Web Desk

കോഴിക്കോട്

March 07, 2020, 2:59 pm

പക്ഷിപ്പനി; കോഴികളെയും പക്ഷികളെയും നാളെ കൊന്ന് കത്തിക്കും

Janayugom Online

പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴികളെയും പക്ഷികളെയും കൊന്ന് കത്തിക്കാൻ തീരുമാനം. കോഴിക്കാേട് വേങ്ങേരിയിലും കൊടിയത്തൂരിലെ കോഴി ഫാമിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ജില്ലയില്‍ രണ്ടിടത്ത് രോഗം സ്ഥിരീകരിച്ചതോടെ കോഴിക്കോട് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇവിടെ ആയിരത്തോളം കോഴികള്‍ ഇതിനോടകം ചത്തുവെന്നാണ് ലഭ്യമാകുന്ന റിപ്പോർട്ടുകൾ. രോഗം സ്ഥിരീകരിച്ച രണ്ടിടത്തും പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ മൃഗസംരക്ഷണവകുപ്പ് നിരീക്ഷണവും പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. അ‍ഞ്ച് വീതമുള്ള ഇരുപത്തിയഞ്ച് പ്രതിരോധ സംഘങ്ങളെ മൃഗസംരക്ഷണ വകുപ്പ് നിയോഗിച്ചു കഴിഞ്ഞു.

രണ്ടിടത്തും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തു പക്ഷികളെ മുഴുവന്‍ നാളെ രാവിലെ കൊന്ന് കത്തിക്കാനാണ് തീരുമാനം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയെന്നും മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ രാജു അറിയിച്ചു. 2016 — ലാണ് സംസ്ഥാനത്ത് ഇതിനുമുന്‍പ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കുട്ടനാട് ഭാഗത്തെ താറാവുകള്‍ക്കായിരുന്നു അന്ന് രോഗം ബാധിച്ചത്. ഇതിന്റെ ഭാഗമായി ആയിരത്തോളം താറാവുകളെ അന്ന് കൊന്നൊടുക്കിയിരുന്നു.

റാപ്പിഡ് റെസ്പോൺസ് ടീം സജ്ജം

രോഗവ്യാപനം ഫലപ്രദമായി തടയുന്നതിന് ജില്ലയിൽ റാപ്പിഡ് റെസ്പോൺസ് ടീം സജ്ജമായി. ജില്ലയിലെ രോഗനിയന്ത്രണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. വി. സുനിൽകുമാറിനെ ചുമതലപ്പെടുത്തി. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. കെ സിന്ധുവിന്റെ നേതൃത്വത്തിലാണ് റാപ്പിഡ് റെസ്പോൺസ് ടീം പ്രവർത്തിക്കുക. അഡീഷണൽ ഡയറക്ടർ ഡോ. എം കെ. പ്രദീപ് കുമാറിനെ രോഗബാധയുടെ നിയന്ത്രണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുള്ള നോഡൽ ഓഫീസറായി നിയമിച്ചു. പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിലെ ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഡോ. ആർ ജയചന്ദ്രനെ ദിവസേനയുള്ള റിപ്പോർട്ടുകൾ സ്വീകരിക്കുന്നതിനും കേന്ദ്ര സർക്കാരിലേക്ക് അയക്കുന്നതിനും ചുമതലപ്പെടുത്തി.

സംസ്ഥാനത്തു ലഭ്യമായിട്ടുള്ള പേഴ്സണൽ പ്രൊട്ടക്ഷൻ (പിപിഇ) കിറ്റുകൾ കോഴിക്കോട് എത്തിക്കുന്നതിനും പുതുതായി 5000 കിറ്റുകൾ അടിയന്തിരമായി വാങ്ങുന്നതിനും സംസ്ഥാന ജന്തുരോഗനിയന്ത്രണ പദ്ധതിയുടെ പ്രോജക്ട് കോഡിനേറ്റർ ഡോ സുഷമാകുമാരിയെ ചുമതലപ്പെടുത്തി. ഈ രോഗം ടൈപ്പ് എ ഇൻഫ്ളുവൻസ ഗണത്തിലെ എച്ച്1/എച്ച് 5 ഉപഗണത്തിൽ പെട്ട വൈറസ് മൂലമാണ് ഉണ്ടാകുന്നത്. ടർക്കി, കാട, ഗിനിക്കോഴി, ഓമനപ്പക്ഷികൾ തുടങ്ങി എല്ലാ ഇനത്തിലുള്ള പക്ഷികളെയും ബാധിക്കാമെങ്കിലും താറാവും കോഴിയും പോലെയുള്ള വളർത്തു പക്ഷികളിലാണ് കൂടുതലായി കണ്ടുവരുന്നത്.

you may also like this video;