഹൈക്കമാന്‍ഡിന്. പുതിയ നേതൃത്വത്തെ ചുമതലകള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഏല്‍പ്പിക്കുന്നത് ഗ്രൂപ്പ് മാനേജര്‍മാരില്‍ വലിയ , പ്രതിഷേധവുമാണ് ഉയര്‍ന്നിരിക്കുന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപനം നടത്തിയില്ലെങ്കിലും ഗ്രൂപ്പ് നേതാക്കളില്‍ അമര്‍ഷം പുകയുകയാണ്. വെളുക്കന്‍ തേച്ചത് പാണ്ടായി മാറാതിരുന്നാല്‍ മതിയെന്ന നിലപാടിലാണവര്‍.

Eng­lish Sum­ma­ry : Chen­nitha­la to lose oppo­si­tion par­ty leader position

You may also like this video :