Janayugom Online
കരവാജിയോ

കരവാജിയോ (1571 — 1610)- നിറങ്ങളില്‍ പടര്‍ന്ന ഇരുണ്ട വാസനകള്‍

Web Desk
Posted on May 19, 2019, 9:00 am

സൂര്‍ദാസ് രാമകൃഷ്ണന്‍

മൈക്കലാഞ്ചലോ എന്ന പേരു കേള്‍ക്കുമ്പോള്‍ നമ്മുടെ സ്മരണയില്‍ നിറയുന്നത് അനശ്വരനായ ഇറ്റാലിയന്‍ ശില്‍പി മൈക്കലാഞ്ചലോ ബ്യൂനോറോട്ടിയുടെ ഐതിഹാസിക ജീവിതമാണ്. ആ പേരില്‍ മറ്റൊരു കലാപ്രതിഭയെ സങ്കല്‍പിക്കുക സാധ്യമല്ല. പക്ഷേ, ഇറ്റലി മറ്റൊരു മൈക്കലാഞ്ചലോയ്ക്കുകൂടി ജന്മം നല്‍കിയിട്ടുണ്ട്. പതിനേഴാം നൂറ്റാണ്ടിലെ പാശ്ചാത്യ ചിത്രകലയില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ ചിത്രകാരന്‍ മൈക്കലാഞ്ചലോ മെറിസി ആണത്. ചിട്ടയായ ചിത്രകലാ പഠനമൊന്നുമില്ലാതെ സ്വയം നിര്‍മ്മിച്ചെടുത്ത പ്രതിഭ. ചിത്രകലയിലെ പാരമ്പര്യ നിഷേധത്തിന്റെ ആദിരൂപങ്ങളിലൊന്നായി വിലയിരുത്തപ്പെട്ട അസാധാരണ വ്യക്തിത്വം. അസാധാരണം എന്ന വാക്കുകൊണ്ട് ഈ മൈക്കലാഞ്ചലോയുടെ വ്യക്തിത്വത്തെ അളക്കാന്‍ കഴിയില്ല. കലയും അക്രമവാസനയും കുഴഞ്ഞുമറിഞ്ഞ അതിസങ്കീര്‍ണമായൊരു മനോഘടനയുള്ള ഇരുണ്ട പ്രതിഭാശാലി എന്ന് പറയുന്നതാവും ശരി. മതാത്മക ചിത്രകലയെ കുറിച്ച് തന്റെ കാലഘട്ടത്തിലെ സമൂഹത്തിനുണ്ടായിരുന്ന സങ്കല്‍പ്പങ്ങളെ പ്രകോപനപരമായി പൊളിച്ചെഴുതുകയായിരുന്നു ഈ ചിത്രകാരന്‍. കാഴ്ചക്കാരന്റെ രക്തത്തെ വിറങ്ങലിപ്പിക്കുന്ന അക്രമവാസനയുടെ ഇരുണ്ട സൗന്ദര്യദൃശ്യങ്ങളായിരുന്നു പല ചിത്രങ്ങളും. രക്തരൂക്ഷിതമായ അരുംകൊലകളുടെ ബീഭത്സരസത്തില്‍ ചാലിച്ചെടുത്ത ചിത്രങ്ങള്‍. മതാത്മക വിഷയങ്ങളെ ഈ മട്ടില്‍ വരച്ചിട്ട മറ്റൊരു ചിത്രകാരന്‍ ലോക ചിത്രകലയുടെ ചരിത്രത്തിലില്ല.
