Web Desk

കെ കെ ജയേഷ്

May 31, 2020, 3:15 am

ദുരിതകാലം മുതൽ തൊണ്ടിമുതൽ വരെ: ചെറുവത്തൂരിന്റെ സ്വന്തം ഉണ്ണിയേട്ടൻ

Janayugom Online

മൊബൈൽ ടവർ… അണ്ണാക്കൊട്ടൻ. . പൂമ്പാറ്റ എന്നെല്ലാം പറഞ്ഞ് പൊലീസ് സ്റ്റേഷനിൽ അയാൾ നിന്നപ്പോൾ തിയേറ്ററിൽ പ്രേക്ഷകരുടെ കൈയ്യടികൾ ഉയർന്നു. ‘തൊണ്ടിമുതലും ദൃക്സാക്ഷി‘യിലെ കവി രാജേഷ് അമ്പലത്തറയിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയ സാന്നിധ്യമായ ഉണ്ണിരാജ് ചെറുവത്തൂർ നാട്ടുകാരുടെ സ്വന്തം ഉണ്ണിയേട്ടനാണ്. മികച്ച കഥാപാത്രങ്ങളിലൂടെ ഉയരങ്ങളിലേക്ക് കുതിക്കുമ്പോഴും നാടും നാട്ടുകാരുമാണ് തന്റെ കരുത്തെന്ന് ഉണ്ണിരാജ് പറയുന്നു. കാസർക്കോടൻ സംസാര ശൈലിയുമായി നാടക, സിനിമാ രംഗങ്ങളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ഉണ്ണിരാജ് ചെറുവത്തൂർ തന്റെ ജീവിതാനുഭവങ്ങൾ ജനയുഗം വാരാന്തവുമായി പങ്കുവെക്കുന്നു.

ദുരിതങ്ങൾ നിറഞ്ഞ കാലം

കാസർകോട് ചെറുവത്തൂരാണ് എന്റെ സ്വദേശം. അച്ഛൻ ചൂരിക്കാടൻ കണ്ണൻ നായർ പെയിന്റിംഗ് തൊഴിലാളിയും കലാപ്രവർത്തകനുമായിരുന്നു. അച്ഛനും അമ്മയും രണ്ട് സഹോദരങ്ങളും അടങ്ങിയ കുടുംബം. കുട്ടിക്കാലത്ത് പട്ടിണി ജീവിതത്തിന്റെ ഭാഗമായിരുന്നു. ഒറ്റ മുറിയുള്ള ഒരു മൺകൂരയിലായിരുന്നു താമസം. മഴ പെയ്തു തുടങ്ങിയാൽ വീട് ചോരാൻ തുടങ്ങും. അപ്പോൾ അമ്മ പാത്രങ്ങൾ നിരത്തിവെക്കും. മഴത്തുള്ളികൾ പാത്രത്തിൽ വീഴുമ്പോഴുള്ള ശബ്ദവും കേട്ടുറങ്ങിയ എത്രയോ രാവുകൾ. നല്ല ഭക്ഷണമോ വസ്ത്രമോ ഒന്നും ഇല്ലാതെ പ്രയാസപ്പെട്ട ആ കാലത്ത് നാടകങ്ങളായിരുന്നു ഏക ആശ്വാസം. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഞാൻ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങിയിരുന്നു.

കൊവ്വൽ യുപി സ്കൂളിലും കുട്ടമത്ത് ഗവൺമെന്റ് ഹൈസ്കൂളിലും പഠിക്കുമ്പോൾ സ്കൂൾ തലത്തിൽ നിരവധി നാടകങ്ങളിലാണ് വേഷമിട്ടത്. എന്നാൽ സബ് ജില്ലയിലേക്ക് പോകാൻ കാശുണ്ടാവില്ല. പരിശീലകന് നൽകുവാനും മറ്റുമായി നാടകത്തിൽ അഭിനയിക്കുന്ന കുട്ടികൾ ഒരു തുക കൊടുക്കണം. എനിക്ക് പകരം മറ്റു കുട്ടികൾ സബ് ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ വല്ലാത്ത നിരാശ തോന്നാറുണ്ടായിരുന്നു. എങ്കിലും നാടകത്തെ കൈവിട്ടില്ല. വീടിനടുത്ത് വി വി സ്മാരക കലാവേദി പ്രവർത്തിച്ചിരുന്നു. അവർ അവതരിപ്പിക്കുന്ന നാടകങ്ങൾ കണ്ടാണ് നാടകത്തോട് ഇഷ്ടം തോന്നിത്തുടങ്ങിയത്.

