ചിദംബരം ജുഡീഷ്യല്‍ കസ്റ്റഡിയില്‍: തിഹാര്‍ ജയിലിലേക്ക്

Web Desk
Posted on September 05, 2019, 7:23 pm

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ ധനകാര്യ മന്ത്രി പി ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സെപ്റ്റംബര്‍ 19വരെയാണ് റിമാന്‍ഡ്. ചിദംബരത്തെ തിഹാര്‍ ജയിലിലേക്ക് മാറ്റും.ചിദംബരം സ്വാധീനമുള്ള വ്യക്തിയാണെന്നും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്നുമുള്ള സിബിഐയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. സെപ്തംബര്‍ 19 വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

74 കാരനായ മുന്‍ കേന്ദ്രമന്ത്രിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടരുതെന്ന് കപില്‍ സിബല്‍ വാദിച്ചു. ചിദംബരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ കീഴടങ്ങാന്‍ സന്നദ്ധനാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

അദ്ദേഹത്തിന്റെ ആരോഗ്യനിലയും മുന്‍ ധനമന്ത്രി എന്ന പരിഗണനയും വച്ച് പ്രത്യേക സുരക്ഷയും, മരുന്നുകളും നല്‍കണമെന്നും പ്രത്യേക സെല്ലും കിടക്കയും വെസ്‌റ്റേണ്‍ ടോയ്‌ലറ്റും അനുവദിക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു. കോടതി ഈ ആവശ്യങ്ങള്‍ അംഗീകരിച്ചു.

രാവിലെ എയര്‍സെല്‍ മാക്‌സിസ് കേസില്‍ പി ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും പ്രത്യേക കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഐഎന്‍എക്‌സ് മീഡിയ കേസില്‍ പി ചിദംബരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളുകയും ചെയ്തു.
ഓഗസ്റ്റ് 21ന് ഡല്‍ഹി ജോര്‍ബാഗിലെ വസതിയില്‍ നിന്നാണ് ചിദംബരത്തെ സിബിഐ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്!തത്. അറസ്റ്റ് തടയാന്‍ ചിദംബരം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂലമായ തീരുമാനം ഉണ്ടായില്ല.

ഐഎന്‍എക്‌സ് കേസില്‍ 2017ല്‍ ആണ് സിബിഐ ചിദംബരത്തിന്റെ പേരില്‍ എഫ്‌ഐആര്‍ ഇട്ടത്. ഐഎന്‍എക2്‌സ് മീഡിയ ഗ്രൂപ്പിന് വിദേശത്തു നിന്ന് 307 കോടി രൂപ സ്വീകരിക്കാന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് 2007ല്‍ അനുമതി നല്‍കുകയായിരുന്നു. അന്ന് ധനമന്ത്രിയായിരുന്ന പി ചിദംബരത്തിനെതിരെ 2018ല്‍ ഇതേ സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസെടുക്കുകയായിരുന്നു.