മൈക്കലാഞ്ചലോ മെറിസി 1571 ല്‍ മിലാനിലാണ് ജനിച്ചത്. മഹാശില്‍പിയായ മൈക്കലാഞ്ചലോ ബ്യൂനോറോട്ടി ലോകത്തോട് വിടപറഞ്ഞതിന്റെ ഏഴാം വര്‍ഷത്തില്‍. ഏതാണ്ട് ഇരുപതു വര്‍ഷത്തോളം മൈക്കലാഞ്ചലോ മെറിസി സ്വന്തം പേരുമായി ജീവിച്ചു. പിന്നീട് എന്തുകൊണ്ടോ ആ പേര് ഉപേക്ഷിച്ചു. തന്റെ കുടുംബത്തിന്റെ പേരുകള്‍ ആഴ്ന്നുകിടക്കുന്ന ചെറു പട്ടണത്തിന്റെ ‘കരവാജിയോ’ എന്ന പേര് സ്വന്തം പേരായി സ്വീകരിച്ചു. ജീവിതം കൊണ്ട് ഒരു ദസ്‌തേയെവ്‌സ്‌കിയന്‍ കഥാപാത്രത്തെ പോലെ നമ്മെ സംഭ്രമിപ്പിക്കുന്ന മൈക്കലാഞ്ചലോ മെറിസി അങ്ങനെ ചിത്രകലയുടെ ചരിത്രത്തില്‍ കരവാജിയോ ആയി. കരവാജിയോയുടെ പിതാവ് ബര്‍ണാഡിനോ മെറിസി നഗരഭരണാധിപനായിരുന്ന പ്രഭുവിന്റെ പ്രധാന പാചകക്കാരനായിരുന്നു. കരവാജിയോയ്ക്ക് ആറു വയസുള്ളപ്പോള്‍ പിതാവ് മരണപ്പെട്ടു. അതോടെ അമ്മയായ ലൂസിയ അറാത്തോറിയുടെ സംരക്ഷണയിലായി കരവാജിയോയും മറ്റു മൂന്നു സഹോദരങ്ങളും. പന്ത്രണ്ടാം വയസില്‍ മിലാനിലെ ചിത്രകാരനായിരുന്ന സിമോണ്‍ പീറ്റര്‍സാനോയുടെ സ്റ്റുഡിയോയില്‍ ചിത്രകല പഠിക്കാന്‍ ചേര്‍ന്നു കരവാജിയോ. 1590 ല്‍ അമ്മ മരിച്ചു. രണ്ടു വര്‍ഷത്തിനുശേഷം സഹോദരങ്ങള്‍ കുടുംബസ്വത്ത് ഭാഗം വച്ചു. കരവാജിയോയ്ക്ക് ഓഹരിയായി കിട്ടിയത് 393 ഇംപീരിയല്‍ പൗണ്ട്. വര്‍ഷം അപ്പോള്‍ 1592 ആണ്. കരവാജിയോയ്ക്ക് വയസ് ഇരുപതും. എല്ലാ ചിത്രകാരന്മാരെയും പോലെ ദിവ്യനഗരമായ റോമായിരുന്നു ആ യുവാവിന്റെയും ലക്ഷ്യം. ചിത്രകാരന്മാരും ശില്‍പികളും വാസ്തുവിദഗ്ധരുമെല്ലാം ഒരുപാട് സ്വപ്നങ്ങളുമായി കുടിയേറിയിരുന്ന റോം. അവിടെയെത്തിച്ചേരാനും സുഭിക്ഷമായി കഴിയാനുമുള്ള ധനം കരവാജിയോയിക്ക് കുടുംബ ഓഹരിയായി കിട്ടിയിരുന്നു. പിന്നെ കാത്തുനിന്നില്ല. റോമിലേക്ക് പുറപ്പെട്ടു. ഇരുപതു വയസുവരെയുള്ള കരവാജിയോയുടെ ജീവിതത്തെപ്പറ്റി ഇത്രയൊക്കെ സൂചനകളേ ലഭിച്ചിട്ടുള്ളു. ഇക്കാലത്തിനിടയില്‍ അദ്ദേഹത്തിലെ ചിത്രകാരന്‍ എങ്ങനെ രൂപപ്പെട്ടുവെന്നോ, സ്വകാര്യജീവിതം എന്തായിരുന്നെന്നോ റോമിലെത്തിയ ശേഷം 1595 നു മുമ്പുള്ള ജീവിതചിത്രങ്ങളെന്തായിരുന്നെന്നോ മനസിലാക്കാനുതകുംവിധമുള്ള വ്യക്തമായ രേഖകളൊന്നും കണ്ടെത്തിയിട്ടില്ല.
