Web Desk

December 07, 2019, 10:26 pm

പ്രതികാരമല്ല നീതി; ബലാത്സംഗക്കേസ് പ്രതികളെ വെടിവെച്ച് കൊന്ന സംഭവത്തിൽ വിമർശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

Janayugom Online

ന്യൂഡൽഹി: തെലങ്കാനയിൽ ബലാത്സംഗക്കേസ് പ്രതികളെ വെടിവെച്ച് കൊന്ന സംഭവത്തിൽ വിമർശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. പ്രതികാരത്തിന് വേണ്ടിയുള്ളതല്ല നീതിയെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പ്രതികരിച്ചു. നീതി നിർവഹണം പ്രതികാരമായി മാറിയാൽ അതിന്റെ ഗുണം ഇല്ലാതെയാകുമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
ജോധ്പുരില്‍ രാജസ്ഥാന്‍ ഹൈക്കോടതിയുടെ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. പെട്ടന്ന് നടപ്പാക്കാൻ കഴിയുന്നതല്ല നീതിയെന്നും എസ്എ ബോബ്‌ഡെ കൂട്ടിച്ചേർത്തു. ഹൈദരാബാദിൽ യുവ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളെ വെടിവച്ച് കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. നീതി ന്യായ വ്യവസ്ഥയില്‍ പുതിയ സാങ്കേതിക വിദ്യകള്‍ കൊണ്ടുവരണം. തര്‍ക്കങ്ങളും വാദങ്ങളും അതിലൂടെ പരിഹരിക്കാന്‍ ശ്രമിക്കണം. മധ്യസ്ഥതയും വഹിക്കണം. അതിലൂടെ കേസുകളുടെ ദൈര്‍ഘ്യം കുറയ്ക്കാന്‍ സാധിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

സുപ്രീംകോടതിയിൽ ഹര്‍ജി
ഹൈദരാബാദ്: വ്യാജ ഏറ്റുമുട്ടൽ കൊലയെന്ന ആരോപണത്തിൽ പൊലീസുകാർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ രണ്ട് ഹർജികൾ. അഭിഭാഷകരായ ജി എസ് മണി, പ്രദീപ് കുമാർ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇവ നാളെ പരിഗണിച്ചേക്കും.
ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഒൻപത് ഹർജികൾ തെലങ്കാന ഹൈക്കോടതിയിലുണ്ട്. സംഭവത്തിൽ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മീഷന്‍ ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തും പോസ്റ്റ്മോര്‍ട്ടം നടത്തിയ ആശുപത്രിയിലുമെത്തി തെളിവെടുത്തു. കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് ഉടന്‍ റിപ്പോര്‍ട്ട് കൈമാറും. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാലുപേരുടേയും മൃതദേഹങ്ങള്‍ തിങ്കളാഴ്ച വരെ സംസ്കരിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇന്ന് കോടതി കേസ് പരിഗണിക്കും.
കൊല്ലപ്പെട്ട ആരിഫ് ഖാന്റെ മൃതദേഹത്തില്‍ നാല് വെടിയുണ്ടകള്‍ ഉള്ളതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. തെളിവെടുപ്പിനിടെ പ്രതികൾ തങ്ങളെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ തിരിച്ച് വെടിവെയ്ക്കുകയായിരുന്നെന്നാണ് പൊലീസ് ഭാഷ്യം.