Janayugom Online
cheruvayal raman -janayugom

ചെറുവയല്‍ രാമന്‍ രോഗശയ്യയില്‍ നിന്നും അജ്മാനിലെ പാടശേഖരങ്ങളില്‍ വിത്തിറക്കി

Web Desk
Posted on October 29, 2018, 10:32 pm

പ്രത്യേക ലേഖകന്‍
അജ്മാന്‍ (യുഎഇ): ഇവിടെ ജൈവകൃഷിയുടെ സന്ദേശവുമായി സന്ദര്‍ശനം നടത്തുന്നതിനിടെ കടുത്ത ഹൃദയാഘാതത്തെത്തുടര്‍ന്ന് മൂന്നാഴ്ചമുമ്പ് അല്‍റഷീദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയനാട്ടിലെ ചെറുവയല്‍ രാമന്‍ എന്ന ആദിവാസി കര്‍ഷകന്‍ രോഗശയ്യയില്‍ നിന്നും അജ്മാനിലെ പാടശേഖരങ്ങളില്‍ വിത്തിറക്കി.
അന്യംനിന്ന നാല്‍പതോളം നെല്‍വിത്തുകളുടെ വീണ്ടെടുപ്പിനെത്തുടര്‍ന്ന് ലോകത്തെ പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞര്‍ ജീന്‍ബാങ്ക് എന്നു വിശേഷിപ്പിക്കുന്ന രാമേട്ടന്റെ ചിന്ത മുഴുവന്‍ അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂളിലെ പാടശേഖരത്തില്‍ വിത്തിറക്കുന്നതിനെക്കുറിച്ചായിരുന്നു. വിത്തിറക്കാമെന്ന് സ്‌കൂള്‍ അധികൃതരേയും അജ്മാനില്‍ ജൈവ കര്‍ഷകകൂട്ടായ്മയിലെ മലയാളി പ്രവാസികളെയും അറിയിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ അനുമതി ലഭിച്ച ചെറുവയല്‍ രാമന്‍ മകന്‍ രാജേഷുമൊത്ത് സ്‌കൂള്‍ വളപ്പിലെത്തിയപ്പോള്‍ ആകെയൊരു കാര്‍ഷികോത്സവ പ്രതീതി. ലുങ്കിയും തലയിലൊരു വട്ടക്കെട്ടുമായി നഗ്നപാദനായി ഇളക്കിമറിച്ച പാടത്ത് സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പം അദ്ദേഹം വിത്തിറക്കിയപ്പോള്‍ ഒപ്പം മലയാളി വേഷമണിഞ്ഞ കാര്‍ഷിക കൂട്ടായ്മ പ്രവര്‍ത്തകരും. ഈ വിത്തിറക്കല്‍ ഉത്സവത്തെ ജീവിതത്തിലെ വലിയ സൗഭാഗ്യമായാണ് താന്‍ കരുതുന്നതെന്ന് ചെറുവയല്‍ രാമന്‍ പറഞ്ഞു. ഹാബിറ്ററ്റ് സ്‌കൂള്‍ ഗ്രൂപ്പ് മേധാവി ആദില്‍ സി ടി, ഹാബിറ്ററ്റ്-അല്‍തല്ല സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മറിയം നിസാര്‍ തുടങ്ങിയവര്‍ ചെറുവയല്‍ രാമന്റെ കൃഷിയോടുള്ള അര്‍പ്പണ ബോധത്തെ പ്രശംസിച്ചു.
ചടങ്ങു കഴിഞ്ഞ അദ്ദേഹം നേരെപോയത് ആശുപത്രിയിലേക്ക്. ചികിത്സാച്ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് ചെറുവയല്‍ രാമനെ ദുബായ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ‘ജനയുഗം’ വാര്‍ത്ത കണ്ട കണ്ട കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍ അറിയിച്ചിരുന്നു. രാമന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് അദ്ദേഹം നിരന്തരം അല്‍റാഷിദ് ആശുപത്രിയില്‍ ബന്ധപ്പെട്ട് ആരാഞ്ഞിരുന്നു.