1595 മുതല്‍ കരവാജിയോ പ്രത്യക്ഷനാകുന്നത് കര്‍ദിനാള്‍ ഡെല്‍മോണ്ട് എന്ന പുരോഹിതന്റെ ഇഷ്ടക്കാരനായിട്ടാണ്. ഡെല്‍മോണ്ട് ചിത്രകലയെയും സംഗീതത്തെയും നെഞ്ചോടു ചേര്‍ത്തിരുന്ന സഹൃദയനും ധനികനുമായ പുരോഹിതനായിരുന്നു. റോമില്‍ അദ്ദേഹത്തിന്റെ രക്ഷാധികാരത്തില്‍ ‘അക്കാദമിയാ ഡി സാന്‍ ലൂക്കാ’ എന്നൊരു ചിത്രകലാ പഠനകേന്ദ്രം നിലവിലുണ്ടായിരുന്നു. ഡെല്‍മോണ്ട് എല്ലാ അര്‍ത്ഥത്തിലും കരവാജിയോയുടെ സംരക്ഷകനായി മാറി. കര്‍ദ്ദിനാളിന്റെ വസതിയില്‍തന്നെ താമസിച്ചു ചിത്രം വരയ്ക്കാനുള്ള സൗകര്യം ചിത്രകാരനു ലഭിച്ചു. മാത്രമല്ല, കൃത്യമായി ഒരു തുക അലവന്‍സായി കര്‍ദിനാള്‍ നല്‍കുകയും ചെയ്തു. ഡെല്‍മോണ്ടും കരവാജിയോയും തമ്മിലുള്ള ആത്മബന്ധത്തിന് സദാചാരവിരുദ്ധമായ ഒരു നിഗൂഢതലമുണ്ടായിരുന്നുവെന്ന് കലാ ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കര്‍ദ്ദിനാള്‍ സുന്ദരന്മാരായ ആണ്‍കുട്ടികളെ ഇഷ്ടപ്പെട്ടിരുന്ന സ്വവര്‍ഗാനുരാഗിയായിരുന്നു. കരവാജിയോയും കര്‍ദ്ദിനാളിന്റെ ഈ വൈകാരിക ജീവിതം അതേ തീവ്രതയോടെ പങ്കുവച്ചിരുന്നു. അക്കാലത്ത് സ്വവര്‍ഗ ലൈംഗികത റോമില്‍ ശിക്ഷാര്‍ഹമായ കുറ്റമായിരുന്നു. എന്നിട്ടും കരവാജിയോ ലൈംഗികതയുടെ ആ വിചിത്ര ലോകത്തില്‍ സുഖം കണ്ടെത്തുകയും ലൈംഗികോത്തേജനമുണ്ടാക്കും വിധമുള്ള മനോഹര ശരീരികളായ ആണ്‍കുട്ടികളുടെ ചിത്രങ്ങള്‍ കര്‍ദ്ദിനാളിനുവേണ്ടി വരയ്ക്കുകയും ചെയ്തിരുന്നു. കര്‍ദ്ദിനാളും സുന്ദരന്മാരായ യുവ സംഗീതജ്ഞരും ഇഴുകിച്ചേര്‍ന്നിരിക്കുന്ന ‘ദി മ്യൂസിഷ്യന്‍സ്’, ‘വിക്‌ടോറിയസ് ക്യുപിഡ്’ തുടങ്ങിയ കരവാജിയോ ചിത്രങ്ങളൊക്കെ ഇതിനു തെളിവാണ്.
