പി പി ചെറിയാൻ

ഷിക്കാഗോ

April 04, 2020, 1:45 pm

ഷിക്കാഗോ സിറ്റി പൊലീസ് മേധാവിയായി മുൻ ഡാലസ് ചീഫ് ചുമതലയേൽക്കും

Janayugom Online

അമേരിക്കയിലെ ഏറ്റവും വലിയ സിറ്റികളിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ഷിക്കാഗോ സിറ്റിയുടെ പൊലീസ് സേനാ മേധാവിയായി മുൻ ഡാലസ് പൊലീസ് ചീഫ് ഡേവിഡ് ബ്രൗണിനെ (59) നിയമിക്കുന്നുവെന്ന് മേയർ ലോറി ലൈറ്റ് ഫുട്ട് ഔദ്യോഗികമായി അറിയിച്ചു. ഇപ്പോൾ ഷിക്കാഗോയുടെ ക്രമസമാധാനത്തിന്റെ ചുമതല ഏറ്റെടുത്തു നടത്തുന്നതിന് ഏറ്റവും യോഗ്യനായ വ്യക്തിയാണ് ഡേവിഡ് ബ്രൗണെന്നു മേയർ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി.

കൊറോണ വൈറസ് ബാധിച്ച് ഷിക്കാഗോ പൊലീസ് ഫോഴ്സിലെ ഒരു അംഗം മരിച്ചുവെന്ന് മേയർ നടത്തിയ പ്രഖ്യാപനത്തിനു ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് പുതിയ ചീഫിനെ മേയർ നിയമിച്ചത്. താൽക്കാലിക പൊലീസ് ചീഫിന്റെ ചുമതല വഹിക്കുന്ന ചാർലി ബൈക്കിൽ നിന്നും ഡേവിസ് ബ്രൗൺ സിറ്റിയുടെ ചുമതല ഏറ്റെടുക്കും. അവസാന മൂന്നു പേരുടെ ലിസ്റ്റിൽ നിന്നാണ് ഡേവിഡ് ബ്രൗൺ തിരഞ്ഞെടുക്കപ്പെട്ടത്.

2016 ൽ ഡാലസ് പൊലീസ് ചീഫായി റിട്ടയർ ചെയ്ത ഡേവിഡ് ബ്രൗൺ നിരവധി പരിഷ്ക്കാരങ്ങൾ ഡാലസ് പൊലീസ് സേനയിൽ വരുത്തിയിരുന്നു. 30 വർഷത്തെ പൊലീസ് സേനയിലെ പരിചയം ഷിക്കാഗോ സിറ്റി പ്രയോജനപ്പെടുത്തുകയാണെന്നു മേയർ പറഞ്ഞു. ഷിക്കാഗോയുടെ ക്രമസമാധാനപാലനം കുറ്റമറ്റതാക്കി മാറ്റുന്നതിന് ഡേവിഡ് ബ്രൗണിനു കഴിയുമെന്നും മേയർ അഭിപ്രായപ്പെട്ടു.