പത്താം ക്ലാസിന് ശേഷം

പത്താം ക്ലാസ് കഴിഞ്ഞപ്പോൾ തുടർ പഠനം നടത്താൻ വഴിയില്ലാതായി. അങ്ങനെ പതിനാറാമത്തെ വയസ്സിൽ നാട്ടിലുള്ള ഒരു കടയിൽ പണിക്ക് പോയിത്തുടങ്ങി. പിന്നീട് നീലേശ്വരം സ്കോളർ കോളെജിൽ പ്രീഡിഗ്രിയ്ക്ക് ചേർന്നപ്പോഴും ക്ലാസ് കഴിഞ്ഞാൽ നേരെ കടയിലെത്തി ജോലി തുടരും. റോഡ് പണി, കിണർ കുഴിക്കൽ, പെയിന്റ് പണി, ഓട്ടോ ഓടിക്കൽ.…എല്ലാ പണികളും ചെയ്താണ് പഠനവും ജീവിതവും മുന്നോട്ട് കൊണ്ടുപോയത്. പിന്നീട് നിരവധി അവാർഡുകൾ നേടിയ ‘ആത്മാവിന്റെ ഇടനാഴി’, ‘വേഷം’, ‘ചായം’ തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു. ഞാൻ രചനയും സംവിധാനവും നിർവ്വഹിച്ച ‘ഒരു ക്രൂരതയുടെ ബാക്കിപത്രം’ എന്ന നാടകവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വി വി സ്മാരക കലാവേദി, കണ്ണങ്കൈ നാടക വേദി തുടങ്ങിയ സ്ഥാപനങ്ങളാണ് എന്നിലെ അഭിനേതാവിനെ പുറത്തെത്തിച്ചത്.

കലോത്സവങ്ങളാണ് ലഹരി

കഴിഞ്ഞ ഇരുപതിലധികം വർഷങ്ങളായി കലോത്സവ വേദികളിലെ സ്ഥിരം സാന്നിധ്യമാണ് ഞാൻ. ജില്ലാ, സംസ്ഥാന സ്കൂൾ കലോത്സവ വേദികളിൽ ഞാൻ പരിശീലിപ്പിച്ച കുട്ടികളുമായെത്തുമ്പോൾ എന്റെ കുട്ടിക്കാലത്തെക്കുറിച്ച് ഓർക്കും. ഞാൻ പഠിപ്പിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ കിട്ടിത്തുടങ്ങിയപ്പോൾ കൂടുതൽ കുട്ടികൾ പരിശീലനത്തിന് എത്തിത്തുടങ്ങി. എനിക്ക് നേടാൻ സാധിക്കാത്തത് എന്റെ കുട്ടികൾ നേടിയെടുക്കുമ്പോൾ വലിയ സന്തോഷമാണ്. മൈം, സ്കിറ്റ് തുടങ്ങിയവയാണ് പ്രധാനമായും പരിശീലിപ്പിക്കുന്നത്. ഓരോ കലോത്സവത്തിനും പത്തു ടീമുകളെ വരെ പരിശീലിപ്പിക്കാറുണ്ട്. നാട്ടിലെ സ്കൂളുകളിൽ പരിശീലകനായാണ് തുടക്കം. പിന്നീട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്കൂളുകളിൽ കുട്ടികളെ പരിശീലിപ്പിക്കാൻ തുടങ്ങി. സ്കൂൾ കലോത്സവങ്ങളിൽ മാത്രമല്ല സർവ്വകലാശാലാ കലോത്സവങ്ങളിലും പോളിടെക്നിക്ക് കലോത്സവങ്ങളിലുമെല്ലാം ഞാൻ കുട്ടികളെ പരിശീലിപ്പിക്കാറുണ്ട്.

