ചെക്കുകേസ് വഴിമുട്ടുന്നു; തുഷാര്‍ യുഎഇയില്‍ കുടുങ്ങുന്നു

Web Desk
Posted on August 24, 2019, 11:01 pm

പ്രത്യേക ലേഖകന്‍

ദുബായ്: ബിഡിജെഎസ് പ്രസിഡന്റും ബിജെപി മുന്നണിയുടെ കേരളത്തിലെ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ അജ്മാന്‍ പൊലീസ് എടുത്ത കേസ് ഒത്തുതീര്‍പ്പിലെത്തിക്കാനുള്ള സാധ്യതകള്‍ മങ്ങുന്നു.
മധ്യസ്ഥര്‍ കൂടാതെ കേസ് കോടതിക്ക് പുറത്തു വച്ചുതീര്‍ക്കാമെന്ന നിലപാടില്‍ നിന്നും തുഷാറും വാദിയായ കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശിയും പ്രവാസി സംരംഭകനുമായ നാസില്‍ അബ്ദുള്ളയും പിന്മാറിയതിനെത്തുടര്‍ന്നാണ് ഒത്തുതീര്‍പ്പ് വഴിമുട്ടിയത്. മധ്യസ്ഥരില്ലാതെ ചര്‍ച്ചയില്ല എന്ന നിലപാടിലാണിപ്പോള്‍ ഇരുപക്ഷവും. അതിനാല്‍ ഇന്നലെ നടക്കാനിരുന്ന ചര്‍ച്ചകള്‍ നടന്നില്ല. തുഷാര്‍ നല്‍കിയ 19.95 കോടിയുടെ വണ്ടിച്ചെക്ക് മടങ്ങിയതിനെത്തുടര്‍ന്ന് നാസിലിന്റെ പരാതിയിന്മേല്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി തുഷാറിനെ കസ്റ്റഡിയിലെടുത്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രസര്‍ക്കാരും ഇടപെട്ടതിനെത്തുടര്‍ന്ന് പ്രവാസി വ്യവസായിയായ എം എ യൂസഫലി 1.95 കോടി ജാമ്യത്തുകയായി കെട്ടിവച്ചു. തുടര്‍ന്ന് ജയില്‍ വിമോചിതനായ തുഷാറിന് കേസ് തീരുന്നതുവരെ യുഎഇ വിടാനാകില്ല.

പാസ്‌പോര്‍ട്ട് അധികൃതര്‍ പിടിച്ചെടുക്കുകയും ചെയ്തു. ജാമ്യത്തിലിറങ്ങിയ തുഷാര്‍ പറഞ്ഞത് തന്റെ ചെക്ക്‌ലീഫ് മോഷ്ടിച്ച് പണം തട്ടാനുള്ള നാടകമാണ് നാസില്‍ കളിക്കുന്നതെന്നായിരുന്നു. എന്നാല്‍ പിന്നീട് നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ തുഷാര്‍ തന്നെ നാസിലിനെ വിളിച്ച് കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കാമെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ ചര്‍ച്ചകളും നടന്നിരുന്നു. ഇരുവരും ഇതംഗീകരിച്ചു. പണം നല്‍കിയല്ല ഒത്തുതീര്‍പ്പെന്നും നാസിലിന്റെ ബിസിനസില്‍ സഹായിക്കാമെന്നും തുഷാര്‍ പറഞ്ഞത് നാസില്‍ നിഷേധിച്ചുമില്ല. മധ്യസ്ഥരല്ലാതെ ചര്‍ച്ചയെന്ന ധാരണ ലംഘിച്ച് തുഷാറിനുവേണ്ടി ചില മധ്യസ്ഥര്‍ ഇന്നലെ രംഗത്തെത്തിയതോടെ ധാരണ ലംഘിക്കുകയായിരുന്നു തുഷാര്‍ എന്നായിരുന്നു നാസിലിന്റെ നിലപാട്. തനിക്കും മധ്യസ്ഥരുണ്ടെന്ന് നാസില്‍ വ്യക്തമാക്കിയതോടെ ഇന്നലെ നടക്കാനിരുന്ന ഉഭയകക്ഷി ചര്‍ച്ച അലസുകയായിരുന്നു.

പണം നല്‍കാതെ എങ്ങനെയാണ് തുഷാര്‍ ഒത്തുതീര്‍പ്പ് ഉദ്ദേശിക്കുന്നതെന്ന് നാസില്‍ ഇന്നലെ ചോദിച്ചു. ഇരുവരും തമ്മില്‍ ധാരണയിലെത്തിയില്ലെങ്കില്‍ ഇന്ന് കേസ് കോടതിയിലെത്തുമ്പോഴേക്കും തുഷാര്‍ പിന്നെയും ജാമ്യത്തില്‍ നില്‍ക്കേണ്ടി വരും. കേരളത്തിലേക്കുള്ള യാത്രയും മുടങ്ങും.