ചെറുതോണി-എറണാകുളം റോഡ് ഗതാഗതം നാളെ പുനഃസ്ഥാപിക്കും: എം പി

Web Desk
Posted on August 23, 2018, 9:18 pm
ചെറുതോണി — എറണാകുളം റോഡ് പുനഃസ്ഥാപിക്കുന്നതിന് ചുരുളിയില്‍ ഒലിച്ചുപോയ റോഡിന്‍റെ നിര്‍മ്മാണം അഡ്വ. ജോയ്‌സ് ജോര്‍ജ് എംപിയുടെ നേതൃത്വത്തില്‍ നടക്കുന്നു

ചെറുതോണി: ചെറുതോണി — എറണാകുളം റോഡ് ഗതാഗതം വെള്ളിയാഴ്ച  മുതല്‍
പുനഃസ്ഥാപിക്കുമെന്ന് അഡ്വ. ജോയ്‌സ് ജോര്‍ജ് എം പി അറിയിച്ചു. അടിമാലി-കുമളി ദേശീയപാതയുടെ ഭാഗമായ ചുരുളി ഭാഗത്തെ 200 അടി താഴ്ചയിലേക്ക് റോഡ് ഒലിച്ചുപോയതാണ് ഗതാഗതം തകരാറിലാക്കിയത്. വ്യാഴാഴ്ച രാവിലെ സ്ഥലം സന്ദര്‍ശിച്ച എം പി മണിക്കൂറുകളോളം സ്ഥലത്ത് നിന്ന് റോഡ് പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ദുരന്തനിവാരണ അതോറിറ്റിയുടെ അധികാരങ്ങളുപയോഗപ്പെടുത്തി ജില്ലാ ഭരണകൂടത്തെക്കൂടി ഇടപെടുവിച്ച് അവശ്യമായ മക്കും മെറ്റലുകളും കൃത്യമായെത്തിച്ചാണ് താല്‍ക്കാലിക റോഡ് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്. ചെറുവാഹനങ്ങള്‍ നാളെ രാവിലെ മുതല്‍ ഓടിത്തുടങ്ങും. രണ്ട്-മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ബസ് ഗതാഗതം ആരംഭിക്കാന്‍ കഴിയുമെന്നും എം പി പറഞ്ഞു. തൊടുപുഴ റൂട്ടില്‍ ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്ത്. ചെറുവാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്. ഒരാഴ്ചത്തെ പണികള്‍കൂടി പൂര്‍ത്തിയാക്കിയാല്‍ ബസ് കടത്തിവിടാന്‍ കഴിയും.

തൊടുപുഴ‑ചേലച്ചുവട്-മുരിക്കാശ്ശേരി റോഡും നാളെ മുതല്‍ തുറന്നുകൊടുക്കും. ചെറുതോണിയില്‍ ഗാന്ധിനഗര്‍ നിവാസികള്‍ക്കായി ഉടന്‍ നടപ്പാലം നിര്‍മ്മിക്കുമെന്നും എം പി അറിയിച്ചു. നാളെ മുതല്‍ പാലത്തിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഹൈവേ വിഭാഗം ചീഫ് എന്‍ജിനീയറും, ചീഫ് സെക്രട്ടറിയും ബുധനാഴ്ച സ്ഥലത്തെത്തി പാലത്തിന്‍റെ ബല
സ്ഥിതി പരിശോധിച്ചിരുന്നുവെന്നും എം പി അറിയിച്ചു. യുദ്ധകാലാടിസ്ഥാനത്തിലാണ് പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നതെന്നും കാലവിളംബമില്ലാതെ പുതിയ ഇടുക്കിയെ സൃഷ്ടിച്ചെടുക്കാന്‍ കഴിയുമെന്നും എം പി പറഞ്ഞു.