സുഹൃത്ത് വഴി മറിമായത്തിലേക്ക്

നാടകങ്ങളിൽ അഭിനയിക്കാറുണ്ടെങ്കിലും സിനിമയിലോ സീരിയലിലോ അഭിനയിക്കാൻ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഒരു ഷൂട്ടിംഗ് പോലും അതുവരെ നേരിൽ കണ്ടിട്ടുമില്ല. ആഗ്രഹമുണ്ടെങ്കിലും അതൊക്കെ നമുക്ക് എത്തപ്പെടാൻ കഴിയാത്ത മേഖലയാണെന്നായിരുന്നു കരുതിയിരുന്നത്. ഒരു ലുക്കില്ലാത്തതുകൊണ്ട് ആരും സിനിമയിലെടുക്കില്ലെന്ന് വിശ്വസമായിരുന്നു എനിക്ക്. ഒരു ദിവസം സുഹൃത്ത് അഡ്വ. പ്രദീപ് കുമാറാണ് മറിമായം എന്ന ചാനൽ പരിപാടിയുടെ കാര്യം പറയുന്നത്. ലുക്കിന്റെ കാര്യം പറഞ്ഞപ്പോൾ നിനക്ക് നല്ല ഹ്യൂമർ സെൻസുണ്ട്, ഇതിലേക്ക് അതുമതിയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെയാണ് മറിമായത്തിലേക്ക് എത്തുന്നത്. ആ സെറ്റ്, ഒരു കുടുംബം പോലെയായിരുന്നു. അതുകൊണ്ട് വലിയ ടെൻഷൻ ഒന്നും അനുഭവപ്പെട്ടില്ല. മറിമായത്തിലെ കാസർക്കോടൻ ഭാഷ സംസാരിക്കുന്ന കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

തൊണ്ടി മുതലിലെ കവി രാജേഷ് അമ്പലത്തറ

സിനിമാ സഹസംവിധായകനും സുഹൃത്തുമായ കെ ടി സുധാകരനാണ് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന സിനിമയുടെ ഓഡീഷന് എന്നെ നിർബന്ധിച്ച് വിളിച്ചുകൊണ്ടുപോയത്. അന്ന് കലോത്സവം നടക്കുന്ന സമയമാണ്. കലോത്സവം വിട്ട് ഒരു പരിപാടിക്കുമില്ല. . അതാണെന്റെ സന്തോഷം എന്നെല്ലാം പറഞ്ഞുനോക്കിയെങ്കിലും സുധാകരൻ സമ്മതിച്ചില്ല. സംവിധായകനെ ഒന്ന് പോയി കാണാലോ എന്നായി അവന്റെ ചോദ്യം. അങ്ങനെയാണ് സംവിധായകൻ ദിലീഷ് പോത്തനെ ചെന്ന് കണ്ടത്. അദ്ദേഹം ഒരു സന്ദർഭം പറഞ്ഞു. ഞാൻ അഭിനയിച്ചു കാണിച്ചു. പടത്തിൽ വേഷമുണ്ടെങ്കിൽ അറിയിക്കാമെന്നും പറഞ്ഞു. പിന്നീടൊരു ദിവസം ഷൂട്ടിംഗിന് ചെല്ലാൻ പറഞ്ഞു. ഒരു പൊലീസ് സ്റ്റേഷനിലായിരുന്നു ഷൂട്ടിംഗ്.

അണ്ണാക്കൊട്ടൻ. . പൂമ്പാറ്റ. . മൊബൈൽ ടവർ എന്നെല്ലാം പറഞ്ഞ് യുവ കവി രാജേഷ് അമ്പലത്തറ സ്റ്റേഷനിൽ നിൽക്കുമ്പോൾ അത് എന്റെ ജീവിതത്തിൽ വലിയൊരു മാറ്റത്തിന് തുടക്കമാവുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഷൂട്ടിംഗ് കണ്ടു നിന്നവരെല്ലാം ചിരിക്കുന്നതുകണ്ടപ്പോൾ അഭിനയിച്ചത് മോശമായില്ലെന്ന് മനസ്സ് പറഞ്ഞു. പിന്നീട് പടം റിലീസ് ചെയ്തപ്പോൾ ആദ്യ ഷോ കാണാൻ പോയില്ല. എന്റെ കഥാപാത്രം സിനിമയിൽ ഉണ്ടാവുമോ. . അത് വെട്ടിപ്പോയിട്ടുണ്ടാവുമോ എന്നെല്ലാമുള്ള ടെൻഷനായിരുന്നു എനിക്ക്. പടം കണ്ട് സുഹൃത്തുക്കൾ നന്നായിട്ടുണ്ടെന്ന് വിളിച്ചു പറഞ്ഞപ്പോഴാണ് ആശ്വാസമായത്. തിയേറ്ററിൽ എന്റെ തമാശകൾക്ക് ആളുകൾ കയ്യടിച്ചപ്പോൾ കണ്ണു നിറഞ്ഞു.

