ഐശ്വര്യമുണ്ടാകാന്‍ നാലുവയസുളള മകളെ കുരുതി കൊടുത്തു

Web Desk
Posted on December 14, 2017, 6:52 pm

റായ്പൂര്‍: കുടുംബത്തിന് ഐശ്വര്യമുണ്ടാകാന്‍ നാലുവയസുളള മകളെ അച്ഛന്‍ ബലി കൊടുത്തതായി റിപ്പോര്‍ട്ട്. ഛത്തീസ്ഗഡിലെ റായ്പൂര്‍ ജില്ലയിലാണ് സംഭവം.
ദീപ്ചന്ദ് ദേവാംഗന്‍ എന്നയാളാണ് സ്വന്തം മകളെ കൊന്നത്. കുട്ടിയുടെ മൃതദേഹം പിന്നീട് ഒരു ബാഗിലാക്കി സൂക്ഷിച്ചതായും ആരോപണമുണ്ട്. പിന്നീട് സംസ്‌കാരം നടത്താന്‍ വേണ്ടിയായിരുന്നു ഇത്. കുട്ടിയുടെ അമ്മ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് സംഭവം. പിന്നീട് ഇവര്‍ മകളെ അന്വേഷിച്ചപ്പോഴാണ് കവറിനുള്ളില്‍ പൊതിഞ്ഞ നിലയില്‍ സ്റ്റോര്‍ മുറിയില്‍ മൃതദേഹം കണ്ടെത്തിയത്.
കുട്ടിയുടെ പിതാവിന് അടുപ്പമുളള ഒരു തന്ത്രിയുടെ ഉപദേശപ്രകാരമാണ് ഇയാള്‍ ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ പിതാവിന്റെ സഹോദരനാണ് ഇക്കാര്യം പൊലീസില്‍ അറിയിച്ചത്. പൊലിസെത്തുമ്പോള്‍ കുട്ടിയുടെ മൃതദേഹം ഇരിക്കുന്ന നിലയിലായിരുന്നു. ഇതിന് മുന്നിലിരുന്ന് ഇയാള്‍ മന്ത്രോച്ചാരണം നടത്തുന്നുമുണ്ടായിരുന്നു. കരിവളയും പൂജാസാധനങ്ങളും മറ്റും ഇതിന് സമീപത്ത് കിടന്നിരുന്നുവെന്നും പൊലീസ് പറയുന്നു.
ആദ്യം ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചെങ്കിലും പിന്നീട് നിഷേധിച്ചു. തന്റെ കുടുംബത്തില്‍ ഇത്തരത്തില്‍ അസാധാരണമായ പലതും നടക്കുന്നുവെന്നായിരുന്നു ഇയാളുടെ വിശദീകരണം. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. ഇയാള്‍ വേറെയും ചില കേസുകളില്‍ പെട്ടിട്ടുണ്ട്.