നടക്കുന്നത് കേള്‍ക്കാനും കാണാനും പാടില്ലാത്തത്

Web Desk
Posted on August 01, 2019, 10:41 pm

പരമോന്നത കോടതിയാണ് ചോദിക്കുന്നത്, എന്താണ് ഈ രാജ്യത്ത് നടക്കുന്നതെന്ന്. നിയമപരമായ യാതൊന്നും ഇവിടെ നടക്കുന്നില്ലെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് ഉന്നാവോ സംഭവം ഏറ്റവും ഹീനമായ കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരിക്കുന്നു. ആദിത്യനാഥിന്റെ ഭരണകൂടം കോടതിയുടെ അന്ത്യശാസനത്തിന് വിലകല്‍പ്പിച്ചാല്‍ ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് കൈമാറും. അവള്‍ക്ക് നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് രാജ്യം. പക്ഷെ, നീതി തേടിയലയുന്ന പെണ്‍കൊടിയെ കൊന്നൊടുക്കി രക്ഷപ്പെടാന്‍ ആ നരാധമന് ധൈര്യവും സംരക്ഷണവും നല്‍കിയവരാണ് രാജ്യവും ഉത്തര്‍പ്രദേശും ഭരിക്കുന്നത്. ഭരണകൂടങ്ങളെപ്പറ്റി രാജ്യത്താകെയുള്ള ഈ സംശയം സുപ്രീംകോടതിക്കും ഉണ്ടെന്നുവേണം കരുതാന്‍. പരാതികളുമായി പടിവാതിലുകളില്‍ കയറിയിറങ്ങുന്നതിനിടെയും ക്രൂര പീഡനങ്ങളാണ് ഈ കുടുംബത്തിന് സഹിക്കേണ്ടിവന്നിരിക്കുന്നത്. പെണ്‍കുട്ടിയെയും അമ്മയെയും എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ മകന്റെ നേതൃത്വത്തിലും കൂട്ട ബലാത്സംഗം ചെയ്തതായി സിബിഐ വെളിപ്പെടുത്തിയതും രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്.

പെണ്‍കുട്ടിയെ പിന്തുടരുന്ന ഈ ആപത്തുകളെല്ലാം ബിജെപിയുടെ പിന്തുണയോടെയാണ് ആസൂത്രണം ചെയ്യപ്പെടുന്നതെന്ന് ഓരോനിമിഷവും ആവര്‍ത്തിച്ച് തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. യുപിയിലെ ബിജെപി സര്‍ക്കാരിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തുകൊണ്ടാണ് ഉന്നാവോ കേസുകളുടെ വിചാരണ ഉത്തര്‍പ്രദേശിന് പുറത്തേക്കുമാറ്റാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിചാരണ പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നേരത്തേതന്നെ പെണ്‍കുട്ടിയുടെ അമ്മ ഹര്‍ജി നല്‍കിയിരുന്നതാണ്. എന്നാലിത് സെപ്റ്റംബറിലേക്ക് മാറ്റുകയാണ് പ്രത്യേക കോടതി ചെയ്തത്. ബിജെപി എംഎല്‍എ കേസിലെ പ്രതിയായെന്നത് മാത്രമല്ല കേസിലെ കൂട്ടുപ്രതിയായ അരുണ്‍സിങിന്റെ ഭാര്യാപിതാവ് ഉത്തര്‍പ്രദേശിലെ മന്ത്രി രവീന്ദ്രപ്രതാപ് സിങ് ആണ്. അരുണ്‍ സിങ് ബിജെപി പ്രാദേശിക നേതാവും സെന്‍ഗറിന്റെ വലംകൈയുമാണ്. ഇതെല്ലാം പരിഗണിച്ചാണ് യുപിയില്‍ കേസ് വാദിക്കുന്നത് ഗുണപ്രദമല്ലെന്ന് കോടതി കണ്ടെത്തിയതെന്നാണ് സൂചന.
2017 ജൂണ്‍ മൂന്നാം തീയതിയാണ് ബിജെപി നേതാവായ എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുന്നത്. അയല്‍ക്കാരിയായ ശശി സിങ് ജോലി വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ എംഎല്‍എയുടെ വീട്ടിലെത്തിക്കുകയായിരുന്നു. ശശി സിങ് മുറിക്ക് കാവല്‍ നില്‍ക്കെയാണ് എംഎല്‍എ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിരിക്കുന്നത്. ജൂണ്‍ 11 ന് പെണ്‍കുട്ടിയെ കാണാതായി. ഒമ്പതാം ദിവസം, ജൂണ്‍ 20ന് ഓരിയ ഗ്രാമത്തില്‍ പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തി. കോടതിക്ക് മുമ്പാകെ ഹാജരാക്കപ്പെട്ട പെണ്‍കുട്ടി രഹസ്യ മൊഴി കൊടുത്തു.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് 2018 ഫെബ്രുവരി 24ന് പെണ്‍കുട്ടിയുടെ അമ്മ ഉന്നാവോ സിജെഎം കോടതിയെ സമീപിച്ചു. 2018 ഓഗസ്റ്റ് 21 ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇതിനായി പ്രത്യേക കോടതിയും രൂപീകരിച്ചു. അമ്മയുടെ ഹര്‍ജി കോടതി പരിഗണിച്ച ദിവസം, കുടുംബത്തോടൊപ്പം കോടതിയിലേക്ക് വരുകയായിരുന്ന പെണ്‍കുട്ടിയുടെ അച്ഛനെ എംഎല്‍എയുടെ സഹോദരന്‍ അതുല്‍ സിങ്ങും കൂട്ടാളികളും തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചവശനാക്കി പൊലീസിനു കൈമാറി. അനധികൃതമായി ആയുധം കൈവച്ചെന്ന് കള്ളക്കേസ് ചുമത്തി പൊലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്തു. തടവിലായിരിക്കെ പിതാവ് മരണപ്പെടുകയും ചെയ്തു. എന്നാല്‍ ഒരു കൊല്ലത്തിനിപ്പുറവും പ്രത്യേക കോടതി ഉന്നാവോ കേസില്‍ വിചാരണ തുടങ്ങിയില്ല.

