വിദേശ കയറ്റുമതി വർധിച്ചു; കോഴി വിപണിയിൽ കുതിപ്പ്

ഡാലിയ ജേക്കബ്

ആലപ്പുഴ

Posted on September 21, 2020, 9:45 pm

കോവിഡ് മൂലം ചിക്കൻ വിപണിയിൽ ഇടിവ് വന്നെങ്കിലും കേരളത്തിൽ നിന്ന് വിദേശത്തേക്കുള്ള കോഴിയിറച്ചി കയറ്റുമതിയിൽ വർധന. കന്നി, തൂലാം മാസങ്ങളിൽ സംസ്ഥാനത്ത് കോഴി വിപണി ഇടിയുന്നതാണ് പതിവെങ്കിലും നിലവിൽ സ്ഥിതി വ്യത്യസ്തമാണ്.
തമിഴ്‌നാട്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ കമ്പനികൾ കേരളത്തിൽനിന്ന് കോഴിവാങ്ങി ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റുമതിചെയ്യുകയാണ്. ആവശ്യത്തിനു സ്റ്റോക്കുണ്ടായിട്ടും വിൽക്കാൻ കഴിയാതിരുന്ന കേരളത്തിലെ കർഷകർക്ക് ചിക്കൻ വിപണിയിൽ പെട്ടന്നുണ്ടായ ഉണർവ്പ്രതീക്ഷിക്കാത്ത നേട്ടമാണെന്ന് പൗൾട്രിഫാം സംസ്ഥാന ജനറൽ സെക്രട്ടറി എസ് കെ നസീർ പറഞ്ഞു. ബ്രസീലിൽനിന്ന് കോഴിവാങ്ങിയാണ് ദക്ഷിണേന്ത്യയിലെ പലകമ്പനികളും ഗൾഫിലേക്ക് കയറ്റുമതിചെയ്തിരുന്നത്. ലോക രാജ്യങ്ങളിൽ വെച്ച് ഏറ്റവും കുറഞ്ഞ വിലയ്ക്ക് കോഴിയിറച്ചി ലഭിച്ചിരുന്നത് ബ്രസീലിൽ നിന്നാണ്. കോവിഡ് വന്നതോടെ ബ്രസീൽ ചിക്കൻ വിപണിയിൽ ഇടിവുവന്നു.

ഇതാണ് കേരളത്തിന് നേട്ടമായത്. ശ്രീലങ്ക, ബംഗ്ലാദേശ്, മാലി ദ്വീപ് തുടങ്ങിയ രാജ്യങ്ങളിലേക്കും കേരളത്തിൽ നിന്നുള്ള കോഴി കൊണ്ടുപോകുന്നുണ്ട്. തൃശ്ശൂർ, എറണാകുളം, പെരുമ്പാവൂർ, തൊടുപുഴ, കോട്ടയം, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് കോഴികളെ മൊത്തമായി കമ്പനികൾ വാങ്ങുന്നത്. കൂടുതലായി കമ്പനികൾ ഇവിടെനിന്ന് കോഴിയെ കൊണ്ടുപോയിത്തുടങ്ങിയാൽ ഇവിടെ ക്ഷാമത്തിന് കാരണമായേക്കും.

ഓണത്തിനുമുൻപ് കിലോയ്ക്ക് 80 മുതൽ 100 രൂപ വരെയായിരുന്നു ബ്രോയിലർക്കോഴിയുടെ വില. ഇപ്പോൾ 120–130‑ൽ എത്തി. ഇറച്ചിക്ക് 180–200 രൂപ വിലയുണ്ട്. 110 രൂപയായിരുന്ന ലഗോൺകോഴിയുടെ വില 140 ലേക്കും സ്പ്രിങ് ചിക്കന് 160 മുതൽ 170 രൂപ വരെയും നാടൻകോഴിക്ക് 300 രൂപയുമായി. ഗ്രൂപ്പ് ഫാമിംഗ് സമ്പ്രദായത്തിന് പ്രോത്സാഹനം നൽകിയാൽ എല്ലാ ജില്ലകളിലെയും കോഴി വളർത്തൽ സംരംഭകർക്ക് സഹായകരമാകുമെന്നും ഇത് സംബന്ധിച്ച് സർക്കാരിന് നിവേദനങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്ന് ഓൾ കേരള പൗൾട്രി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

Eng­lish sum­ma­ry; chick­en rate high

You may also like this video;