ഉന്നാവോ കേസ് നാളെ സുപ്രിംകോടതിയില്‍;ആ കത്ത് യഥാസമയം നീതിപീഠത്തിനുമുന്നിലെത്തിയിരുന്നെങ്കില്‍

Web Desk
Posted on July 31, 2019, 11:12 am

ലഖ്‌നോ: ആ കത്ത് കിട്ടാന്‍ വൈകിയതെന്ത്, ഉന്നാവ് ബലാത്സംഗക്കേസിലെ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെങ്കാറിന്റെ കൂട്ടാളികളില്‍ നിന്ന് നിരന്തരം ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി ഇരയായ പെണ്‍കുട്ടി അയച്ച അയച്ച കത്ത് കിട്ടാന്‍ വൈകിയതില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ഗോഗോയ്  വിശദീകരണം തേടി. ചീഫ് ജസ്റ്റിസ് നാളെ കേസ് പരിഗണിക്കും. മാതാവ് അയച്ച കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്.

കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കുല്‍ദീപ് സിങ് സെങ്കാറിന്റെ ആളുകള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ജൂലായ് 12നാണ് പെണ്‍കുട്ടി ചീഫ് ജസ്റ്റിസിന് കത്തയച്ചത്. എന്നാല്‍ ഈ കത്ത് ചൊവ്വാഴ്ച ഉച്ചവരെ ചീഫ് ജസ്റ്റിസിന്റെ ഓഫീസില്‍ ലഭ്യമായിട്ടില്ലെന്നാണ് വിവരം.

കുല്‍ദീപിന്റെ സഹോദരന്‍ മനോജ് സിങ്ങും കൂട്ടാളികളും വീട്ടിലെത്തി കേസ് പിന്‍വലിച്ചില്ലെങ്കില്‍, വ്യാജ കേസുണ്ടാക്കി മുഴുവന്‍ കുടുംബത്തെയും ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇക്കാര്യം പൊലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ നീതി ലഭിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നു. ഇതേതരത്തില്‍ വ്യാജക്കേസിലാണ് പെണ്കു‍ട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റുചെയ്തത്. ജയിലില്‍ പിതാവ് മരിച്ചു. ഇതിന്റെ സാക്ഷിയും പിന്നീട് കൊല്ലപ്പെട്ടു. സഹായിയായിനിന്ന അമ്മാവനെയും പഴയൊരു കേസിന്റെ പേരില്‍ ജയിലിലാക്കി. ഇതേതരത്തില്‍ ഇല്ലാതാക്കുമെന്നാണ് അക്രമികള്‍ ഭീഷണിപ്പെടുത്തിയത്. അതുതന്നെ പഴയകേസുകള്‍ എത്രമാത്രം നീതിയുക്തമാണെന്ന ചോദ്യം ഉയര്‍ത്തുന്നു. ജൂലായ് ഏഴിനും എട്ടിനും നടന്ന സംഭവങ്ങളാണു കത്തില്‍ വിശദീകരിച്ചിരിക്കുന്നത്.

എന്ത് കൊണ്ടാണ് തനിക്ക് ഈ കത്ത് ഇതുവരെ ലഭ്യമാകാത്തതെന്ന കാര്യത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി രജിസ്ട്രിയോടാണ് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹിന്ദിയിലെഴുതിയ കത്തിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച് കുറിപ്പ് തയാറാക്കി നല്‍കാന്‍ രഞ്ജന്‍ ഗൊഗോയ് സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടതായും സുപ്രീംകോടതി വൃത്തങ്ങള്‍ വ്യക്തമാക്കി.
ഞായറാഴ്ച റായ്ബറേലിയിലുണ്ടായ കാറപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയും അഭിഭാഷകനും അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഇത് ആസൂത്രണം ചെയ്ത ഉണ്ടാക്കിയ അപകടമാണെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ കുല്‍ദീപ് സിങ് സെങ്കാറിനും സഹോദരനുമടക്കമുള്ളവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം കേന്ദ്ര സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും സംഭവത്തില്‍ സിബിഐ കേസ് എടുക്കുകയും ചെയ്തു.