പീഡിപ്പിക്കപ്പെട്ട സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് തെളിയിക്കാന്‍ വ്യാജ രേഖ ചമച്ചുവെന്ന് ആരോപിച്ച് പ്രതിയായ ശശി സിങിന്റെ ഭര്‍ത്താവ് പെണ്‍കുട്ടിക്കും അമ്മയ്ക്കും അമ്മാവനും എതിരെ നല്‍കിയ കേസില്‍ അമ്മാവന് 10 വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചത് അതിവേഗത്തിലായിരുന്നു. ജൂലൈ 28ന് ജയിലില്‍ കഴിയുന്ന അമ്മാവനെ കാണാന്‍ പോകുമ്പോഴാണ് പെണ്‍കുട്ടിയും കുടുംബവും അഭിഭാഷകനും സഞ്ചരിച്ചിരുന്ന വാഹനത്തില്‍ അമിത വേഗത്തില്‍ വന്ന ട്രക്ക് ഇടിച്ചത്. പെണ്‍കുട്ടിയുടെ മാതൃസഹോദരിയും പിതൃസഹോദരിയും മരിച്ചു. പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണിപ്പോഴും. പെണ്‍കുട്ടിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അപകട സമയത്ത് വാഹനത്തില്‍ ഇല്ലായിരുന്നുവെന്നതും ഇവരുടെ നീക്കങ്ങള്‍ അപ്പപ്പോള്‍ പൊലീസില്‍ നിന്ന് പ്രതികള്‍ അറിഞ്ഞിരുന്നുവെന്നതും വലിയ ഗൂഢാലോചനകളെയാണ് പുറത്തുകൊണ്ടുവരുന്നത്.

അപകടപ്പെടും മുന്‍പ് പെണ്‍കുട്ടിയും കുടുംബവും അഭിഭാഷകനും ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ നിവേദനങ്ങള്‍ ആരും കണ്ടില്ല. ചീഫ് ജസ്റ്റിസിനുള്ള പെണ്‍കുട്ടിയുടെ കത്ത് രജിസ്ട്രിയിലും പൂഴ്ത്തിവയ്ക്കപ്പെട്ടു. ജീവല്‍ഭീഷണികാണിച്ച് അഭിഭാഷകന്‍ മജിസ്‌ട്രേറ്റിനുനല്‍കിയ കത്തും ഗൗരവത്തിലെടുത്തില്ല. ഇരകള്‍ക്ക് മുന്നില്‍ ഭരണകൂടത്തിന്റെ മാത്രമല്ല, നീതിദേവതയുടെയും കണ്ണുമൂടപ്പെട്ടുതന്നെയാണ് ഇപ്പോഴും. യുപിക്കകത്തായാലും പുറത്തായാലും സുപ്രീംകോടതിയുടെ പരിപൂര്‍ണ നിരീക്ഷണത്തിലൂടെയാവണം നീതി ലഭിക്കേണ്ടത്.