ഇതോടൊപ്പംതന്നെ മതത്തെയും ചുറ്റുപാടുമുള്ള ജീവിതത്തെയും ആസ്പദമാക്കി അനേകം ചെറുചിത്രങ്ങള്‍ കരവാജിയോ വരച്ചിരുന്നു. അവയൊക്കെ വില്‍പന ലക്ഷ്യമാക്കി വരച്ചവയായിരുന്നു. പലപ്പോഴും അദ്ദേഹം തന്നെ നേരിട്ട് മാര്‍ക്കറ്റുകളില്‍ സ്വന്തം ചിത്രങ്ങള്‍ വിറ്റിരുന്നു. പക്ഷേ, അതൊന്നും ഒരു ചിത്രകാരനെന്ന നിലയില്‍ വലിയ സമ്പത്തോ പ്രശസ്തിയോ നേടിക്കൊടുത്തില്ല. റോമില്‍ അക്കാലത്ത് കൂറ്റന്‍ പള്ളികള്‍ ധാരാളമായി നിര്‍മ്മിച്ചു തുടങ്ങിയിരുന്നു. ഈ പള്ളികള്‍ ചിത്രങ്ങളാലും ശില്‍പങ്ങളാലും മോടിപിടിപ്പിക്കാന്‍ പുരോഹിതവര്‍ഗം വലിയ പ്രതിഫലം നല്‍കി കലാകാരന്മാരെ ചുമതലപ്പെടുത്തിയിരുന്നു. 1599 ല്‍ കരവാജിയോയും ക്ഷണിക്കപ്പെട്ടു ഒരു വമ്പന്‍ കരാറിലേയ്ക്ക്. സാന്‍ ല്യൂജി ഡി ഫ്രാന്‍സീസിലെ കോണ്ടാറെല്ലി ചാപ്പലില്‍ അള്‍ത്താര ചിത്രങ്ങള്‍ വരയ്ക്കാനായിരുന്നു കരാര്‍. യേശുവിന്റെ ശിഷ്യനായ മത്തായിയുടെ ജീവിതത്തെ ആസ്പദമാക്കി മൂന്നു ചിത്രങ്ങള്‍ കരവാജിയോ വരച്ചു. ആദ്യം വരച്ചത് ദൈവചിന്തയാല്‍ പ്രചോദിതനായ മത്തായിയുടെ കൂറ്റന്‍ ചിത്രമാണ്. കരവാജിയോയുടെ വിചിത്ര മനസ് മത്തായിയെ വരച്ചപ്പോള്‍ ആ വിശുദ്ധന്റെ കാലടികള്‍ ചെളിപുരണ്ടതായും കൈനഖങ്ങള്‍ അഴുക്കുനിറഞ്ഞതായുമിരുന്നു. അധികാരികളെ അത് വല്ലാതെ പ്രകോപിപ്പിച്ചു. ചിത്രം മാറ്റിവരയ്ക്കാന്‍ കല്‍പിച്ചു. അങ്ങനെ മാറ്റിവരച്ച ചിത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്. കരവാജിയോ യേശുവിന്റെ ജീവിതത്തോടു ബന്ധപ്പെട്ടു വരച്ചിട്ടുള്ള ചിത്രങ്ങളിലെല്ലാം യേശു ഒഴികെ മറ്റുള്ളവര്‍ക്കെല്ലാം കര്‍ഷകരുടെ പരുക്കന്‍ രൂപഭാവങ്ങളാണ് നല്‍കിയിട്ടുള്ളത്. അതും ഹൈപ്പര്‍ റിയലിസം എന്നു പറയാവുന്നത്രയും സൂക്ഷ്മ വിശദാംശങ്ങളോടെ. അതാണ് മത്തായിയുടെ ചിത്രത്തിലും സംഭവിച്ചത്. പക്ഷേ, അത് വിശ്വാസികളുടെ സങ്കല്‍പത്തെ എങ്ങനെ മുറിപ്പെടുത്തുമെന്ന് കരവാജിയോ ചിന്തിച്ചതേയില്ല. മതവിശ്വാസങ്ങള്‍ക്കുമേല്‍ ഒരു നിഷേധിയുടെ താന്തോന്നിത്തം വരച്ചുചേര്‍ത്തുകൊണ്ട് അദ്ദേഹം വീണ്ടും വീണ്ടും പൗരോഹിത്യത്തെ പ്രകോപിപ്പിച്ചുകൊണ്ടിരുന്നു. യേശുവാല്‍ ക്ഷണിക്കപ്പെടുന്ന മത്തായി, എമ്മാവൂസിലെ അത്താഴം, വിശുദ്ധ പീറ്ററിന്റെ കുരിശാരോഹണം തുടങ്ങിയ ചിത്രങ്ങളിലൊക്കെയും പാരമ്പര്യത്തെ പൊളിച്ചെഴുതുന്ന ഈ നിഷേധ വരകള്‍ കാണാം. അത് ഏറ്റവും തീവ്രമായി പ്രകടിപ്പിച്ച ചിത്രമാണ് ‘കന്യാമറിയത്തിന്റെ മരണം.’ 1600ല്‍ സാന്താമറിയാ ഡെല്ലാ സ്‌കാലായിലെ പള്ളിയധികാരികളുമായുണ്ടാക്കിയ കരാറനുസരിച്ചാണ് ഈ ചിത്രം വരച്ചത്. മരണം സൃഷ്ടിക്കുന്ന ദുഃഖമൂകമായ അന്തരീക്ഷം ഇത്ര ഗംഭീരമായി ചിത്രീകരിച്ചിട്ടുള്ള മറ്റൊരു ചിത്രം ഇല്ലെന്നുതന്നെ പറയാം. മറിയത്തിന്റെ മൃതശരീരത്തിനു ചുറ്റുമുള്ള മനുഷ്യരുടെ വ്യത്യസ്ത നിലകള്‍ ഓരോരുത്തരുടെയും ഉള്ളിലെ ദുഃഖത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇരുണ്ട പശ്ചാത്തലവും പ്രകാശ വിന്യാസത്തില്‍ കരവാജിയോ പ്രകടിപ്പിച്ച അനന്യമായ സൂക്ഷ്മതയും വിസ്മയാവഹമാണ്. പക്ഷേ, സദാചാരവാദികള്‍ ഇതൊന്നും കണ്ടില്ല. അവരാകെ ശ്രദ്ധിച്ചത് രണ്ടേ രണ്ടു കാര്യങ്ങള്‍ മാത്രമാണ്. മറിയത്തിന്റെ കാലടികള്‍ നഗ്നമായിരിക്കുന്നതും ശരീരം ചീര്‍ത്തിരിക്കുന്നതും. പോരെങ്കില്‍, മറിയത്തെ വരയ്ക്കാന്‍ കരവാജിയോ മാതൃകയാക്കിയത് സ്വന്തം കാമുകിയായിരുന്ന ലെന എന്ന വേശ്യയെയാണെന്നൊരു കിംവദന്തിയും ശത്രുക്കള്‍ പ്രചരിപ്പിച്ചു. ചിത്രം തള്ളപ്പെട്ടു. കരവാജിയോയാകട്ടെ നിഷേധിയുടെ വേഷം അഴിച്ചുവയ്ക്കാന്‍ തയ്യാറായതുമില്ല.
