Web Desk

February 03, 2021, 12:42 pm

ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര; ഉത്തര കേരളത്തില്‍ തണുപ്പന്‍ പ്രതികരണം

Janayugom Online

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഫ് ഐശ്വര്യ കേരള യാത്ര തുടക്കം മുതലേ ഗ്രൂപ്പ് പോരിലും കൈയ്യാങ്കളിയിലുമാണ്. ജനങ്ങള്‍ യാത്ര തിരസ്ക്കരിക്കുന്നതോടെ പച്ചക്കളം പടച്ച വിടുകയാണ് ചെന്നിത്തലയും കൂട്ടരും, എ ഗ്രൂപ്പ് പൂര്‍ണമായും യാത്ര ബഹിഷ്കരിച്ചിരിക്കുകയാണ്. മുസ്ലീം ലീഗില്‍ കുഞ്ഞാലിക്കുട്ടിയെപോലെയുള്ള നേതാക്കള്‍ക്ക് ചെന്നിത്തലയെ നേതാവായി അംഗീകരിക്കാന്‍ കഴിയുന്നില്ല, കൂടാതെ കുഞ്ഞാലിക്കുട്ടിയുടെ കേരളത്തിലേക്കുള്ള വരവിനെ ലീഗിലെ തന്നെ നല്ലൊരു വിഭാഗത്തിനുള്ള എതിര്‍പ്പു കാരണം അവരും ജാഥക്ക് വേണ്ട പിന്തുണ നല്‍കുന്നില്ല, കുഞ്ഞാലിക്കുട്ടിയോടുള്ള ലീഗ് അണികളുടെ എതിര്‍പ്പാണ് പ്രധാന കാരണം. പി. ജെ ജോസഫിന്‍റെ പാര്‍ട്ടിയില്‍ നിന്നും അണികള്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പാര്‍ട്ടി വിട്ട് ജോസ് കെ മാണിക്കൊപ്പം ചെര്‍ന്ന് എല്‍ഡിഎഫിന്‍റെ ഭാഗമാകുന്നു. കൂടെ നില്‍ക്കുന്നവര്‍ക്ക് സീറ്റ് കൊടുക്കാനുള്ള സമ്മര്‍ദ്ദത്തിലാണ് ജോസഫും, അതിനാല്‍ ജോസഫിന്‍റെ അണികളും , നേതാക്കളും ജാഥയില്‍ വലിയ താല്‍പര്യംകാണിക്കുന്നില്ല. ആര്‍എസ് പി നേതാവ് പ്രേമചന്ദ്രന്‍ പാര്‍ലമെന്‍റ് സമ്മേളനവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലാണ്.

