2025 ജൂൺ 10 മുതൽ 12 വരെ നടക്കുന്ന ഇന്റർനാഷണൽ ഐഡിയ സ്റ്റോക്ക്‌ഹോം ഇലക്ടറൽ ഇന്റഗ്രിറ്റി കോൺഫറൻസിൽ പങ്കെടുക്കാനായി സ്വീഡൻ സന്ദർശിക്കുന്ന ഇന്ത്യൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) ശ്രീ ഗ്യാനേഷ് കുമാർ, സ്വീഡനിലെ ഇന്ത്യൻ പ്രവാസികളുമായി ആശയവിനിമയം നടത്തി. പ്രവാസി ഇന്ത്യക്കാരും ഇന്ത്യയിലെ വിദേശ പൗരന്മാരും തമ്മിലുള്ള സമഗ്ര പങ്കാളിത്തത്തിലും ഇടപെടലിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആവർത്തിച്ചു. വിദേശ വോട്ടർമാരുടെ കൂടുതൽ പങ്കാളിത്തം സാധ്യമാക്കാൻ ലക്ഷ്യമിട്ടുള്ള ഓൺലൈൻ വോട്ടർ രജിസ്ട്രേഷൻ സിസ്റ്റം, ഇലക്ട്രോണിക് ട്രാൻസ്മിഷൻ ഓഫ് പോസ്റ്റൽ ബാലറ്റ് മാനേജ്മെന്റ് സിസ്റ്റം (ഇടിപിബിഎംഎസ്) തുടങ്ങിയ സംരംഭങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു.
തിരഞ്ഞെടുപ്പ് നിർവഹണത്തിൽ ഇന്ത്യയുടെ നേതൃപാടവം മുൻനിർത്തി, നാളെ ആരംഭിക്കുന്ന സമ്മേളനത്തിൽ ഉദ്ഘാടന മുഖ്യപ്രഭാഷണം നടത്താൻ ശ്രീ ഗ്യാനേഷ് കുമാറിനെ ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യൻ തിരഞ്ഞെടുപ്പുകളുടെ വിപുലമായ വ്യാപ്തിയും ഈ പ്രക്രിയയിൽ ഉൾപ്പെട്ടിരിക്കുന്ന സന്നാഹങ്ങളുടെ വ്യാപ്തിയും ലോകമെമ്പാടുമുള്ള തിരഞ്ഞെടുപ്പ് നിർവ്വഹണ സംവിധാനങ്ങൾക്കിടയിൽ വലിയ താൽപ്പര്യം ജനിപ്പിക്കുന്നു. സ്വീഡിഷ് വിദേശകാര്യ മന്ത്രാലയം, സ്വീഡിഷ് തിരഞ്ഞെടുപ്പ് അതോറിറ്റി, ഓസ്‌ട്രേലിയൻ തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവയുമായി സഹകരിച്ച് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെമോക്രസി ആൻഡ് ഇലക്ടറൽ അസിസ്റ്റൻസ് (ഇന്റർനാഷണൽ ഐഡിയ) സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ഏകദേശം 50 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 100-ലധികം പങ്കാളികൾ പങ്കെടുക്കുന്നു.
ഇന്റർനാഷണൽ ഐഡിയയുടെ സെക്രട്ടറി ജനറൽ ശ്രീ കെവിൻ കാസസ്-സമോറ ഉൾപ്പെടെയുള്ള ഇന്റർനാഷണൽ ഐഡിയയുടെ മുതിർന്ന ഉദ്യോഗസ്ഥരുമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഇന്ന് കൂടിക്കാഴ്ചകൾ ആരംഭിക്കും. തുടർന്ന് ചീഫ് ഇലക്ഷൻ കമ്മിഷണറുമായി വിശദമായ നേരിട്ടുള്ള ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടക്കും. യു കെ , നെതർലാൻഡ്‌സ്, ഫ്രാൻസ്, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, മെക്സിക്കോ, മംഗോളിയ, സ്വിറ്റ്‌സർലൻഡ് എന്നിവയുൾപ്പെടെ ഏകദേശം 20 രാജ്യങ്ങളിലെ കമ്മീഷണർമാരുമായി വിശദമായ നേരിട്ടുള്ള ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും . കൂടാതെ, ശ്രീ. ഗ്യാനേഷ് കുമാർ ഇന്റർനാഷണൽ ഐഡിയ ഡയറക്ടർ (ഏഷ്യ‑പസഫിക്) ശ്രീമതി ലീന റിക്കില തമാങ്, നമീബിയയിലെ ഇലക്ടറൽ കമ്മീഷൻ ചെയർപേഴ്‌സൺ ഡോ. എൽസി ടി. നിഗികെംബുവ, മൗറീഷ്യസിലെ ഇലക്ടറൽ കമ്മീഷണർ ശ്രീ. അബ്ദുൾ റഹ്മാൻ മുഹമ്മദ് ഇർഫാൻ എന്നിവരുൾപ്പെടെ മറ്റ് മുതിർന്ന അന്താരാഷ്ട്ര പ്രതിനിധികളുമായും സംവദിക്കും.
തിരഞ്ഞെടുപ്പ് സമഗ്രതയിലേക്കുള്ള സമകാലിക വെല്ലുവിളികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി സ്റ്റോക്ക്ഹോം സമ്മേളനം ഇഎംബികളുടെ തലവന്മാർ, നയരൂപീകരണക്കാർ, സ്ഥാപന നേതാക്കൾ എന്നിവരെ ഒരുമിപ്പിക്കുന്നു. തെറ്റായ വിവരങ്ങൾ, ഡിജിറ്റൽ തടസ്സങ്ങൾ, തിരഞ്ഞെടുപ്പ് സുരക്ഷ, കാലാവസ്ഥാ സംബന്ധിയായ അപകടസാധ്യതകൾ, തിരഞ്ഞെടുപ്പുകളിൽ നിർമ്മിതബുദ്ധിയുടെ പങ്ക് എന്നിവയാണ് പ്രധാന ശ്രദ്ധാകേന്ദ്രങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയിൽ, ഇന്റർനാഷണൽ ഐഡിയയുമായി ഇന്ത്യ ദീർഘകാല പങ്കാളിത്തം നിലനിർത്തിയിട്ടുണ്ട്. ജനാധിപത്യരംഗത്തെ നൂതന പരിഷ്ക്കാരങ്ങളിലൂടെയും അനുഭവ സമ്പത്തിലൂടെയും ആഗോള തലത്തിൽ ഇന്ത്യ സജീവ സംഭാവന നൽകുന്നു. കാര്യശേഷി വികസന പരിശീലന പരിപാടികളിലൂടെയും സമ്മേളനങ്ങളിലൂടെയും, ഇന്ത്യ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രസി ആൻഡ് ഇലക്ടറൽ മാനേജ്‌മെന്റ്, IIIDEM, തിരഞ്ഞെടുപ്പ് മാനേജ്മെൻ്റ് രംഗത്തെ മികച്ച സ്ഥാപനമായി ഉയർന്നുവരുന്നു.
ഐഐഐഡിഇഎം ഡയറക്ടർ ജനറൽ ശ്രീ രാകേഷ് വർമ്മ, ഡിഡിജി (നിയമം) ശ്രീ വിജയ് കുമാർ പാണ്ഡെ, പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ രാഹുൽ ശർമ്മ എന്നിവരുൾപ്പെടെ ഇസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥർ ശ്രീ ഗ്യാനേഷ്കുമാറിനൊപ്പമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.