February 8, 2023 Wednesday

ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കോൺഗ്രസ് മുഖപത്രം വീക്ഷണം

കെ കെ ജയേഷ്
കോഴിക്കോട്
January 31, 2021 1:56 pm

സംശുദ്ധം സദ് ഭരണം എന്ന മുദ്രാവാക്യമുയർത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് തുടക്കം തന്നെ കല്ലുകടി. കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിൽ ഇന്ന് പ്രസിദ്ധീകരിച്ച ജാഥയുടെ ഉദ്ഘാടനാർത്ഥമിറക്കിയ ബഹുവർണ്ണ സപ്ലിമെന്റിലാണ് വീക്ഷണം ആദരാഞ്ജലി അർപ്പിക്കുന്നത്. രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, പി കെ കുഞ്ഞാലിക്കുട്ടി, ഹൈദരലി ശിഹാബ് തങ്ങൾ ഉൾപ്പെടെയുള്ള നേതാക്കളുടെ ഫോട്ടോകൾക്ക് താഴെയാണ് ആദരാഞ്ജലികൾ എന്ന് അടിച്ചു ചേർത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ പരിഹാസവുമായി ആളുകൾ രംഗത്തെത്തിയതോടെ നടപടിയുമായി വീക്ഷണം മാനേജ്മെന്റും രംഗത്തെത്തി.

യാത്രയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സപ്ലിമെന്റിലാണ് ആശംസകൾ എന്നതിന് പകരം മറ്റൊരു വാക്ക് കടന്നുവന്നത്. പേജ് ഫൈനൽ പ്രൂഫ് വായന കഴിഞ്ഞ മാറ്റർ അംഗീകാരം നൽകിയ ശേഷമാണ് ഇത്തരമൊരു അട്ടിമറി നടന്നത്. സപ്ലിമെന്റ് പരസ്യം പത്രത്തിന് പുറത്ത് കരാർ അടിസ്ഥാനത്തിൽ സ്വകാര്യ സ്ഥാപനമാണ് ചെയ്തു വരുന്നത്. പിഡിഎഫ് എടുക്കുന്നതിനിടയിലാണ് സ്വകാര്യ സ്ഥാപനത്തിൽ നിന്ന് പേജിലെ ആശംസകൾ എന്നത് മാറ്റി മറ്റൊരു വാക്ക് പകരം ചേർത്തത്. സപ്ലിമെന്റ് പേജുകൾ അവിടെ നിന്ന് നേരിട്ട് പ്രസ്സിലേക്ക് അയക്കുകയായിരുന്നു. പത്രം പ്രിന്റ് ചെയ്ത ശേഷമാണ് ചതി മനസ്സിലായതെന്നാണ് മാനേജ്മെന്റ് വിശദീകരണം. വീക്ഷണത്തിനെതിരെ വാർത്തകൾ ചോർത്തി നൽകുന്ന വ്യക്തികളുടെ സ്വാധീനത്തിലാണ് സ്വകാര്യ കമ്പനി ഇത് ചെയ്തതെന്നും കമ്പനിക്കെതിരെ നിയമനടപടി സ്വീകരിച്ചെന്നും വീക്ഷണം വ്യക്തമാക്കി. അംഗീകരിച്ച് വിട്ട മാറ്ററിൽ തിരുത്ത് വരുത്തിയ ശേഷം സ്വകാര്യ കമ്പനി നടത്തിയ അട്ടിമറി ഗൗരവത്തോടെയാണ് കാണുന്നതെന്നും മാനേജ്മെന്റ് വ്യക്തമാക്കി.

ഇതേ സമയം നടപടി സ്വീകരിക്കുമ്പോഴും ആദരാഞ്ജലികൾ എന്ന് പ്രയോഗിച്ചത് തെറ്റല്ലെന്ന വാദവും മാനേജ്മെന്റ് ഉയർത്തുന്നുണ്ട്. ദുരുദ്ദേശത്തോടെയാണ് ഡിടിപി ഓപ്പറേറ്റർ പ്രസ്തുത തിരുത്ത് വരുത്തിയതെങ്കിലും പ്രയോഗപരമായി തെറ്റല്ലെന്ന അഭിപ്രായം ഭാഷാ വിദഗ്ധർ ഉയർത്തുന്നുണ്ട്. ആദരവോടെയുള്ള കൂപ്പുകൈ എന്നർത്ഥത്തിലാണ് സാധാരണ അത്തരം പ്രയോഗങ്ങൾ നടത്താറുള്ളത്. ബഹുമാനത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും വിദഗ്ധർ പറയുന്നു. എന്നാൽ ഫൈനൽ പ്രൂഫിന് ശേഷം അത്തരമൊരു തിരുത്ത് വരുത്താൻ ആർക്കും അധികാരമില്ലെന്നും പിന്നിൽ ഗൂഢാലോചനയുണ്ടെന്നും നിയമനടപടിയുമായ് മുന്നോട്ടു പോകുമെന്നും മാനേജ്മെന്റ് വ്യക്തമാക്കുന്നു.

ENGLISH SUMMARY: chen­nitha­la veek­shanam new aish­warya kerala

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.