ഇങ്ങനെ വരയില്‍ സര്‍ഗാത്മകമായൊരു അക്രമവാസന പ്രകടിപ്പിച്ച കരവാജിയോയുടെ ചിത്രങ്ങള്‍ പില്‍ക്കാലത്ത് അക്രമവാസനയുടെ തുറന്ന ആവിഷ്‌ക്കാരങ്ങളായി മാറുന്നതു കാണാം. ഒരുപക്ഷേ, അക്കാലത്ത് കലയില്‍ ആവിഷ്‌ക്കരിക്കാന്‍ ആരും ഇഷ്ടപ്പെടാതിരുന്ന ഭീകരവും ബീഭത്സാത്മകവുമായ ദൃശ്യങ്ങള്‍ കരവാജിയോ ആവേശത്തോടെ ക്യാന്‍വാസുകളില്‍ പകര്‍ത്തി. ജൂഡിത്ത് ഹോളോ ഫെര്‍ണസിന്റെ തലയറുക്കുന്ന ചിത്രം, ഗോലിയാത്തിന്റെ ശിരസറുത്തു കൈയില്‍ പിടിച്ചുനില്‍ക്കുന്ന ദാവീദിന്റെ ചിത്രം, എബ്രഹാം മകനെ ബലികൊടുക്കാനൊരുങ്ങുന്ന ചിത്രം ഇവയൊക്കെ കാഴ്ചക്കാരന്റെ സിരകളില്‍ വിറയല്‍ പടര്‍ത്തുന്നവയാണ്. കരവാജിയോ, രക്തമൊലിക്കുന്ന ഗോലിയാത്തിന്റെ ശിരസ് വരച്ചപ്പോള്‍ സ്വന്തം മുഖമാണ് മാതൃകയാക്കിയതെന്നതും അദ്ദേഹം എത്രത്തോളം രക്തരൂക്ഷിതമായ അക്രമവാസനയെ ഗൂഢമായി ഇഷ്ട്ടപ്പെട്ടിരുന്നു എന്നതിന് തെളിവാണ്. കലയിലെ ഈ ഇരുണ്ട വാസന കരവാജിയോയുടെ ജീവിതത്തെയും ബാധിച്ചു. 1600ല്‍ റോമന്‍ പൊലീസിന്റെ കുറ്റവാളിപ്പട്ടികയില്‍ കരവാജിയോയുടെ പേരും ചേര്‍ക്കപ്പെട്ടു. അവിടം മുതലങ്ങോട്ട് കരവാജിയോ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് നിരന്തരം പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു. പലരെയും ആയുധങ്ങള്‍ കൊണ്ട് മുറിപ്പെടുത്തി. സ്ത്രീകളെ കടന്നാക്രമിച്ചു. സഹപ്രവര്‍ത്തകനെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചു. പൊലീസിനുനേരെ വാളുയര്‍ത്തി ഭീഷണിമുഴക്കി. ഒടുവില്‍ ചെന്നുനിന്നതോ ടെന്നീസ് കളിക്കിടയിലുണ്ടായ തര്‍ക്കത്തില്‍ എതിരാളിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍. അതോടെ കരവാജിയോ റോമില്‍ നിന്നും പലായനം ചെയ്തു. അസ്വസ്ഥനായി, ഏകാകിയായി പല ദേശങ്ങളിലും അലഞ്ഞു. അപ്പോഴും വരച്ചുകൊണ്ടിരുന്നു. ഒടുവില്‍ നേപ്പിള്‍സില്‍ വച്ച് ശത്രുക്കള്‍ കരവാജിയോയെ പിടികൂടി മുഖം അടിച്ചുതകര്‍ത്തു. പിന്നീടുള്ള ജീവിതം ദുരിതപൂര്‍ണമായിരുന്നു. 1610 ല്‍ കടുത്ത ജ്വരം ബാധിച്ച് മരണത്തിന്റെ വാള്‍ത്തലയ്ക്ക് ശിരസുകാട്ടിക്കൊടുത്തു, ചിത്രകലയിലെ വിചിത്രമനസ്‌കനായ ആ നിഷേധി. ഇന്ന് കരവാജിയോ പ്രകീര്‍ത്തിക്കപ്പെടുന്നത് ആധുനിക ചിത്രകലയിലെ പാരമ്പര്യ നിഷേധത്തിന്റെ ഏറ്റവും ശക്തനായ ആദിരൂപമായിട്ടാണ്.

karavajio