സംസ്ഥാന സെക്രട്ടറി അസീസിനെ ഇരവിപുരം മണ്ഡലത്തില്‍ നിന്നും മാററുവാനുള്ള ശ്രമം നടക്കുന്നതിനാല്‍ അണികള്‍ അമര്‍ഷത്തിലാണ്. ആര്‍എസ് പി അണികള്‍ യുഡിഎഫ് വിടണമെന്നു നേതാക്കളോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ആര്‍എസ്പിയുടെ പങ്കാളിത്തമേ ഇല്ല. ജാഥയില്‍ ജോണി നെല്ലൂരിനെ സഹകരിപ്പിക്കുന്നതില്‍ അനൂപ് ജേക്കബിനും, കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിനും എതിര്‍പ്പുണ്ട്.യുഡിഎഫ് സെക്രട്ടറി എന്ന നിലയിലാണ് നെല്ലൂരിനെ ജാഥയുടെ ഭാഗമാക്കിയിരിക്കുന്നത്. ജേക്കബ് ഗ്രൂപ്പില്‍ നിന്നും പോയ ആളാണ് ജോണി നെല്ലൂര് അതിനാല്‍ ഒഴിവാക്കണമന്നാണ് അവരുടെ നിലപാട്. ഒട്ടും ഐക്യമില്ലാതെ നീങ്ങുന്ന ജാഥ അവസാനം എങ്ങനെയായിതീരുമന്ന ഭയാശങ്കയിലാണ് ചെന്നിത്തലയ്ക്കും ഐ ഗ്രൂപ്പിനും. അതിനാല്‍ വാർത്താസമ്മേളനത്തിലും പ്രസംഗങ്ങളിലുമെല്ലാം പച്ചക്കള്ളമാണ്‌ അദ്ദേഹം ആവർത്തിക്കുന്നത്‌. ചൊവ്വാഴ്‌ച രാവിലെ സ്വകാര്യ ഹോട്ടലിൽ ജാഥാംഗങ്ങൾക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ സ്വർണക്കടത്ത്‌ അന്വേഷണത്തിൽ എല്‍ഡിഎഫും ബിജെപിയും ധാരണയായെന്ന്‌ ആരോപിച്ച ചെന്നിത്തല, മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തയച്ചതോടെ ഇഡിയും എൻഐഎയും ഉൾപ്പെടെ എല്ലാ കേന്ദ്ര ഏജൻസികളും അന്വേഷണം നിർത്തിവച്ചതായും തട്ടിവിട്ടു. ‌തില്ലങ്കേരിയിൽ രണ്ടായിരത്തോളം വോട്ടുകൾ ബിജെപി എല്‍ഡിഎഫിന് ‌ മറിച്ചു നൽകിയെന്നാരോപിക്കുന്നു. തില്ലങ്കേരി എന്ന പ്രദേശത്ത് ഐതിഹാസികമായ സമരങ്ങള്‍ നടന്ന പ്രദേശമാണ് ഇതെല്ലാം മറന്നാണ് ചെന്നിത്തലയുടെ അഭിപ്രായപ്രകടനങ്ങള്‍വസ്‌തുതയുടെ കണികപോലുമില്ലാത്ത ആരോപണങ്ങൾ. സ്വർണക്കടത്ത്‌ കേസിലെ യഥാർഥ പ്രതികളെ പിടികൂടാതെ സർക്കാരിനെ വരിഞ്ഞുമുറുക്കാനാണ്‌ കേന്ദ്ര അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നതെന്ന്‌ തുടക്കത്തിലേ വ്യക്തമായിരുന്നു. എന്നാൽ, മാസങ്ങൾ അന്വേഷണം നടത്തിയിട്ടും സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ഒരു തെളിവും ഏജൻസികൾക്കു ലഭിച്ചില്ല. ഇതിലുള്ള നൈരാശ്യവും ഇച്ഛാഭംഗവുമാണ്‌ ചെന്നിത്തലയുടെ വാക്കുകളിൽ തെളിയുന്നത്‌. വ്യാജവാർത്ത ഏറ്റുപിടിച്ചാണ്‌ പ്രതിപക്ഷ നേതാവിന്റെ തില്ലങ്കേരി പരാമർശം. പോളിങ്‌ ശതമാനം 77 ൽനിന്ന്‌ 64 ആയി കുറഞ്ഞതിനാൽ ജില്ലാ പഞ്ചായത്ത്‌ തില്ലങ്കേരി ഡിവിഷൻ തെരഞ്ഞെടുപ്പിൽ മൂന്നു മുന്നണികൾക്കും വോട്ടു കുറഞ്ഞിരുന്നു. ഡിസംബറിലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ എൽഡിഎഫിന് 346 ഉം യുഡിഎഫിന്‌ 4862 ഉം ബിജെപിക്ക് 2004 വോട്ടും കുറഞ്ഞു. ബിജെപി 2000 വോട്ട്‌ എൽഡിഎഫിന്‌ മറിച്ചുചെയ്‌തെന്ന്‌ ആരോപിക്കുന്ന ചെന്നിത്തല, യുഡിഎഫിന്റെ 4862 വോട്ട്‌ കുറഞ്ഞതിനെക്കുറിച്ച്‌ മിണ്ടുന്നില്ല.ചെന്നിത്തലയുടെ മറ്റൊരു ആരോപണവും തിരിഞ്ഞുകുത്തുകയാണ്‌. സ്വന്തം മണ്ഡലമായ ധർമടത്തുപോലും വികസനമെത്തിക്കാൻ പറ്റാത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്നായിരുന്നു ആക്ഷേപം. വിവിധ മേഖലകളിലായി അഞ്ചു വർഷത്തിനിടെ 1200 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടന്ന മണ്ഡലമാണിത്‌. കിഫ്ബി ഫണ്ടിൽനിന്ന് 200.99 കോടിയുടെ പ്രവൃത്തിയും പൂർത്തിയാക്കി. 