സിനിമയുടെ ലോകം

തൊണ്ടിമുതലിലെ കഥാപാത്രമാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും അതിന് മുമ്പ് രഞ്ജിത്ത് സംവിധാനം ചെയ്ത ‘ഞാൻ’ എന്ന സിനിമയിൽ ചെറിയൊരു വേഷം അവതരിപ്പിച്ചിരുന്നു. അതിൽ ഡയലോഗുകൾ ഒന്നും ഉണ്ടായിരുന്നില്ല. തൊണ്ടിമുതലിന് ശേഷം ആളുകൾ എന്നെ തിരിച്ചറിയാൻ തുടങ്ങി. കുറേ സിനിമകളിൽ വേഷമിട്ടെങ്കിലും ഇപ്പോഴും തൊണ്ടിമുതലിലെ കവിയല്ലേ എന്ന് ചോദിച്ച് ലോഗ്യം പറയുന്ന ആളുകളുണ്ട്. എം മോഹനൻ സംവിധാനം ചെയ്ത ‘അരവിന്ദന്റെ അതിഥി‘കളിലെ ജ്യോത്സ്യൻ സ്വാമിയും രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പനി’ലെ ടൈലർ രഘുവും കമൽ സംവിധാനം ചെയ്ത ‘പ്രണയ മീനുകളു‘ടെ കടലിലെ ആണ്ടിയേട്ടനും ജോസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ‘എന്റെ ഉമ്മാന്റെ പേരി‘ലെ ഡാൻസറുമെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളാണ്. റോഷൻ ആൻഡ്രൂസിന്റെ ‘കായംകുളം കൊച്ചുണ്ണി‘യിൽ മോഹൻലാലിനൊപ്പം ഒരു രംഗത്ത് വേഷമിടാൻ കഴിഞ്ഞതും ജീവിതത്തിലെ വലിയ ഭാഗ്യമാണ്. ക്യാപ്റ്റൻ എന്ന ചിത്രത്തിനു ശേഷം ജയസൂര്യയെ നായകനാക്കി ജി പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വെള്ളം’ എന്ന സിനിമയിൽ മികച്ചൊരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചിട്ടുള്ളത്. ജയസൂര്യയുടെ കഥാപാത്രത്തിന്റെ സുഹൃത്തായ ഉണ്ണി എന്ന കഥാപാത്രം ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. ഹേമന്ത് ജി നായർ രചനയും സംവിധാനവും നിർവഹിക്കുന്ന ‘ഹിഗ്വിറ്റ’, ആന്റോ ജോസ് പെരേരയും എബി ട്രീസാ പോളും ചേർന്ന് സംവിധാനം ചെയ്യുന്ന ‘മെമ്പർ രമേശൻ 9-ാംവാർഡ് ’ തുടങ്ങിയവയാണ് പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.

ചെറുവത്തൂരിന്റെ സ്നേഹം

അതിജീവനത്തിന്റെ വഴിയായിരുന്നു എനിക്ക് അഭിനയം. ദുരിതങ്ങൾ നിറഞ്ഞ ജീവിതത്തോട് പോരാടിയാണ് ഇതുവരെ എത്തിയിട്ടുള്ളത്. ഇക്കാലമത്രയും എനിക്ക് കരുത്തായി നിന്നത് എന്റെ നാടും നാട്ടുകാരുമാണ്. അവരുടെ സ്നേഹം മാത്രമാണ് ചെറുവത്തൂരിലെ ഈ ചെറിയ മനുഷ്യന്റെ കരുത്ത്. വലിയ പിന്തുണയാണ് അവരെനിക്ക് നൽകുന്നത്. കാസർക്കോടിന്റെ ഭാഷ സിനിമയിലും ചാനലിലും കൊണ്ടുവരാൻ കഴിഞ്ഞു എന്നതിൽ എനിക്ക് അഭിമാനമുണ്ട്.

മുകളിലെ വാർത്തയുമായി ബന്ധപ്പെട്ട വാർത്തകൾ