253 കോടിയുടെ പ്രവൃത്തി അംഗീകാരത്തിന് സമർപ്പിച്ചിരിക്കുന്ന മണ്ഡലത്തെക്കുറിച്ചാണ്‌ ദുരാരോപണം.ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്‌ക്കിടെ രാജ്‌മോഹൻ ഉണ്ണിത്താൻ എംപിക്കുനേരെ കോൺഗ്രസ്‌ നേതാക്കളുടെ കൈയേറ്റ ശ്രമം. എംപിയും ജില്ലയിലെ കോൺഗ്രസ്‌ നേതാക്കളും തമ്മിലുള്ള പോരിന്റെ ഭാഗമായാണിത്‌.യാത്രയുടെ ഉദ്‌ഘാടന ദിവസം കാസർകോട്‌ നായന്മാർമൂലയിലെ വീട്ടിലായിരുന്നു നേതാക്കൾക്ക് രാത്രി ഭക്ഷണം. ഇവിടെവച്ച്‌ മണ്ഡലം പ്രസിഡന്റ്‌ ഉമേശ്‌ അണങ്കൂരിനെ എംപി അസഭ്യം പറഞ്ഞു. കെപിസിസി നിർവാഹക സമിതി അംഗവും മറ്റ്‌ നേതാക്കളും ഇതിനെ ചോദ്യംചെയ്‌തു. തുടർന്ന് വാക്ക്‌തർക്കവും തെറിവിളിയുമുണ്ടായി. ഇതിനിടെയാണ്‌ ചിലർ എംപിയെ കൈയേറ്റംചെയ്യാൻ മുതിർന്നത്‌. കൈയാങ്കളിയിലെത്തുമെന്നായപ്പോൾ എംപി കാറിൽ രക്ഷപ്പെട്ടു.കൈയേറ്റം ചെയ്യാൻ ശ്രമിച്ചവർക്കെതിരെ നടപടിയാവശ്യപ്പെട്ട്‌ ഉണ്ണിത്താൻ കെപിസിസിക്ക്‌ പരാതി നൽകി. ഡിസിസിയെയും മറ്റ്‌ നേതാക്കളെയും വകവയ്‌ക്കാതെയുള്ള ഉണ്ണിത്താന്റെ പ്രവർത്തനങ്ങൾക്കെതിരെ കാസർകോട്‌ വലിയ അമർഷമുണ്ട്‌. ഡിസിസി പ്രസിഡന്റ്‌ ഹക്കീം കുന്നിലും എംപിയും രണ്ട്‌ വഴിക്കാണ്‌. ഹക്കീമിനെ മാറ്റാനാവശ്യപ്പെട്ട്‌ എഐസിസി ജനറൽ സെക്രട്ടറിക്ക്‌ നൽകിയ കത്തിന്‌ പിന്നിൽ എംപിയാണെന്നും ആരോപണമുണ്ട്‌. ചുരുക്കത്തില്‍ വലിയ പ്രതീക്ഷയില്‍ ആരംഭിച്ച ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്ര വേണ്ടത്രെ വിജയം കൈവരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉത്തരകേരത്തില്‍പോലും കാണുവാന്‍ കഴിയുന്നത്. ജനങ്ങള്‍ക്ക് വലിയ താല്‍പര്യമല്ലായെന്നുള്ളതാണ് പ്രധാന കാരണം.
eng­lish sum­ma­ry ; Chen­nitha­la’s Aish­warya Ker­ala Yatra; Cold reac­tion in North Kerala
you may also like this video;